ആത്മായനം
പിടച്ചലിന്റെ കടച്ചിൽ
അല്ലാഹു ആദരിച്ച ഒരു ജീവിയെയും അന്യായമായി വധിക്കരുതെന്നും ജീവികളെ അംഗഭംഗം വരുത്തരുതെന്നും അത്തരം പ്രവൃത്തികൾ പരലോകത്ത് നമ്മെ അംഗഭംഗം വരുത്താൻ കാരണമാകുമെന്നും റസൂൽ(സ) പഠിപ്പിച്ചിട്ടുണ്ട്. മിണ്ടാപ്രാണികളല്ലേ, ചത്താൽ നമുക്കെന്ത് ഛേദം ? എന്ന ആലോചനകളൊക്കെ നമ്മുടെ നാശത്തിന്റെ വിത്താണ്.
നമ്മളിൽ പലരും നിരത്തുകളിൽ വാഹനം ഓടിക്കുന്നത് എത്ര വേഗത്തിലാണ്? ലക്ഷ്യസ്ഥാനത്ത് പെട്ടെന്നെത്താനുള്ള ധൃതിയാണ്. ശരി തന്നെ, ആ കുതിപ്പുകൾക്കിടയിൽ നാം വരുത്തിവെക്കുന്ന അപകടങ്ങളെത്രയാണ് കൂട്ടരേ. കഴിഞ്ഞയാഴ്ച ഒരു യാത്രക്കിടെ കണ്ട കാഴ്ചയുടെ വേദന മാറിയിട്ടില്ല. മരണത്തോട് മല്ലിടുന്ന ഒരു കുഞ്ഞു പൂച്ച, ചോരയൊലിക്കുന്ന കഴുത്തുമായി റോഡിൽ പിടയുന്നു. ആ ദൃശ്യത്തിന്റെ കടച്ചിലും സ്തംഭനവും അകത്ത് ഇപ്പോഴുമുണ്ട്. അശ്രദ്ധമായി ചീറിപ്പാഞ്ഞ ഒരു ബൈക്ക് യാത്രികൻ ചെയ്തു വെച്ച പണിയാണത്. ഇങ്ങനെയെത്രയെത്ര കാഴ്ചകൾ നാമോരോരുത്തരും കാണുന്നു. എത്രയെത്ര ജീവികളാണിങ്ങനെ നിരത്തുകളിൽ ചോര വാർന്ന് മരണമടയുന്നത്.
കുടുംബത്തിന്റെ പശി മാറ്റാൻ വകയന്വേഷിച്ച് വന്നവരാണവരും. നമ്മുടെ ഒരു നേരത്തെ അശ്രദ്ധ അവർക്കേറ്റവും വേണ്ടപ്പെട്ടവരെ നിഷ്കരുണം ഇല്ലാതാക്കുന്നു.
അല്ലാഹു ആദരിച്ച ഒരു ജീവിയെയും അന്യായമായി വധിക്കരുതെന്നും ജീവികളെ അംഗഭംഗം വരുത്തരുതെന്നും അത്തരം പ്രവൃത്തികൾ പരലോകത്ത് നമ്മെ അംഗഭംഗം വരുത്താൻ കാരണമാകുമെന്നും റസൂൽ(സ) പഠിപ്പിച്ചിട്ടുണ്ട്. മിണ്ടാപ്രാണികളല്ലേ, ചത്താൽ നമുക്കെന്ത് ഛേദം ? എന്ന ആലോചനകളൊക്കെ നമ്മുടെ നാശത്തിന്റെ വിത്താണ്.
