pinarayi vijayan- sheikh muhammed
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് മുഖ്യമന്ത്രിക്ക് എക്സ്പോയുടെ കാര്യങ്ങൾ വിവരിച്ചു.

ദുബൈ | യു എ ഇ യിൽ ഒരാഴ്ചത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമും കൂടിക്കാഴ്ച നടത്തി. ദുബൈ എക്‌സ്‌പോ 2020 വേദിയിൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
കേരളത്തിന്റെ വികസനത്തില്‍ യു.എ.ഇ നല്‍കി വരുന്ന പിന്തുണയ്ക്ക് അദ്ദേഹത്തോട് മുഖ്യമന്ത്രി നന്ദി അറിയിച്ചു. മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷം ഒരുങ്ങുന്ന കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ മുന്‍കൈയ്യെടുക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
യു എ ഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബൈ ഉപ ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മന്ത്രിയും എക്സ്പോ ഡയറക്ടര്‍ ജനറലുമായ റീം ബിൻത് ഇബ്രാഹിം അൽ ഹാഷെമി, എമിറേറ്റ്സ് എയർലൈൻസ് ഗ്രൂപ്പ് ചെയർമാനും ദുബൈ സിവിൽ ഏവിയേഷൻ ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം തുടങ്ങിയിയവരും ചടങ്ങിൽ സംബന്ധിച്ചു.
വ്യവസായ മന്ത്രി പി രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കോൺസൽ ജനറൽ അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലി എന്നിവരും സന്നിഹിതരായിരുന്നു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് മുഖ്യമന്ത്രിക്ക് എക്സ്പോയുടെ കാര്യങ്ങൾ വിവരിച്ചു. മുഖ്യമന്ത്രി അദ്ദേഹത്തിന് ഉപഹാരം സമാനിച്ചു.