Connect with us

National

തമിഴ്‌നാട് ഗവര്‍ണര്‍ തിരിച്ചയച്ച പത്ത് ബില്ലുകളും നിയമസഭ പാസാക്കി

നിയമസഭ ഇന്ന് ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലാണ് 10 ബില്ലുകളും അംഗീകരിച്ചത്.

Published

|

Last Updated

ചെന്നൈ| തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി തിരിച്ചയച്ച 10 ബില്ലുകളും സംസ്ഥാന നിയമസഭ പാസാക്കി. നിയമസഭ ഇന്ന് ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലാണ് 10 ബില്ലുകളും അംഗീകരിച്ചത്. തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ അനുമതിക്കായി സര്‍ക്കാര്‍ അയച്ച ബില്ലുകള്‍ തിരിച്ചയച്ചതിന് പിന്നാലെയാണ് നിയമസഭ ചേര്‍ന്നത്. സഭാനടപടികള്‍ ആരംഭിച്ചതിന് പിന്നാലെ എഐഎഡിഎംകെയും ബിജെപി എംഎല്‍എമാരും പ്രധിഷേധിച്ച് ഇറങ്ങിപോയി.

നിയമം, കൃഷി, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ബില്ലുകളാണ് പ്രത്യേക സിറ്റിംഗില്‍ സഭ പാസാക്കിയത്. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കേണ്ടത് ഗവര്‍ണറുടെ കടമയാണെന്നും എംകെ സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കില്‍ അത് സര്‍ക്കാരിനെ അറിയിക്കാമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

അതത് സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ കാലതാമസം കൂടാതെ ഒപ്പിടണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. വിഷയം സുപ്രീംകോടതിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഗവര്‍ണര്‍മാര്‍ നടപടിയെടുക്കണം. കാര്യങ്ങള്‍ സുപ്രീംകോടതിയില്‍ എത്തുമ്പോള്‍ മാത്രം ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും സുപ്രീംകോടതി ബെഞ്ച് പറഞ്ഞിരുന്നു.