Connect with us

Kerala

തീരാനോവായി മുണ്ടക്കെെ; 280 കടന്ന് മരണം,ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി

മണ്ണിനടിയില്‍ അകപ്പെട്ടവര്‍ എത്രയെന്നതില്‍ ഇനിയും വ്യക്തതയില്ല.

Published

|

Last Updated

വയനാട് | കേരളം സമീപകാലത്ത് ഒന്നും കാണാത്ത ഏറ്റവും വലിയ ദുരന്തത്തിനാണ് വയനാട് സാക്ഷ്യം വഹിച്ചത്. മുണ്ടക്കൈ ഗ്രാമമൊന്നാകെ ദുരന്തം കവര്‍ന്നെടുത്തിരിക്കുന്നു. കാണാതയവരെ തേടി മൂന്നാംദിനവും രക്ഷാദൗത്യം സജീവമായി പുരോഗമിക്കുകയാണ്.കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാംദിനം എത്തിനില്‍ക്കുമ്പോള്‍ മരണസംഖ്യ 289 ആയി ഉയര്‍ന്നു. ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ പതറാതെ മുന്നില്‍നിന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുകയാണ് സൈന്യവും നാട്ടുകാരും മറ്റ് രക്ഷാപ്രവര്‍ത്തകരും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉരുള്‍പൊട്ടല്‍ നാശം വിതച്ച സ്ഥലം സന്ദര്‍ശിച്ചു.ബെയ് ലി പാല നിര്‍മ്മാണത്തത്തിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി.ദുരന്തമുഖം സന്ദര്‍ശിക്കുന്നതിന് മുമ്പായി വയനാട് കളക്ടറേറ്റില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാരും, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജില്ലയിലെ എംഎല്‍എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പെടെയുള്ളവരാണ് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തത്.

ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം ഒരേ മനസോടെയാണെന്ന് സര്‍വ്വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദേശിയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള തടസം എന്താണെന്ന് തടസം ഉന്നയിച്ചവര്‍ പറയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിച്ചത് രക്ഷാപ്രവര്‍ത്തനത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു ഏറ്റവും മികവാര്‍ന്ന പ്രവര്‍ത്തനം പട്ടാളത്തിന്റേതാണ്. മണ്ണിനിടയിലുള്ള ആളുകളെ കണ്ടെത്താന്‍ മെഷിനറി ഉണ്ടായിരുന്നില്ല. പാലം വന്നതോടെ ആ പ്രതിസന്ധി മാറി. മെഷിനറികള്‍ ഇനി ഇതിലൂടെ കൊണ്ടുപോകാം. നിലമ്പൂര്‍ ഭാഗത്തേക്ക് ഒഴുകി പോയ ശരീര ഭാഗങ്ങള്‍ കണ്ടെത്താന്‍ ശ്രമം തുടരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മണ്ണിനടിയില്‍ മനുഷ്യ സാന്നിധ്യം ഉണ്ടോ എന്നറിയാല്‍ സ്‌നിഫര്‍ ഡോഗുകള്‍ പരിശോധന നടത്തുന്നുണ്ട്. പുഞ്ചിരിമട്ടത്ത് ഇതുവരെ മനുഷ്യ സാന്നിധ്യം കണ്ടെത്താനായിട്ടില്ല എന്നാണ് സൈന്യം അറിയിക്കുന്നത്.

അതേസമയം മണ്ണിനടിയില്‍ അകപ്പെട്ടവര്‍ എത്രയെന്നതില്‍ ഇനിയും വ്യക്തതയില്ല.
രാജ്യം കണ്ടതില്‍ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ സംഭവിച്ചതെന്ന് സൈന്യത്തിന്റെ കേരള – കര്‍ണാടക ചുമതലയുള്ള മേജര്‍ ജനറല്‍ വിനോദ് മാത്യു പറഞ്ഞിരുന്നു.
ജില്ലയില്‍ അതിതീവ്ര മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന ജാഗ്രതാ നിര്‍ദ്ദേശവുമുണ്ട്.

ഇരുന്നൂറിലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മുണ്ടക്കൈയില്‍ നിന്നും ചാലിയാറിലൂടെ ഒഴുകിയെത്തിയ നിലയില്‍ ഇന്നും ശരീരഭാഗങ്ങള്‍ കണ്ടെത്തി. ചാലിയാറിലും തീരത്തും കൂടുതല്‍ യന്ത്രങ്ങളെത്തിച്ച് തിരച്ചില്‍ പുരോഗമിക്കുകയാണ്.

82 ദുരിതാശ്വാസ ക്യാമ്പുകളില്‍ 8,304 പേരാണ് കഴിയുന്നത്. മുണ്ടക്കൈയില്‍ നിന്നും ചാലിയാറില്‍ നിന്നുമായി ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. 75 മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 8107 പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്.

---- facebook comment plugin here -----

Latest