Connect with us

Articles

അത്രമേല്‍ ഉത്കണ്ഠാജനകമാണ് കോടതി വൃത്താന്തങ്ങള്‍

ഹരജികള്‍ തീര്‍പ്പാക്കുന്നതില്‍ സ്വതവേ ഒച്ചുവേഗം മാത്രമുള്ള നമ്മുടെ കോടതികളെ കൊവിഡ് മഹാമാരി കൂടുതല്‍ പ്രതിസന്ധിയിലാക്കി എന്നത് നേരാണ്. അപ്പോഴും ഭരണഘടനാപരമായി അതിപ്രധാനവും പൗരാവകാശ സംബന്ധിയായി നിര്‍ണായകവുമായ നിയമ വ്യവഹാരങ്ങളെ അനന്ത കാലത്തേക്ക് മാറ്റിവെച്ചുകൊണ്ടുള്ള ‘സെലക്ടീവ് ഹിയറിംഗാ'ണ് പരമോന്നത കോടതിയിലടക്കം പലപ്പോഴും നടക്കുന്നത് എന്ന കാര്യം അത്ര നിസ്സാരമല്ല

Published

|

Last Updated

നിയമവാഴ്ചയുള്ള നമ്മുടെ രാജ്യത്ത് ഭരണഘടനയാണ് പരമോന്നത നിയമം. ഭരണഘടനയാണ് ഭരിക്കുന്നത് എന്നാണ് നിയമ വാഴ്ചയുടെ താത്പര്യം. അപ്പോള്‍ ഭരണഘടനയുമായി ഒത്തുപോകാത്ത നിയമം അസാധുവാണ്. നീതിന്യായ പുനഃപരിശോധനയിലൂടെയാണ് സുപ്രീം കോടതിയും ഹൈക്കോടതികളും നിര്‍ണിത നിയമത്തിന്റെ ഭരണഘടനാപരത പരിശോധിക്കുന്നത്. ഭരണഘടനയുടെ സംരക്ഷകന്‍ എന്ന നിലയില്‍ സുപ്രീം കോടതിയുടെ ദൗത്യം തന്നെ നീതിന്യായ പുനഃപരിശോധനയാണ്. അതുവഴി നീതിയുടെ വെളിച്ചം കണ്ടെത്താനാണ് പൊതുതാത്പര്യ ഹരജികളുമായി പൗരന്മാര്‍ കോടതി കയറുന്നത്. നീതിന്യായ പുനഃപരിശോധനയിലൂടെ സുപ്രീം കോടതി തിരുത്തല്‍ ശക്തിയായി മാറി ജുഡീഷ്യല്‍ ആക്ടിവിസം വലിയ അളവില്‍ സാധ്യമായ ചരിത്രമുണ്ട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക്. എന്നാല്‍ പരമോന്നത നീതിപീഠം തന്നെ കര്‍ത്തവ്യം മറന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലസന്ധിയില്‍ ജീവത്പ്രധാനമായ നിയമ വ്യവഹാരങ്ങളില്‍ പൗരസമൂഹം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്നുണ്ടെന്നത് കാണാതെ തരമില്ല.
ഹരജികള്‍ തീര്‍പ്പാക്കുന്നതില്‍ സ്വതവേ ഒച്ചുവേഗം മാത്രമുള്ള നമ്മുടെ കോടതികളെ കൊവിഡ് മഹാമാരി കൂടുതല്‍ പ്രതിസന്ധിയിലാക്കി എന്നത് നേരാണ്. അപ്പോഴും ഭരണഘടനാപരമായി അതിപ്രധാനവും പൗരാവകാശ സംബന്ധിയായി നിര്‍ണായകവുമായ നിയമ വ്യവഹാരങ്ങളെ അനന്ത കാലത്തേക്ക് മാറ്റിവെച്ചുകൊണ്ടുള്ള “സെലക്ടീവ് ഹിയറിംഗാ’ണ് പരമോന്നത കോടതിയിലടക്കം പലപ്പോഴും നടക്കുന്നത് എന്ന കാര്യം അത്ര നിസ്സാരമല്ല. സമീപകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നിയമ വ്യവഹാരങ്ങളിലെ കോടതി സമീപനം പരിശോധിച്ചാല്‍ നമ്മുടെ നിയമ വ്യവസ്ഥയെ സംബന്ധിച്ച് ശുഭവാര്‍ത്തകളല്ല ലഭിക്കുന്നത്.

