Connect with us

mamukkoya

വെള്ളിത്തിരയില്‍ അസ്തമിച്ചത് കല്ലായിക്കരയിലെ സംസാര ഭാഷ

തിരക്കഥയില്‍ എഴുതി വച്ചതിനപ്പുറം കുറ്റിച്ചിറ, കുണ്ടുങ്ങല്‍, തെക്കേപ്പുറം ഭാഷയുടെ സഞ്ചിത ശേഖരത്തില്‍ നിന്ന് അദ്ദേഹം യഥേഷ്ടം എടുത്തു പ്രയോഗിച്ചു.

Published

|

Last Updated

കോഴിക്കോട് |    ‘അസ്സലാം അലൈക്കും…വ്വ അലൈക്കും ഉസ്സലാം..മതി’ ഗഫൂര്‍ക്കാ ദോസ്തായി വെള്ളിത്തിരയില്‍ ചിരിച്ചു നിന്ന മാമുക്കോയ കോഴിക്കോടന്‍ ഭാഷയുടെ തനിമകൊണ്ടുള്ള അസാമാന്യമായ പ്രകടനമാണു കാഴ്ച വച്ചത്.

തിരക്കഥയില്‍ എഴുതി വച്ചതിനപ്പുറം കുറ്റിച്ചിറ, കുണ്ടുങ്ങല്‍, തെക്കേപ്പുറം ഭാഷയുടെ സഞ്ചിത ശേഖരത്തില്‍ നിന്ന് അദ്ദേഹം യഥേഷ്ടം എടുത്തു പ്രയോഗിച്ചു. ട്രോളര്‍മാര്‍ക്ക് എക്കാലത്തും ഉപയോഗിക്കാന്‍ കഴിയുന്ന അനശ്വരമായ തഗ്ഗുകള്‍ നിര്‍മിച്ചത് ഭാഷയുടെ ഈ തനിമകൊണ്ടായിരുന്നു. മന്ത്ര മോതിരത്തിലെ ചായക്കടക്കാരന്‍ അബ്ദു, നാടകത്തില്‍ മഹര്‍ഷിയായി വേഷമിട്ടതുമുതല്‍ അണമുറിയാതെ അദ്ദേഹം കോഴിക്കോടന്‍ മുസ്്‌ലിം സംഭാഷണ ശകലങ്ങളെ കോര്‍ത്തുവയ്ക്കുന്നു.

സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകളില്‍ മാമുക്കോയ അനിവാര്യ ഘടകമായിരുന്നു. നാടോടിക്കാറ്റിലെ ഗഫൂര്‍ക്കയില്‍ നിന്നു സന്ദേശത്തിലെ കെ ജി പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍, വെട്ടത്തിലെ ഹംസക്കോയ, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, റാംജിറാവ് സ്പീക്കിംഗിലെ ഹംസക്കോയ വരെ മലയാളിയെ കുടുകുടെ ചിരിപ്പിച്ച അനേകം വേഷങ്ങളുടെ പരമ്പര.
വരവേല്‍പ്പിലെ ഹംസ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, കണ്‍കെട്ടിലെ കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന്‍ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്തന്‍ മേസ്തിരി, നരേന്ദ്രന്‍ മകന്‍ ജയകാന്തനിലെ സമ്പീശന്‍, കളിക്കളത്തിലെ പോലീസുകാരന്‍, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി….അങ്ങനെ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത ജീവസ്സുറ്റ അനേകം കഥാ പാത്രങ്ങള്‍.

തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. ഗൗരവമുള്ള വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് എത്രയോ സിനിമകളില്‍ അദ്ദേഹം തെളിയിച്ചു. പെരുമഴക്കാലത്തിലെ അബ്ദു മാത്രം മതിയായിരുന്ന ആ അതുല്യ നടനെകാണിച്ചു തരാന്‍.

ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് നെഞ്ചുവേദന വന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തെ നേരത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. തിരശ്ശീലയില്‍ തിളങ്ങിനിന്ന സമയത്ത് തൊണ്ടയില്‍ ക്യാന്‍സര്‍ പിടികൂടി. റേഡിയേഷനും കീമോയും ഒന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല.

ആസ്വാദകനെ ചിരിപ്പിക്കാനുള്ള സ്വതസിദ്ധമായ കഴിവ് അദ്ദേഹം ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും കാത്തു സൂക്ഷിച്ചു. കോഴിക്കോടിന്റെ ഭാഷാ ചാരുത തന്നെയായിരുന്നു അദ്ദേഹത്തിന്റെ അഭിനയത്തിന്റെ മാറ്റുകൂട്ടിയത്. കല്ലായിപ്പുഴയുടെ ഓരങ്ങളുടെ തനതു സംസാര ശൈലിയെ അദ്ദേഹം വെള്ളിത്തിരയില്‍ അസാമാന്യമായ സൗന്ദര്യത്തോടെ ചേര്‍ത്തു നിര്‍ത്തി.

 

Latest