Connect with us

union budget 2022

കേന്ദ്ര ബജറ്റിനെക്കുറിച്ച് രസകരമായ പത്ത് കാര്യങ്ങള്‍

ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം 1977ല്‍ അന്നത്തെ ധനമന്ത്രി ഹിരുഭായ് മുല്‍ജിഭായ് പട്ടേലാണ് അവതരിപ്പിച്ചത്. 800 വാക്കുകള്‍ മാത്രമാണ് അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗത്തില്‍ ഉണ്ടായിരുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | 2022ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കാനിരിക്കുകയാണ്. ഇത് തുടര്‍ച്ചയായ നാലാം തവണയാണ് സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റുമായി ബന്ധപ്പെട്ട രസകരവും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍

1- തുടക്കം ബ്രിട്ടീഷുകാരുടെ കാലത്ത്

ഇന്ത്യയുടെ ആദ്യ ബജറ്റ് 1860 ഏപ്രില്‍ 7 നാണ് അവതരിപ്പിച്ചത്. അക്കാലത്തെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്‌കോട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ ജെയിംസ് വില്‍സണാണ് ബജറ്റ് അവതരിപ്പിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് 1947 നവംബര്‍ 26ന് അന്നത്തെ ധനമന്ത്രി ആര്‍.കെ.ഷണ്‍മുഖം ഷെട്ടി അവതരിപ്പിച്ചു.

2- ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം

ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡ് നിര്‍മല സീതാരാമന്റെ പേരിലാണ്. 2020 ഫെബ്രുവരി 1 ന് 2020 -21 ലെ കേന്ദ്ര ബജറ്റ് 2 മണിക്കൂര്‍ 42 മിനിറ്റ് സമയമെടുത്താണ് അവര്‍ അവതരിപ്പിച്ചത്. സ്വന്തംപേരില്‍ 2019 ജൂലൈയില്‍ സ്ഥാപിച്ച 2 മണിക്കൂര്‍ 17 മിനിറ്റ് ബജറ്റ് പ്രസംഗമെന്ന റെക്കോര്‍ഡാണ് അവര്‍ സ്വയം തിരുത്തിയത്.

3- ബജറ്റ് പ്രസംഗത്തിലെ ഏറ്റവും കൂടുതല്‍ വാക്കുകള്‍

1991-ല്‍ നരസിംഹറാവു സര്‍ക്കാരിന്റെ കീഴില്‍ മന്‍മോഹന്‍ സിംഗ് 18,650 വാക്കുകളുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തി. 2018-ല്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ 18,604 വാക്കുകളുള്ള പ്രസംഗം വാക്കുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ രണ്ടാമത്തെ ദൈര്‍ഘ്യമേറിയ പ്രസംഗമായിരുന്നു. ഒരു മണിക്കൂര്‍ 49 മിനിറ്റാണ് ജെയ്റ്റ്ലി സംസാരിച്ചത്.

4- ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം

ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം 1977ല്‍ അന്നത്തെ ധനമന്ത്രി ഹിരുഭായ് മുല്‍ജിഭായ് പട്ടേലാണ് അവതരിപ്പിച്ചത്. 800 വാക്കുകള്‍ മാത്രമാണ് അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗത്തില്‍ ഉണ്ടായിരുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 1962-69 കാലത്ത് ധനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം 10 ബജറ്റുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പി ചിദംബരം (9), പ്രണബ് മുഖര്‍ജി (8), യശ്വന്ത് സിന്‍ഹ (8), മന്‍മോഹന്‍ സിംഗ് (6) എന്നിവര്‍.