“നാൽക്കാലികളും ഇരുചിറകു വിടർത്തി പറക്കുന്ന പറവകളും നിങ്ങളെപ്പോലൊരു സമൂഹമാണേ’ (വി. ഖുർആൻ 6/38) എന്ന ഓർമപ്പെടുത്തലിൽ സാമൂഹിക ജീവിതത്തിൽ നമ്മൾ പരസ്പരം പങ്കിടുന്നതിന്റെ ഒരു വിഹിതത്തിൽ ആ ജീവികളെയും പരിഗണിക്കേണമേ എന്ന ഉച്ചത്തിലുള്ള ധ്വനിയുണ്ട്. അവരുടെ സുരക്ഷയും പ്രധാനമാണെന്ന മുഴക്കമുണ്ട്. മനുഷ്യരടങ്ങുന്ന ജൈവ സന്തുലിതാവസ്ഥയെ നിലനിർത്തേണ്ടതിന് ഈ കടമ നിർവഹിച്ചേ പറ്റൂ.
സഹൃദയരേ, നമുക്ക് ചുറ്റുമുള്ളത് അലക്ഷ്യമായ സൃഷ്ടികളല്ല. എല്ലാം മനുഷ്യന്റെ ജീവിതത്തിന് പ്രത്യക്ഷമായി/ പരോക്ഷമായി ഉപകരിക്കുന്നവയാണ്. വി. ഖുർആനിലെ 55/10, 2/29 തുടങ്ങിയ സൂക്തങ്ങൾ അതിനെ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്.
ചുറ്റുപാടുകളിലേക്കും ജൈവ വൈവിധ്യങ്ങളിലേക്കും ഇടക്കിടെ ക്ഷണിക്കുന്ന ഖുർആൻ മനുഷ്യരെന്ന നിലയിൽ നാമോരോരുത്തരെയും ഏൽപ്പിച്ച പണിയെ ഓർമിപ്പിക്കുക കൂടിയാണ് ഈ സന്ദേശങ്ങളിലൂടെ ചെയ്യുന്നത്.
“അന്തരീക്ഷത്തിൽ പറക്കുന്ന പക്ഷികൾക്ക് നേരെ ദൃഷ്ടിയയക്കുന്നില്ലേ അവർ? അല്ലാഹു അല്ലാതെ ആരുമവരെ താങ്ങി നിർത്തുന്നില്ല. വിശ്വാസി വൃന്ദത്തിന് അതിൽ ദൃഷ്‌ടാന്തങ്ങളേറെയുണ്ട്.’ എന്ന സൂക്തം മനുഷ്യന്റെ സാമൂഹിക പ്രവർത്തനങ്ങളെയും ജീവിതക്രമങ്ങളെയും പോലെ തന്നെ ഇതര ജീവിവർഗങ്ങളെയും പരിഗണിക്കണമെന്ന ദൈവികാഹ്വാനമാണ്. അതേ പോലെ ഇസ്ലാമിന്റെ ജന്തുലോകത്തോടുള്ള വീക്ഷണത്തിന്റെ ഗൗരവവും മഹത്വവും ബോധ്യപ്പെടുത്തുന്നുണ്ട്. കൂടാതെ മനുഷ്യർ പരസ്പരം പാലിച്ചുപോരുന്ന സാമൂഹിക സുരക്ഷയെയും സാമൂഹിക വികാരങ്ങളെയും ഒരു അളവോളം ഇതര ജീവിവർഗങ്ങളിലേക്കും പകരണമെന്ന സന്ദേശവുമാണ് പങ്കിടുന്നത്.
മിണ്ടാപ്രാണികളുടെ കാര്യത്തിൽ വിചാരണ നേരിടേണ്ടി വരുമെന്ന ശക്തമായ താക്കീത് പ്രവാചക വചനങ്ങളിൽ വ്യക്തമായുണ്ട്. നമ്മുടെ ഉത്തരവാദിത്വത്തിലും ശ്രദ്ധയിലുമുള്ള ജീവികളുടെ ഭക്ഷണം നമ്മുടെ ബാധ്യതയായി നിശ്ചയിക്കപ്പെട്ടതാണ്. ജീവജാലങ്ങൾക്ക് ആശയ വിനിമയം സാധ്യമല്ലാത്തതിനാൽ അവയുടെ ദാഹവും വിശപ്പും പരിഹരിക്കാനുള്ള ജാഗ്രത നമ്മുടെ ബാധ്യതയാണ് എന്നതാണ് ഇസ്്ലാമിക നിർദേശം (ഔനുൽ മഅബൂദ് 7/158)
ശൈഖ് രിഫാഇയെ (ഖ:സി) കേട്ടില്ലേ? മിണ്ടാപ്രാണികളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു അവിടുന്ന്. കരുണ ചെയ്യാത്തവന് കരുണ ചെയ്യപ്പെടുകയില്ല എന്ന ഹദീസിന്റെ നേർ പകർപ്പായിരുന്നു ആ സാത്വിക ജീവിതം.
