Connect with us

school reopening

സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചത് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച ശേഷം; ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും : വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം  | വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച ശേഷമാണ് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്.സ്‌കൂള്‍ തുറക്കുന്നത് രോഗം വ്യാപിപ്പിക്കുമെന്ന് ആശങ്ക വേണ്ട. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കും.

സ്‌കൂളുകള്‍ തുറക്കാന്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്നു വിപുലമായ പദ്ധതി തയാറാക്കും. ഇതിനുശേഷം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ഇതുസംബന്ധിച്ച് രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. ക്ലാസുകള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കും.

ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടത്താനാണ് തീരുമാനം. എല്ലാ ക്ലാസുകളിലും മാസ്‌ക് നിര്‍ബന്ധമാക്കും. ബസ് ഉള്‍പ്പടെ അണുവിമുക്തമാക്കും. ബസില്ലാത്ത സ്‌കൂളുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകളും നടക്കും. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദുരീകരിക്കുമെന്നും അധ്യാപക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. ഒന്നുമുതല്‍ ഏഴ് വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളും ആദ്യദിനം മുതല്‍ പ്രവര്‍ത്തിക്കും. നവംബര്‍ 15ന് മറ്റു ക്ലാസുകള്‍കൂടി ആരംഭിക്കാനും തീരുമാനിച്ചു.

നേരത്തെ വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കാതെയാണ് സ്‌കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ആരോഗ്യ വകുപ്പ് മാത്രമായി ആലോചിച്ചാണ് സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും വകുപ്പ് മന്ത്രി പോലും ഇക്കാര്യം അറിഞ്ഞില്ലെന്നുമുള്ള തരത്തിലുള്ള വാര്‍ത്തകളുണ്ടായിരുന്നു

Latest