Connect with us

coal crisis in india

പ്രതിസന്ധി തുടരുന്നു; കൂടുതൽ താപവൈദ്യുത നിലയങ്ങൾ അടച്ചുപൂട്ടി

ഉത്തർപ്രദേശിന് പിന്നാലെ മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും താപവൈദ്യുത നിലയങ്ങൾ അടച്ചു

Published

|

Last Updated

ന്യൂഡൽഹി | കൽക്കരി ക്ഷാമത്തെ തുടർന്നുള്ള വൈദ്യുതി പ്രതിസന്ധി തുടരുന്നു. രാജ്യത്തെ വിവിധയിടങ്ങളിൽ താപവൈദ്യുത നിലയങ്ങൾ അടച്ചുപൂട്ടുന്നത് തുടരുകയാണ്. ഉത്തർപ്രദേശിന് പിന്നാലെ മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും താപവൈദ്യുത നിലയങ്ങൾ അടച്ചു.
മഹാരാഷ്ട്രയിൽ 13ഉം പഞ്ചാബിൽ മൂന്നും താപവൈദ്യുത നിലയങ്ങൾ അടച്ചു. മഹാരാഷ്ട്ര സർക്കാർ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുതി ഉപഭോഗത്തിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ പൊതുജനങ്ങൾക്ക് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ നിർദേശം നൽകി. 13 നിലയങ്ങൾ അടച്ചതിനെ തുടർന്ന് 3,330 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകുമെന്നാണ് മഹാരാഷ്ട്ര അധികൃതർ പറയുന്നത്. ഈ ക്ഷാമം പരിഹരിക്കാൻ ഹൈഡ്രോപവർ ഉൾപ്പെടെയുള്ള മറ്റ് മാർഗങ്ങളിലൂടെ വൈദ്യുതി ഉത്പാദനത്തിന് ശ്രമിക്കുന്നുണ്ടെന്നും മഹാരാഷ്ട്ര അറിയിച്ചു. രാജ്യത്താകെ ക്ഷാമമുണ്ടായതോടെ പുറത്തു നിന്ന് എത്തിക്കുന്നതും പ്രയാസമാകുമെന്ന് മഹാരാഷ്ട്ര വ്യക്തമാക്കി.

ഉന്നതതല ചർച്ച
കൽക്കരി, ഖനന മന്ത്രി പ്രഹ്ലാദ് ജോഷി, ഊർജ മന്ത്രി ആർ കെ സിംഗ് എന്നിവരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള കാര്യങ്ങൾ ഇരുവരുമായും അമിത് ഷാ ചർച്ച ചെയ്തു. ചർച്ചയിൽ കേന്ദ്ര സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ഡൽഹി സർക്കാർ ഇന്നലെയും ആവർത്തിച്ചു. ഡൽഹിയിൽ ഉൾപ്പെടെ രാജ്യത്തെ ഊർജ പ്രതിസന്ധി അതീവ ഗുരുതരമാണെന്നും നിരവധി മുഖ്യമന്ത്രിമാർ ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

Latest