Uae
യു എ ഇയിൽ ജനുവരി മധ്യത്തോടെ തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ
താപനില അഞ്ച് ഡിഗ്രി സെൽഷ്യസിലും താഴാൻ സാധ്യത
അബൂദബി|യു എ ഇയിൽ ശൈത്യകാലം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ജനുവരി പകുതിയോടെ രാജ്യത്ത് കടുത്ത തണുപ്പ് അനുഭവപ്പെടുമെന്നും ഇമാറാത്തി അസ്‌ട്രോണമി സൊസൈറ്റി അറിയിച്ചു. ഈ മാസത്തെ താപനില പൊതുവെ 11 ഡിഗ്രി സെൽഷ്യസിനും 23 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും ശരാശരി ആറ് മുതൽ എട്ട് ദിവസം വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും സൊസൈറ്റി ചെയർമാൻ ഇബ്്റാഹിം അൽ ജർവാൻ പറഞ്ഞു. ജനുവരി പത്ത് മുതൽ 23 വരെയുള്ള കാലയളവിലാണ് മേഖലയിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്താറുള്ളത്.
അറബ് പാരമ്പര്യത്തിൽ അതിശൈത്യത്തിന്റെ അടയാളമായി കരുതുന്ന ദർ അൽ സ്തീൻ, ബർദ് അൽ ബതീൻ തുടങ്ങിയ പ്രതിഭാസങ്ങൾ ഈ സമയത്താണ് അനുഭവപ്പെടാറുള്ളത്. മരുഭൂമികളിലും 1200 മീറ്ററിലധികം ഉയരമുള്ള മലയോര മേഖലകളിലും പുലർച്ചെ താപനില അഞ്ച് ഡിഗ്രി സെൽഷ്യസിനും താഴെയാകാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ മഞ്ഞ് വീഴ്ചക്കും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ 22 മുതൽ ജനുവരി 31 വരെയുള്ള നാൽപ്പത് ദിവസങ്ങളെയാണ് സാധാരണയായി കടുത്ത തണുപ്പുള്ള കാലമായി കണക്കാക്കുന്നത്.
ഫെബ്രുവരി പകുതിയോടെ താപനിലയിൽ രണ്ട് ഡിഗ്രി സെൽഷ്യസിന്റെ വർധനവുണ്ടാകുമെങ്കിലും തണുത്ത കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. കടുത്ത തണുപ്പിനെ നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു. സൊസൈറ്റിയുടെ അറിയിപ്പ് പ്രകാരം ഈ വർഷം മഴയുടെ അളവ് സാധാരണ നിലയിലായിരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ കാലാവസ്ഥാ വകുപ്പ് പുറത്തുവിടുമെന്ന് ഇബ്്റാഹിം അൽ ജർവാൻ പറഞ്ഞു.



