Connect with us

National

യുപിഎ ഭരണത്തെ വിമര്‍ശിച്ച് കേന്ദ്രത്തിന്റെ ധവളപത്രം

യുപിഎ സര്‍ക്കാരിന്റെ കാലത്ത് മോശം സമ്പദ് വ്യവസ്ഥയുള്ള അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ലോകത്തെ മികച്ച അഞ്ച് സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയിലാണെന്നും കേന്ദ്രം അവകാശപ്പെടുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | യുപിഎ ഭരണവും എന്‍ഡിഎ ഭരണവും താരതമ്യം ചെയ്തുള്ള ധവളപത്രം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് 59 പേജുള്ള ധവള പത്രം ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ധവള പത്രത്തിലൂടെ യുപിഎ സര്‍ക്കാരിന്റെ അഴിമതി ആരോപണങ്ങള്‍ അക്കമിട്ട് നിരത്തുകയാണ്.

2004 ല്‍ 3.9 ശതമാനം ഉണ്ടായിരുന്ന പണപ്പെരുപ്പം 2010 ല്‍ 12.3 ശതമാനമായെന്നും 2014ല്‍ സ്ഥാനമൊഴിയുമ്പോള്‍ ഇത് 9.4 ശതമാനമായും മാറിയ കണക്കുകള്‍ നിരത്തി യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞെന്നും സാമ്പത്തിക മേഖലയിലെ പിടിപ്പുകേട് പണപ്പെരുപ്പം വര്‍ധിക്കുന്നതിനും ഇടയാക്കിയന്നെും ധവളപത്രത്തില്‍ പറയുന്നു.

ബാങ്കിങ് മേഖലയിലെ കിട്ടാക്കടങ്ങളുടെ അളവിലും വലിയ വര്‍ധവയുണ്ടായെന്നും യുപിഎ കാലത്ത് സാമ്പത്തികരംഗത്ത് വലിയ തകര്‍ച്ച അനുഭവപ്പെട്ടെന്നും പണത്തിന്റെ മൂല്യം കുത്തനെ കുറഞ്ഞെന്നും കേന്ദ്രം ധവളപത്രത്തില്‍ ഉന്നയിക്കുന്നു. അതേസമയം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മോശം സമ്പദ് വ്യവസ്ഥയുള്ള അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ലോകത്തെ മികച്ച അഞ്ച് സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയിലാണെന്നും കേന്ദ്രം അവകാശപ്പെടുന്നു.

യുപിഎ കാലത്ത് 2ജി അഴിമതി നടന്നെന്നും നിലവിലെ സര്‍ക്കാരിന്റെ കാലത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചെന്നും ധവളപത്രത്തില്‍ പറയുന്നുണ്ട്. 2014-ലെ കല്‍ക്കരി കുംഭകോണം രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചെന്ന് ധവളപത്രത്തില്‍ പറയുന്നു. 2012 ജൂലൈയ്യില്‍ വൈദ്യുതി തടസപ്പെട്ടതിനെക്കുറിച്ചും പരാമര്‍ശമുണ്ട്. ഇതേത്തുടര്‍ന്ന് 62 കോടി ജനങ്ങള്‍ ഇരുട്ടിലാവുകയും ദേശീയസുരക്ഷ അപകടത്തിലാവുകയും ചെയ്തു.

ഡിജിറ്റല്‍ ശാക്തീകരണത്തിന്റെ ചിഹ്നമായ ആധാറും യുപിഎ കാലത്ത് വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യപ്പെട്ടില്ല. പ്രതിരോധ മേഖലയിലെ അഴിമതിയും വിവാദങ്ങളും തീരുമാനം കൈക്കൊള്ളുന്നതില്‍ കാലതാമസം വരുത്തുന്നതിലേക്ക് നയിച്ചു. യുപിഎ കാലത്ത് വികസന പദ്ധതികള്‍ മോശം രീതിയിലാണ് നടപ്പാക്കിയിരുന്നതെന്നും ധവളപത്രത്തില്‍ കുറ്റപ്പെടുത്തുന്നു.