ആള്‍ക്കൂട്ട ആക്രമണങ്ങളെ തടയാന്‍ എന്ത് ചെയ്തു?

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങളെയും ദളിതുകളെയും ഉന്നംവെച്ചുകൊണ്ടുള്ള ക്രൂരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ കൊല്ലപ്പെട്ടവര്‍ നിരവധിയാണ്. ബി ജെ പി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണകൂടത്തണലിലാണ് ഗോ രക്ഷക് ഗുണ്ടകള്‍ അഴിഞ്ഞാടുന്നത്. മോഷണക്കുറ്റം ആരോപിച്ചും മറ്റും ആള്‍ക്കൂട്ട വിചാരണ നടത്തി അടിച്ചുകൊല്ലുന്ന വാര്‍ത്തകള്‍ക്കും രാജ്യത്ത് പഞ്ഞമില്ല. കാര്യം ഇത്രമേല്‍ ഗുരുതരമായിരിക്കുമ്പോഴും ആള്‍ക്കൂട്ട ആക്രമണങ്ങളെ സവിശേഷമായി അഡ്രസ്സ് ചെയ്യുന്ന നിയമം ഇന്ത്യയില്‍ പ്രാബല്യത്തിലില്ല. ലവ് ജിഹാദിന്റെ പേരിലുള്ള അപസര്‍പ്പക കഥകള്‍ക്ക് വസ്തുതാപരിവേഷം നല്‍കി മതപരിവര്‍ത്തന നിരോധന നിയമങ്ങളുള്ള സംസ്ഥാനങ്ങള്‍ എമ്പാടും ഇവിടെയുണ്ട്. പക്ഷേ നിയമ വാഴ്ചയെ പട്ടാപ്പകല്‍ വെല്ലുവിളിക്കുന്ന ഗുണ്ടായിസത്തെ കൈകാര്യം ചെയ്യാന്‍ നിയമമില്ലാത്തത് കേന്ദ്ര സര്‍ക്കാറിന് താത്പര്യം ഇല്ലാത്തത് കൊണ്ട് മാത്രമല്ല. നീതിപീഠം ഇച്ഛാശക്തി കാണിക്കാത്തതുകൊണ്ട് കൂടെയാണ്. 2018ലെ തെഹ്‌സീന്‍ എസ് പൂനവാല കേസിന്റെ വിധിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് മൂക്കുകയറിടുന്നതിന് പാര്‍ലിമെന്റ് പ്രത്യേക നിയമം പാസ്സാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അത് പാലിക്കപ്പെടാതെ വന്നപ്പോള്‍ പ്രസ്താവിത കേസിന്റെ വിധിയിലെ സുപ്രീം കോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഹരജിയില്‍ 2019 ജൂലൈ 26ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും നോട്ടീസയച്ചതില്‍ പിന്നെ ഇതുവരെ ഹരജി പരിഗണിച്ചിട്ടില്ല.
എന്നാല്‍ അതിന് ശേഷവും ആള്‍ക്കൂട്ടം നിയമം കൈയിലെടുത്ത് ക്രൂരമായ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. കുറ്റകൃത്യത്തെ ഗൗരവതരമായ നിലയില്‍ സമീപിക്കുന്ന സമഗ്രമായ നിയമ നിര്‍മാണത്തിന്റെ അഭാവത്തില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ രാഷ്ട്രീയ ഇന്ധനം തേടുന്ന ഭരണകൂടത്തിന് ഇരകളാക്കപ്പെട്ട പൗരന്മാരോട് എന്ത് കടപ്പാടാണ് ഉണ്ടാകാന്‍ പോകുന്നത്. അതേസമയം ഭരണകൂടം നിയമം ഉണ്ടാക്കാന്‍ വേണ്ടവിധം ആര്‍ജവമുള്ള നിലപാട് സ്വീകരിക്കാത്തതിന്റെ പാപഭാരത്തില്‍ നിന്ന് രാജ്യത്തെ പൗരന്മാരുടെ അഭയകേന്ദ്രമായ പരമോന്നത നീതിപീഠത്തിന് ഒഴിഞ്ഞു മാറാനാകില്ല.