5- ബജറ്റ് പ്രസംഗം വൈകീട്ട്

1999 വരെ, ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസമായ വൈകുന്നേരം 5 മണിക്കാണ് ബജറ്റ് പ്രസംഗം അവതരിപ്പിച്ചിരുന്നത്. 1999ല്‍ മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ ബജറ്റ് അവതരണ സമയം രാവിലെ 11 മണിയാക്കി മാറ്റി. കൊളോണിയല്‍ കാലത്തെ ആ മാസത്തെ അവസാന പ്രവൃത്തിദിനം ഉപയോഗിക്കുന്ന പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിച്ച് 2017 ഫെബ്രുവരി 1 ന് അരുണ്‍ ജെയ്റ്റ്ലി കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങി.

6 – ഭാഷ

1955 വരെ, യൂണിയന്‍ ബജറ്റ് അവതരിപ്പിച്ചത് ഇംഗ്ലീഷ് ഭാഷയിലാണ്. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പിന്നീട് ഹിന്ദിയിലും ഇംഗ്ലീഷിലും ബജറ്റ് പേപ്പറുകള്‍ അച്ചടിക്കാന്‍ തീരുമാനിച്ചു.

7 -പേപ്പര്‍രഹിത ബജറ്റ്

2021-22 ലാണ് രാജ്യത്ത് ആദ്യമായി പേപ്പര്‍ രഹിത ബജറ്റ് അവതരിപ്പിച്ചത്. 1970-71 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച ഇന്ദിരാഗാന്ധിക്ക് ശേഷം 2019 ല്‍ ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി നിര്‍മല സീതാരാമന്‍. അതേ വര്‍ഷം തന്നെ, സീതാരാമന്‍ പരമ്പരാഗത ബജറ്റ് ബ്രീഫ്കേസ് ഒഴിവാക്കി. പകരം പ്രസംഗങ്ങളും മറ്റ് രേഖകളും കൊണ്ടുപോകാന്‍ ദേശീയ ചിഹ്നത്തോടുകൂടിയ പരമ്പരാഗത ‘ബാഹി-ഖാത’ ഉപയോഗിച്ചു.

8 -റെയില്‍വേ ബജറ്റ്

2017 വരെ റെയില്‍വേ ബജറ്റും കേന്ദ്ര ബജറ്റും വെവ്വേറെയാണ് അവതരിപ്പിച്ചിരുന്നത്. 92 വര്‍ഷമായി റെയില്‍വേ ബജറ്റ് വെവ്വേറെ അവതരിപ്പിച്ചതിന് ശേഷം 2017ല്‍ കേന്ദ്ര ബജറ്റിനൊപ്പം റെയില്‍വേ ബജറ്റും ഒരുമിപ്പിച്ചു. ഇപ്പോള്‍ ഒരു ബജറ്റ് മാത്രമാണ് അവതരിപ്പിക്കുന്നത്.

9 -അച്ചടി

1950 വരെ ബജറ്റ് കോപ്പി രാഷ്ട്രപതി ഭവനില്‍ അച്ചടിച്ചിരുന്നുവെങ്കിലും ചോര്‍ന്നതിനെത്തുടര്‍ന്ന് അച്ചടി സ്ഥലം ന്യൂഡല്‍ഹിയിലെ മിന്റോ റോഡിലുള്ള പ്രസിലേക്ക് മാറ്റി. പിന്നീട് 1980-ല്‍ ധനമന്ത്രാലയത്തിനുള്ളിലെ സര്‍ക്കാര്‍ പ്രസില്‍ അച്ചടി തുടങ്ങി.

10 -ബ്ലാക്ക് ബജറ്റ്

ഇന്ദിരാഗാന്ധി സര്‍ക്കാരില്‍ യശ്വന്ത്‌റാവു ബി ചവാന്‍ അവതരിപ്പിച്ച 1973-74 ലെ ബജറ്റ് ബ്ലാക്ക് ബജറ്റ് എന്ന് വിളിക്കപ്പെട്ടു. കാരണം ആ വര്‍ഷത്തെ ധനക്കമ്മി 550 കോടി രൂപ ആയിരുന്നു. ഇന്ത്യ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്.