National
പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് വീരമൃത്യു
മേഖലയിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
ന്യൂഡൽഹി | ജമ്മു കാശ്മീരിലെ പൂഞ്ചിൽ രജൗരി സെക്ടറിലെ തനമണ്ടി മേഖലയിൽ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് ഇന്നലെ വൈകുന്നേരം മുതൽ ഭീകരർക്കെതിരെയുള്ള സംയുക്ത ഓപ്പറേഷനിലായിരുന്നു സൈന്യം. 48 രാഷ്ട്രീയ റൈഫിൾസ് ഏരിയയിലാണ് ഓപ്പറേഷൻ നടക്കുന്നത്.
സുരാൻകോട്ട് തെഹ്സിലിലെ ദേരാ കി ഗലി വനമേഖലയിലാണ് ആക്രമണം നടന്നത്. സുരൻകോട്ടിലെ ബുഫ്‌ലിയാസിൽ നിന്ന് 48 രാഷ്ട്രീയ റൈഫിൾസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന രജൗരിയിലെ താനമാണ്ടിയിലേക്ക് ഒരു ജിപ്‌സിയും ഒരു മിനി ട്രക്കും ഉൾപ്പെടെ രണ്ട് വാഹനങ്ങൾ പോകുകയായിരുന്നെന്ന് വൃത്തങ്ങൾ അറിയിച്ചു. വാഹനങ്ങൾ ടോപ പിറിനു താഴെ എത്തിയപ്പോൾ, പതിയിരുന്ന തീവ്രവാദികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
രജൗരി, പൂഞ്ച് ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നിബിഡ വനപ്രദേശങ്ങളിലൊന്നാണ് ദേരാ കി ഗലിക്കും ബുഫ്‌ലിയാസിനും ഇടയിലുള്ള ഈ പ്രദേശം.
മേഖലയിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ സൈനികർ പൂഞ്ചിൽ എത്തിയിട്ടുണ്ട്.