പൗരത്വ ഭേദഗതി നിയമത്തില്‍ മൗനം

രാജ്യത്തെ മുസ്‌ലിംകളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ പാസ്സാക്കി രണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു. നിയമത്തെ പ്രശ്‌നവത്കരിക്കുന്ന നിരവധി പൊതുതാത്പര്യ ഹരജികളില്‍ കേന്ദ്ര സര്‍ക്കാറിന് നോട്ടീസയച്ചതല്ലാതെ മറ്റൊന്നും പരമോന്നത നീതിപീഠത്തിന് ചെയ്യാനായിട്ടില്ല. നീതിപീഠം നിര്‍ണായക ഭാഗദേയം നിര്‍വഹിക്കേണ്ട അനിവാര്യ ഘട്ടത്തിലും ഉദാസീനമായ നിലപാട് കൈക്കൊള്ളുന്നതില്‍ നിയമ മേഖലയില്‍ നിന്ന് നിരന്തര വിമര്‍ശങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഒടുവില്‍ 2021 ജൂണ്‍ 15ന് സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് പൗരത്വ നിയമ ഭേദഗതിയെ പേരിനൊന്ന് അഭിമുഖീകരിച്ചതാണ് ഇവ്വിഷയികമായി അവസാനമായി സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ ഇടപെടല്‍.

കശ്മീര്‍ വിഷയത്തിലും മെല്ലെപ്പോക്ക്

2019 ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ സവിശേഷ ഭരണഘടനാ പദവി റദ്ദ് ചെയ്തുകൊണ്ടുള്ള പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിനെ തുടര്‍ന്ന് നിരവധി ഹരജികളാണ് സുപ്രീം കോടതിയിലെത്തിയത്. അതിവേഗം പരിഗണിക്കപ്പെടണമെന്ന് പരമോന്നത നീതിപീഠം തന്നെ പലവുരു ആവര്‍ത്തിച്ചിട്ടുള്ള ഹേബിയസ് കോര്‍പസ് ഹരജികളും താഴ്്വരയില്‍ നിന്ന് സുപ്രീം കോടതി കയറിയിരുന്നു. പക്ഷേ നീതിപീഠത്തിന്റെ മെല്ലെപ്പോക്ക് ആശ്ചര്യജനകമായിരുന്നു. അടുത്ത കാലത്ത് നമ്മുടെ പരമോന്നത നീതിപീഠം ഏറെ വിമര്‍ശിക്കപ്പെട്ട ഒരു നടപടിയും കശ്മീര്‍ ഹേബിയസ് കോര്‍പസ് ഹരജികളിലെ ജാഗ്രതക്കുറവാണ്. കശ്മീരിന്റെ സവിശേഷ പദവി റദ്ദാക്കിയ തീരുമാനത്തെ ചോദ്യം ചെയ്യുന്ന ഹരജികള്‍ അവസാനമായി സുപ്രീം കോടതി പരിഗണനക്കെടുത്തത് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിനാണ്. ഹരജികള്‍ ഉയര്‍ന്ന ബഞ്ചിന് കൈമാറേണ്ടതില്ലെന്ന നിരീക്ഷണമായിരുന്നു അന്ന് കോടതി നടത്തിയത്. അതിനിടെ 2020 നവംബറില്‍ ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് ഹരജികള്‍ പെട്ടെന്ന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ചിലാണ് ഹരജികളുള്ളത്.

