Connect with us

Kerala

'സിസ്റ്റം' ശരിയായില്ല; തിരിച്ചടി ഏറ്റുവാങ്ങി വീണ

ആറന്മുളയിലെ ഇടതു വോട്ടുകള്‍ ചോര്‍ന്നു.

Published

|

Last Updated

പത്തനംതിട്ട | ആറന്മുളയില്‍ മൂന്നാം ഊഴം തേടിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് അടിതെറ്റി. കോണ്‍ഗ്രസ്സിന്റെ യുവനേതാവ് അബിന്‍ വര്‍ക്കിക്കു മുമ്പില്‍ 18,985 വോട്ടിനാണ് വീണാ ജോര്‍ജ് അടിയറവു പറഞ്ഞത്. അതേസമയം, മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ മത്സരിച്ചിട്ടും മണ്ഡലത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞതുമില്ല.

എല്‍ ഡി എഫിന്റെ സ്വാധീന മേഖലകളില്‍ പോലും വീണാ ജോര്‍ജിന്റെ വോട്ടുകളില്‍ വന്‍ ഇടിവുണ്ടായെന്നത് ശ്രദ്ധേയമാണ്. ആദ്യറൗണ്ട് വോട്ടെണ്ണല്‍ നടന്ന ഇരവിപേരൂര്‍ പഞ്ചായത്തില്‍ വീണ നേടിയ വോട്ടില്‍ കാര്യമായ കുറവുണ്ടായി. പല ബൂത്തുകളിലും വീണാ ജോര്‍ജ് മൂന്നാമതുമായി.

മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും രാഷ്ട്രീയത്തിലിറങ്ങി കുറഞ്ഞ കാലം കൊണ്ട് മന്ത്രിയും സി പി എം സംസ്ഥാന സമിതിയില്‍ ക്ഷണിതാവും വരെയായി ഉയര്‍ന്ന വീണാ ജോര്‍ജിന് രണ്ട് ടേം എന്ന പാര്‍ട്ടി നയമോ, മത്സരിക്കേണ്ടെന്ന കുടുംബത്തിന്റെ ആവശ്യമോ വിലങ്ങുതടിയായിരുന്നില്ല. പാര്‍ട്ടി സംവിധാനം തന്നെയാണ് വീണക്കായി തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചതും. 2016ല്‍ 7,646 വോട്ടിനും 2021ല്‍ 19,003 വോട്ടിനും കോണ്‍ഗ്രസിന്റെ മുന്‍ എം എല്‍ എ. കെ ശിവദാസന്‍ നായരെ പരാജയപ്പെടുത്തിയ വീണാ ജോര്‍ജിന് പാര്‍ട്ടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ പിന്തുണയുമുണ്ടായിരുന്നു.

ആരോഗ്യമന്ത്രിയെന്ന നിലയില്‍ വീണാ ജോര്‍ജിന്റെ ഭരണകാലത്ത് ഉയര്‍ന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പിനെയും സ്വാധീനിച്ചുവെന്ന് വേണം വിലയിരുത്താന്‍. ആരോഗ്യ വകുപ്പിലുണ്ടായ പിഴവുകളുടെ ഘോഷയാത്ര അക്കമിട്ടു നിരത്തി വിധേയരായവരെ പ്രചാരണത്തിനെത്തിച്ച് യു ഡി എഫ് നടത്തിയ നീക്കങ്ങള്‍ ആറന്മുളയില്‍ മാത്രമല്ല മറ്റു ചില മണ്ഡലങ്ങളിലും പ്രയോജനപ്പെട്ടു. ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ വീട്ടമ്മയും ബന്ധുക്കളും അടക്കം പ്രചാരത്തിനിറങ്ങിയിരുന്നു.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ എസ് യു പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിന്റെ പേരിലും മന്ത്രി തിരഞ്ഞെടുപ്പില്‍ വിചാരണ ചെയ്യപ്പെട്ടു. കെ എസ് യു പ്രവര്‍ത്തകര്‍ പത്തനംതിട്ടയില്‍ ക്യാമ്പ് ചെയ്താണ് തങ്ങള്‍ക്കുണ്ടായ ദുരനുഭവം വിവരിച്ചത്. ഒടുവില്‍ വോട്ടെടുപ്പിനു ശേഷം നല്‍കിയ മൊഴിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കുകയും ചെയ്തു. സി പി എം കോട്ടയൊന്നുമല്ലാത്ത മണ്ഡലം 2016ല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പിടിച്ചെടുക്കുകയും 2021ല്‍ വര്‍ധിത ഭൂരിപക്ഷത്തോടെ ഇത് നിലനിര്‍ത്തുകയും ചെയ്ത സിറ്റിംഗ് എം എല്‍ എക്ക് മണ്ഡലത്തിലുണ്ടായിരുന്ന സ്വാധീനം മറികടക്കുന്നതിന് കോലഞ്ചേരിയില്‍ നിന്നെത്തിയ അബിന്‍ വര്‍ക്കിക്ക് എളുപ്പത്തില്‍ സാധിച്ചു. ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങളും 2018ലെ പ്രളയവും യു ഡി എഫിന് അനുകൂല പ്രചാരണ വിഷയങ്ങളാവുകയും ചെയ്തു.

---- facebook comment plugin here -----

Latest