Connect with us

pinarayi

മകളെ മുന്‍നിര്‍ത്തി ഉയര്‍ത്തുന്ന ആരോപണങ്ങളൊന്നും തനിക്ക് ഏശില്ലെന്നു മുഖ്യമന്ത്രി

തനിക്കും കുടുംബത്തിനുമെതിരെ വളരെ കാലമായി പലതരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തുന്നു. ഒന്നിനും ഫലമുണ്ടായില്ല

Published

|

Last Updated

തിരുവനന്തപുരം | മകളെ മുന്‍നിര്‍ത്തി ഉയര്‍ത്തുന്ന ആരോപണങ്ങളൊന്നും തനിക്ക് ഏശില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ കൈകള്‍ ശുദ്ധമായതിനാല്‍ അക്കാര്യത്തിലൊന്നും തളരില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കും കുടുംബത്തിനുമെതിരെ വളരെ കാലമായി പലതരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തുന്നു. ഒന്നിനും ഫലമുണ്ടായില്ല. ഭാര്യക്കെതിരായിട്ടായിരുന്നു നേരത്തെ ആരോപണം. ഇപ്പോള്‍ മകളെ മുന്‍നിര്‍ത്തിയാണ് ആരോപണം. മകള്‍ ബംഗളുരുവില്‍ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങള്‍ ആരോപണം ഉയര്‍ത്തു, ജനം സ്വീകരിക്കുമോ എന്ന് കാണാമെന്നും പറഞ്ഞു. ഒരാരോപണവും തന്നെ ഏശില്ലെന്നും വ്യക്തമാക്കി.

കൊട്ടാരം പോലുള്ള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോള്‍ കേള്‍ക്കുന്നില്ല. മുന്‍പ് ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങള്‍. ഇപ്പോള്‍ മകള്‍ക്കെതിരെ ആയി. ബിരിയാണി ചെമ്പിനൊക്കെ മുന്‍പ് പറഞ്ഞതടക്കം ഒന്നും തന്നെ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ച ഉപസംഹരിച്ചുകൊണ്ടാണു മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചാണു് സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയുടെ അവസാന ഭാഗത്ത് മുഖ്യമന്ത്രി സംസാരിച്ചത്. ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പോലും ലംഘിച്ചാണ് കേരളത്തിനുള്ള വിഹിതം വെട്ടിക്കുറക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഒന്നിച്ചു പ്രതിഷേധിക്കണം എന്ന ആവശ്യത്തോട് പ്രതിപക്ഷം വിമുഖത കാട്ടി. ഫെഡറലിസം സംരക്ഷിക്കാന്‍ ഉള്ള പോരാട്ടത്തില്‍ നിന്നു പ്രതിപക്ഷം ഒളിച്ചോടി.

ഭരണാധികാരികള്‍ മത ചടങ്ങില്‍ നേതൃത്വം വഹിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. അടിയന്തിരാവസ്ഥക്കു പിന്നാലെ അന്നത്തെ ഭരണകൂടത്തെ ജനം പരാജയപ്പെടുത്തി. ഇന്ന് നടക്കുന്നത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്. നിയമസഭ പാസാക്കിയ ബില്ലുകള്‍ നിയമമാകാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.

സംഘപരിവാര്‍ വക്താക്കളെ സര്‍വ്വകലാശാലകളിലേക്കു കൊണ്ടുവരാന്‍ ചാന്‍സലര്‍ സ്ഥാനത്തിരിക്കുന്ന ബഹുമാന്യന്‍ ശ്രമിച്ചു. ഉന്നത വിദ്യാഭ്യാസ രംഗം കുഴപ്പത്തിലാണെന്ന് ചാന്‍സലറും കോണ്‍ഗ്രസും ബിജെപിയും പറയുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള തിടുക്കത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷം മുന്നിലുണ്ടാകും.

കേരളത്തെ സാമ്പത്തിക ഉപരോധത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. കേരളം വിഷമ സന്ധിയില്‍ നില്‍കുമ്പോള്‍ ധൂര്‍ത്തെന്ന് ആരോപിക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ സംസ്ഥാനത്ത് തനത് നികുതി വരുമാനത്തില്‍ വളര്‍ച്ച ഉണ്ടായി. കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസ എന്ന് ദോഷൈക ദൃക്കുകള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍ മിത വ്യയം കാണിക്കുന്നു. ഡല്‍ഹി സമരത്തില്‍ നിന്നുള്ള പിന്മാറ്റത്തില്‍ യു ഡി എഫ് പുനരാലോചന നടത്തണം. കേന്ദ്രത്തിനെതിരെ സംസാരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് മുട്ടു വിറക്കില്ല. ഡല്‍ഹിയിലെത് സമ്മേളനം അല്ല സമരം തന്നെയാണ്. അഭിസംബോധന ചെയ്യാന്‍ ദേശീയ നേതാക്കളെ ക്ഷണിച്ചതിനെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു.

തീവ്ര വര്‍ഗീയതയെ മൃദു വര്‍ഗീയത കൊണ്ട് നേരിടാനാകില്ലെന്നും കോണ്‍ഗ്രസ് തിരിച്ചറിയണം. പ്രധാന മന്ത്രിയെ താന്‍ വണങ്ങിയതിനെ കെ സുധാകരന്‍ തെറ്റായി വ്യാഖ്യാനിച്ചു. പ്രധാനമന്ത്രിയെ കാണുമ്പോള്‍ താന്‍ മിണ്ടാതിരിക്കണോ? സ്റ്റാഫില്‍ ഇന്നയാളെ വേണമെന്ന് രാജ്ഭവന്‍ ആവശ്യപ്പെട്ടപ്പോഴാണ് ബി ജെ പി ക്കാരനെ നിയമിച്ചത്. നിയമിക്കുവാന്‍ പറ്റില്ലെന്ന് സര്‍ക്കാരിനു പറയാന്‍ കഴിയുമോ? പ്രതിപക്ഷ നേതാവ് ഒരാളെ നിയമിക്കാന്‍ പറഞ്ഞാല്‍ പറ്റില്ല എന്ന് പറയാന്‍ കഴിയുമോ? യു ഡി എഫിന്റെ ഭാഗമായി നില്‍ക്കുന്ന ചില കടലാസ് സംഘടനകള്‍ ചാന്‍സിലറെ ഉപദേശിക്കുന്നുവെന്നത് നാട്ടില്‍ പാട്ടാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

 

---- facebook comment plugin here -----

Latest