Connect with us

ഫെഡറൽ

റെഡ്ഢിമാരും റാവുമാരും ഉഴുതുമറിച്ച തെലുങ്ക് മണ്ണ്

വടക്കിലെ നഷ്ടം തെക്ക് നികത്തണമെന്ന് കണക്കു കൂട്ടി ബി ജെ പിക്കാർ കൊണ്ടുപിടിച്ച നീക്കം നടത്തുമ്പോൾ അവർക്ക് സ്വാധീനമുള്ള മാധ്യമങ്ങൾ ആ വഴിക്ക് പ്രവചനങ്ങളുമായി വരിക സ്വാഭാവികമണല്ലോ.

Published

|

Last Updated

തെലുഗുനാട്ടിൽ ഇത്തവണ താമര സഖ്യത്തിന്റെ മുന്നേറ്റമായിരിക്കുമെന്ന് പ്രവചനക്കാർ പറയുന്നുണ്ട്. വടക്കിലെ നഷ്ടം തെക്ക് നികത്തണമെന്ന് കണക്കു കൂട്ടി ബി ജെ പിക്കാർ കൊണ്ടുപിടിച്ച നീക്കം നടത്തുമ്പോൾ അവർക്ക് സ്വാധീനമുള്ള മാധ്യമങ്ങൾ ആ വഴിക്ക് പ്രവചനങ്ങളുമായി വരിക സ്വാഭാവികമണല്ലോ. എന്നാൽ അടിത്തട്ടിലെ വസ്തുതകൾ അത്തരമൊരു തരംഗം ഉറപ്പിക്കാനാകില്ലെന്നാണ് വ്യക്തമാക്കുന്നത്. ഒരു കാലത്ത് കോൺഗ്രസ്സിന്റെ ശക്തി കേന്ദ്രമായിരുന്ന ആന്ധ്ര, ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയുടെയും പിന്നീട് കോൺഗ്രസ്സിൽ നിന്ന് വിഘടിച്ചു പോയ ജഗൻ മോഹൻ റെഡ്ഢിയുടെ വൈ എസ് ആർ സി പാർട്ടിയുടെയും വഴിയിലേക്ക് ചാഞ്ഞു. അതോടെ മറ്റെല്ലാ പാർട്ടികളും വല്ലാതെ താഴോട്ട് പോയി.

പ്രത്യേകിച്ച് കോൺഗ്രസ്സ്. മുൻ മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ മകനെന്ന പാരന്പര്യം കൂട്ടുപിടിച്ചാണ് ജഗൻ വളർന്നത്. ജഗന്റെ സഹോദരി വൈ എസ് ശർമിളയെ പി സി സി അധ്യക്ഷയാക്കി ആ പഴയ പാരമ്പര്യത്തിന്റെ ഊർജം ആർജിക്കാൻ കോൺഗ്രസ്സ് ശ്രമിക്കുന്നുണ്ട്. അത് ചലനമുണ്ടാക്കുന്നുമുണ്ട്. ഇടതുപാർട്ടികൾ അടക്കമുള്ളവയെ കൂടെക്കൂട്ടി ഇന്ത്യ സഖ്യമായാണ് കോൺഗ്രസ്സിന്റെ പടനീക്കം. ചന്ദ്രബാബു നായിഡുവിന്റെ പാർട്ടിയുമായും നടൻ പവൻ കല്യാണിന്റെ ജന സേന പാർട്ടിയുമായും സഖ്യമുണ്ടാക്കിയാണ് കോൺഗ്രസ്സിനും വൈ എസ് ആർ കോൺഗ്രസ്സിനും വെല്ലുവിളിയുയർത്താൻ ബി ജെ പി കിണഞ്ഞു പരിശ്രമിക്കുന്നത്. അടുത്ത മാസം 13ന് ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പിനൊപ്പം നിയമസഭയിലേക്കും ആന്ധ്രക്കാർ വോട്ട് ചെയ്യും.

മാറിമറിയുന്ന മേധാവിത്തം
മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായിരുന്ന, തെലുഗു സംസാരിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തി 1953 ഒക്‌ടോബർ ഒന്നിന് ആന്ധ്ര രൂപവത്കരിച്ചു. കുർണൂൽ ആയിരുന്നു തലസ്ഥാനം. സ്റ്റേറ്റ്‌സ് റെകഗ്നീഷൻ ആക്ട് പ്രകാരം ഹൈദരാബാദ് തലസ്ഥാനമായി ആന്ധ്രാ പ്രദേശ് ഔദ്യോഗികമായി നിലവിൽ വന്നത് 1956 നവംബർ ഒന്നിനാണ്. 2014 ജൂൺ രണ്ടിന് തെലങ്കാന വേർപെട്ട് പോയതോടെ ഹൈദരാബാദെന്ന തലസ്ഥാനവും ആന്ധ്രക്ക് നഷ്ടമായി. ഇന്ന് അമരാവതിയാണ് ഭരണ സിരാകേന്ദ്രം.

