Connect with us

National

നടന്‍ സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിയുതിര്‍ത്ത കേസ്; പ്രതിയുടെ മരണം കൊലപാതകമെന്ന് കുടുംബം

കഴിഞ്ഞ ദിവസമാണ് അനൂജ് തപന്‍ കസ്റ്റഡിയിലിരിക്കെ ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നത്.

Published

|

Last Updated

മുംബൈ| ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിയുതിര്‍ത്ത കേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ആരോപണവുമായി കുടുംബം. പ്രതി അനൂജ് തപന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. ഒരാഴ്ച മുമ്പാണ് അനൂജിനെ വെടിവെപ്പ് കേസില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് അനൂജ് തപന്‍ കസ്റ്റഡിയിലിരിക്കെ ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം രാവിലെ അനൂജും മറ്റ് പ്രതികളും ലോക്കപ്പിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ രാവിലെ 11 മണിയോടെ അനൂജ് ശുചിമുറിയില്‍ പോയെന്നും ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാതായപ്പോള്‍ പോലീസ് ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസ് പ്രതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കേസില്‍ അനൂജ് തപനെക്കൂടാതെ, സോനു സുഭാഷ്, വിക്കി ഗുപ്ത, സാഗര്‍ പാല്‍ എന്നിവരും പോലീസ് കസ്റ്റഡിയിലാണ്.

അതേസമയം അനൂജ് തപനെ ജയിലില്‍ വെച്ച് പോലീസ് കൊലപ്പെടുത്തിയതാണെന്ന് സഹോദരന്‍ അഭിഷേക് എ.എന്‍.ഐയോട് പറഞ്ഞു. അനൂജിന്റെ അഭിഭാഷകന്‍ അമിത് മിശ്രയും പോലീസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് നാല് പ്രതികളും നേരത്തെ കോടതിയെ അറിയിച്ചിരുന്നെന്ന് അമിത് പറഞ്ഞു. 48 മണിക്കൂറിനുള്ളില്‍ പ്രതികളിലൊരാള്‍ മരിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം വേണമെന്നും അമിത് മിശ്ര എന്‍ഡിടിവിയോട് പറഞ്ഞു. അനൂജിന്റെ മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

 

 

 

 

---- facebook comment plugin here -----

Latest