തീര്‍പ്പ് കാത്ത് രാജ്യദ്രോഹ നിയമങ്ങള്‍

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ക്ക് ശേഷവും രാജ്യദ്രോഹക്കുറ്റത്തെ പരാമര്‍ശിക്കുന്ന 124 എ വകുപ്പ് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വേണ്ടതുണ്ടോ എന്ന് പരിശോധിക്കുമെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി നിയമം ദുരുപയോഗം ചെയ്യപ്പെടുന്നെന്നും എക്‌സിക്യൂട്ടീവിന് നിയമം പ്രയോഗിക്കുന്നതില്‍ നിരുത്തരവാദ സമീപനമാണെന്നും ഒരു വര്‍ഷം മുമ്പ് പ്രസ്താവിച്ചിരുന്നു ചീഫ് ജസ്റ്റിസ് എന്‍ വി രമണ. മുമ്പും പല തവണ രാജ്യദ്രോഹക്കുറ്റം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നാവശ്യപ്പെടുന്ന ഏഴ് പുതിയ ഹരജികള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ പരിഗണനയിലുണ്ട്. പക്ഷേ ഹരജികള്‍ ഒടുവില്‍ പരിഗണനക്ക് വന്നത് 2021 ജൂലൈ 15നാണ്. അതിനിടെ ഐ പി സിയിലെ രാജ്യദ്രോഹക്കുറ്റം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് പരിപാടിയില്ലെന്ന് കഴിഞ്ഞ ഡിസംബര്‍ 10ന് പാര്‍ലിമെന്റില്‍ ഉത്തരവാദപ്പെട്ടവര്‍ വ്യക്തമാക്കുകയുണ്ടായി.
യു എ പി എക്ക് 2019ല്‍ കൊണ്ടുവന്ന ഭേദഗതിയിലെ 35,36 വകുപ്പുകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹരജികള്‍ സുപ്രീം കോടതിയിലുണ്ട്. അതും ഇപ്പോള്‍ വിചാരണ കാത്തിരിപ്പാണ്. കൂടാതെ ഈയിടെ ത്രിപുരയില്‍ അരങ്ങേറിയ മുസ്‌ലിം വിരുദ്ധ കലാപത്തെ പ്രതി സാമൂഹിക മാധ്യമത്തില്‍ പ്രതികരിച്ചതിന് യു എ പി എ ചുമത്തപ്പെട്ട രണ്ട് അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകനും നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹരജിയും വഴിയെ ഉണ്ട്. യു എ പി എയുടെ വകുപ്പ് 2(1)(O) നിര്‍വചിക്കുന്ന “നിയമവിരുദ്ധ പ്രവര്‍ത്തന’ത്തെ പ്രശ്‌നവത്കരിക്കുന്നതാണ് പ്രസ്തുത ഹരജി. എന്നാല്‍ അടുത്തൊന്നും തീര്‍പ്പാക്കാന്‍ സാധ്യതയില്ലാത്ത വിധത്തിലുള്ള ഇടപെടല്‍ മാത്രമേ ഇതിലും ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കുന്ന മൂന്നംഗ ബഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുള്ളൂ.

തുടര്‍ നടപടികളില്ലാതെ ആധാര്‍ നിയമം

സ്വകാര്യതക്കുള്ള പരമപ്രധാനമായ പൗരാവകാശത്തിലേക്കുള്ള കടന്നുകയറ്റമാണ് ആധാര്‍ എന്ന വിമര്‍ശം ആധാര്‍ വിവര ശേഖരണത്തോടൊപ്പം തന്നെ ഉയര്‍ന്നു വന്നത് ഇനിയും മറക്കാറായിട്ടില്ല. 2018ല്‍ സുപ്രീം കോടതി ആധാര്‍ നിയമത്തിലെ ചില വകുപ്പുകള്‍ റദ്ദാക്കുകയും ആക്ടിന്റെ ഭരണഘടനാ സാധുത ഒന്നിനെതിരെ നാലിന്റെ ഭൂരിപക്ഷ വിധിയില്‍ ശരിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആധാര്‍ നിയമം മണി ബില്ലായി പാസ്സാക്കിയതിനെ മുന്‍നിര്‍ത്തി, നിയമം ശരിവെച്ച വിധിയുടെ കൃത്യതയില്‍ 2019ല്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ആധാര്‍ നിയമം മണി ബില്ലായി പാസ്സാക്കിയതിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ ഏഴംഗ ബഞ്ച് രൂപവത്കരിക്കണമെന്ന് പ്രസ്തുത വിധിയില്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ യാതൊരുവിധ നടപടികളുമുണ്ടായിട്ടില്ല.
പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തെപ്പോലും അപകടപ്പെടുത്തുന്ന നിരന്തര ഭരണകൂട നടപടികള്‍ രാജ്യത്ത് ദൃശ്യമാണ്. ഭരണകൂടം മൗലികാവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ അത് പുനഃസ്ഥാപിക്കേണ്ട ഉത്തരവാദിത്വം നിര്‍വഹിക്കേണ്ട പരമോന്നത നീതിപീഠം നീതിനിഷേധത്തിന് കാഴ്ചക്കാരാകുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നത് ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ ആശങ്കപ്പെടുത്തുന്നത് തന്നെയാണ്. വൈകിയ നീതി തന്നെയും അനീതിയാണെങ്കില്‍ നീതിയുടെ ചക്രവാളത്തില്‍ അനന്തകാലം ഒരു വെളിച്ചവും കാണാതെ പോകുന്നത് എത്രമേല്‍ ഉത്കണ്ഠാജനകമാണ്. നീതിപീഠത്തിന്റെ ജാഗ്രതയിലാണ് ഭരണഘടനയും പൗരാവകാശങ്ങളും നിലനില്‍ക്കുന്നത് എന്ന കാര്യം അറിയാത്തവര്‍ ആരാണുള്ളത്.