1956 മുതൽ 1982 വരെ സംസ്ഥാനം ഭരിച്ചത് കോൺഗ്രസ്സായിരുന്നു. 1983ൽ, ഒമ്പത് മാസം മുമ്പ് മാത്രം എൻ ടി രാമറാവു രൂപവത്കരിച്ച തെലുഗു ദേശം പാർട്ടി അധികാരത്തിലെത്തി. എൻ ടി ആറിന്റെ ജനസ്വാധീനത്തെ നിസ്സാരമായി കണ്ട കോൺഗ്രസ്സിന് അധികാര കുത്തക നഷ്ടപ്പെടുകയായിരുന്നു.

1995ൽ റാവുവിന്റെ മരുമകൻ എൻ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി. ആന്ധ്രയുടെ ഇ- മുന്നേറ്റമായിരുന്നു നായിഡുവിന്റെ ഹൈലൈറ്റ്. വൈ എസ് ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട വൈ എസ് രാജശേഖര റെഡ്ഢിയിലൂടെ 2004ൽ കോൺഗ്രസ്സ് അധികാരത്തിൽ തിരിച്ചെത്തി. സാമൂഹിക ക്ഷേമ പദ്ധതികളിലായിരുന്നു റെഡ്ഢിയുടെ ഊന്നൽ. അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2009 സെപ്തംബറിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. 2014ൽ ചന്ദ്രബാബു നായിഡു ഒരിക്കൽ കൂടി തിരിച്ചെത്തി. 2019ൽ ജഗൻ മോഹൻ റെഡ്ഢിയുടെ ഉദയത്തിനാണ് ആന്ധ്ര സാക്ഷ്യം വഹിച്ചത്.

നിലവിലിങ്ങനെ
175 നിയമസഭാ മണ്ഡലങ്ങളും 25 ലോക്സഭാ മണ്ഡലങ്ങളുമാണ് ആന്ധ്രയിലുള്ളത്. നിയമസഭയിൽ 140 സീറ്റുകൾ വൈ എസ് ആർ സിയുടെ കൈയിലാണ്. 25ൽ 22 ലോക്‌സഭാ സീറ്റുകളിലും വൈ എസ് ആർ കോൺഗ്രസ്സ് സ്ഥാനാർഥികളാണ് വിജയിച്ചത്. മൂന്ന് സീറ്റ് ടി ഡി പി സ്വന്തമാക്കി. 49.9 ശതമാനം വോട്ടുകൾ ജഗന്റെ പാർട്ടിക്കൊപ്പമാണ്. 40.2 ശതമാനമാണ് തെലുഗു ദേശം പാർട്ടിയുടെ വിഹിതം. കോൺഗ്രസ്സിന് 1.3 ശതമാനം വോട്ട് മാത്രമാണ് സമാഹരിക്കാനായത്. വല്ലാത്തൊരു ചുരുങ്ങലാണിത്. ബി ജെ പി ഒരു ശതമാനം നേടി.

ബി ജെ പിയുടെ കാടിളക്കം
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ്, 2018ൽ, എൻ ഡി എ വിട്ട തെലുഗുദേശം പാർട്ടി ഇത്തവണ തിരിച്ചെത്തിയതിന്റെ ബലത്തിൽ ബി ജെ പി ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് ആന്ധ്രയിൽ നടത്തുന്നത്. അടിത്തട്ടിൽ പാർട്ടി സംവിധാനത്തിന്റെ പരിമിതികൾ മറികടന്ന് മുന്നേറാൻ കേന്ദ്ര നേതൃത്വം നേരിട്ടിറങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെ പത്ത് പാർലിമെന്ററി വിഭാഗങ്ങളായി തിരിച്ചാണ് പ്രവർത്തനം. കേന്ദ്ര മന്ത്രിമാരുടെ നിരന്തര സന്ദർശനം, വികസന പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും നടപ്പാക്കുന്നതിൽ കേന്ദ്ര നേതാക്കളുടെ നേരിട്ടുള്ള നിരീക്ഷണം തുടങ്ങിയ പൊടിക്കൈകളുമുണ്ട്. തെലുഗു ദേശം പാർട്ടിയുടെ പിൻബലവും ബി ജെ പി കേന്ദ്ര നേതൃത്വം നേരിട്ട് നടപ്പാക്കുന്ന പോൾ മാനേജുമെന്റും വലിയ മുന്നേറ്റത്തിന്റെ പ്രതീതിയുണ്ടാക്കാൻ ഉപകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സർവേകളിൽ പ്രതിഫലിക്കുന്നത് ഇതാണ്.