ശിഷ്യരുടെ കൂടെയുള്ള യാത്രയിൽ കുഷ്ഠരോഗിയായ നായയെ കാണാനിടയായ സംഭവം പ്രസിദ്ധമാണ്. അതിനെ പുഴയിൽ കൊണ്ടുപോയി കുളിപ്പിച്ച്, പ്രത്യേകമൊരു ടെന്റിനുള്ളിൽ നാൽപ്പത് ദിവസം പരിചരിച്ച്, രോഗം ഭേദമാക്കി എന്നതാണാ ഉജ്ജ്വലമായ ചരിത്രം. ഇതറിഞ്ഞ ഒരു സുഹൃത്ത് ശൈഖവർകളോട് ചോദിച്ചു. “ഈ നായക്ക് വേണ്ടി നിങ്ങളിത്രയും ബുദ്ധിമുട്ടണോ? എന്ന്’ ഈ ജീവിയുടെ കാര്യത്തിൽ അന്ത്യനാളിൽ എന്നോട് ചോദിക്കപ്പെട്ടാൽ ഞാൻ എന്തു മറുപടി പറയും? എന്ന ശൈഖിന്റെ മറുചോദ്യം നമ്മളോരോരുത്തരുടെയും കാതിൽ മുഴങ്ങേണ്ടതാണ്. നമ്മൾ വേദനിപ്പിച്ച, ചതച്ചരച്ച , ജീവനെടുത്ത മിണ്ടാപ്രാണികളെ കുറിച്ച് ചോദിക്കപ്പെട്ടാൽ അന്ത്യനാളിൽ നാവിറങ്ങിപ്പോകില്ലേ?. അതുകൊണ്ട് ഇരുപുറവും നല്ല ശ്രദ്ധ വേണം. നമ്മൾ കാരണം ഒരു ജീവിയും പ്രയാസപ്പെടരുത്; വേദനിക്കരുത്.
മറ്റൊരു വേള ശൈഖ് രിഫാഇ (ഖ:സി) പള്ളിയിലേക്ക് പുറപ്പെടാനൊരുങ്ങവെ തന്റെ ആകെയുള്ളൊരു ഖമീസിന്റെ കൈയിൽ പൂച്ച സുഖനിദ്രയിലാണ്. പൂച്ചയുടെ ഉറക്കം ശല്യപ്പെടുത്താതെ ഖമീസിന്റെ കൈ മുറിച്ചുമാറ്റി ബാക്കിവസ്ത്രവും ധരിച്ച് മഹാൻ പള്ളിയിലേക്ക് പോയി. മടങ്ങിവന്നപ്പോൾ പൂച്ച ഉറക്കമുണർന്നു എഴുന്നേറ്റ് പോയിരുന്നു. പിന്നീട് മുറിച്ചുമാറ്റിയ കൈ ഖമീസിൽ തുന്നിച്ചേർത്തു. ഒരു ചെറിയ ജീവിയുടെ ഉറക്കത്തെ പോലും പ്രയാസപ്പെടുത്താതെ തരളിതമായി ജീവിച്ച ആ മഹത്തുക്കളാണ് നമ്മുടെ വഴി വിളക്കുകൾ. ആ വെളിച്ചത്തിൽ നമുക്കും നടക്കാം.


