Kerala
ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനധ്യാപികയെ തടഞ്ഞ സംഭവം: വനിതാ കമ്മിഷന്‍ കേസെടുത്തു
സുരക്ഷാ ജീവനക്കാരന്‍ ശശാങ്കനെ മാനേജ്‌മെന്റ് പുറത്താക്കി
കൊല്ലം | ചുരിദാര്‍ ധരിച്ചെത്തിയതിന്റെ പേരില്‍ പ്രധാനാധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിക്കാതിരുന്ന സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നെടുവത്തൂര്‍ ഇവിഎച്ച്എസിലെ പ്രധാനാധ്യാപിക സിന്ധുവിനെ തടഞ്ഞതില്‍ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. അധ്യാപികയെ തടഞ്ഞ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്.
ചട്ടവിരുദ്ധമായി അക്കാദമിക കാര്യങ്ങളില്‍ ഇടപെട്ടതിനും അധ്യാപികയെ തടഞ്ഞ സംഭവത്തിലും മൂന്നുദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് സ്‌കൂള്‍ മാനേജര്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി. വിഷയത്തില്‍ ഡിഇഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി.
പ്രധാനാധ്യാപിക സിന്ധുവിനെ തടഞ്ഞ സുരക്ഷാ ജീവനക്കാരന്‍ ശശാങ്കനെ മാനേജ്‌മെന്റ് പുറത്താക്കി. പ്രധാനാധ്യാപികയെന്ന പരിഗണന നല്‍കാതെ അവഹേളിച്ചെന്ന് കണ്ടെത്തിയാണ് നടപടി. സംഭവത്തില്‍ സംഭവത്തില്‍ അധ്യാപികയുടെ പരാതിയില്‍ നേരത്തെ കൊട്ടാരക്കര പോലീസ് സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാനാധ്യാപികയെ തടഞ്ഞതിനും മോശമായി പെരുമാറിയതിനുമാണ് കേസ്. ഇയാളെ പിന്നീട് ജാമ്യത്തില്‍വിടുകയും ചെയ്തിരുന്നു.