ആറ് ലോക്‌സഭാ സീറ്റിലാണ് ബി ജെ പി മത്സരിക്കുന്നത്. എങ്കിലും ദീർഘകാല ലക്ഷ്യത്തോടെയുള്ള നീക്കങ്ങളാണ് ബി ജെ പി നടത്തുന്നത്. പത്ത് നിയമസഭാ സീറ്റുകളിലും ബി ജെ പി മത്സരിക്കുന്നു. ടി ഡി പി 17 ലോക്‌സഭാ സീറ്റിലും 144 അസംബ്ലി സീറ്റിലും മത്സരിക്കുന്നു. ജനസേനാ പാർട്ടിക്ക് രണ്ട് ലോക്‌സഭാ സീറ്റ് നൽകിയിട്ടുണ്ട്. 21 നിയമസഭാ സീറ്റും.

മുസ്‌ലിം വോട്ടുകൾ
തെലങ്കാനയിലും ആന്ധ്രയിലുമായി 140 നിയമസഭാ മണ്ഡലങ്ങളിൽ മുസ്‌ലിം വോട്ട് 10,000ത്തിനും 40,000 ഇടയിലാണ്. തെലങ്കാനയിലെയും ആന്ധ്രയിലെയും ഈ വോട്ട് വിഹിതം ആർക്ക് പോകുമെന്നതിൽ ചില വ്യത്യാസങ്ങളുണ്ട്. തെലങ്കാനയിൽ അസദുദ്ദീൻ ഉവൈസിയുടെ എം ഐ എമ്മിന് ഈ വോട്ടർമാർക്കിടയിൽ കൂടുതൽ സ്വാധീനമുണ്ട്. പൊതുവേ മുസ്‌ലിം വോട്ടർമാർ കോൺഗ്രസ്സിനോട് ആഭുമുഖ്യമുള്ളവരാണ്. ബി ജെ പി കേന്ദ്ര ഭരണത്തിലേറിയതോടെ വിശേഷിച്ചും. ഈ ആഭിമുഖ്യം വഴിതിരിച്ചുവിട്ടാണ് എം ഐ എം ഹൈദരാബാദിലെ നഗര വോട്ടുകളിൽ കടന്നു കയറുന്നത്. ആന്ധ്രയിൽ വൈ എസ് രാജശേഖര റെഡ്ഢിയെ മുസ്‌ലിംകൾ എക്കാലവും ആദരവോടെയാണ് കണ്ടിരുന്നത്. മുസ്‌ലിംകൾക്ക് നാല് ശതമാനം സംവരണം നടപ്പാക്കിയതടക്കമുള്ള നടപടികളാണ് ഇതിന് ആധാരം. സ്വാഭാവികമായും ഈ അനുഭാവം വൈ എസ് ആറിന്റെ മകൻ ജഗനിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അങ്ങനെ സീമാന്ധ്രയിൽ മുസ്‌ലിം വോട്ടുകളുടെ നല്ല പങ്കും വൈ എസ് ആർ കോൺഗ്രസ്സിന് ലഭിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഭരണവിരുദ്ധ വികാരം ഈ പാറ്റേണിൽ മാറ്റം വരുത്തിയാൽ കോൺഗ്രസ്സിനാകും ഗുണം ലഭിക്കുക.

പ്രവചനം അസാധ്യമാക്കുന്ന മത്സരമാണ് ആന്ധ്രയിൽ നടക്കുന്നത്. പ്രമുഖ മാധ്യമങ്ങൾ നടത്തിയ പ്രീപോൾ സർവേകൾ പരസ്പരവിരുദ്ധമായ ഫലങ്ങളുമായി രംഗത്തു വരുന്നത് അത്‌കൊണ്ടാണ്. ആന്ധ്രയുടെ പ്രത്യേക പദവിയിൽ ആരോപണ പ്രത്യാരോപണങ്ങൾ, അമരാവതിയിൽ നിന്ന് തലസ്ഥാനം മാറ്റണോ വേണ്ടയോ, ജഗനെതിരായ ആക്രമണം, വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിന്റെ സ്വകാര്യവത്കരണം. വിഷയങ്ങൾ നിരവധിയുണ്ട് പ്രചാരണത്തിന് ചൂടുപകരാൻ. ഒപ്പം സി എ എ അടക്കമുള്ള പൊതു വിഷയങ്ങളും. നിയമസഭയിലേക്കും ലോക്‌സഭയിലേക്കും വ്യത്യസ്ത ഫലമാകും ആന്ധ്രയിലെ ജനങ്ങൾ കരുതിവെച്ചിട്ടുണ്ടാകുക.

Latest