Connect with us

International

സാങ്കേതിക തകരാർ; ആർട്ടെമിസ്-1 ചന്ദ്ര ദൗത്യം മാറ്റിവെച്ചു; സെപ്തംബർ രണ്ടിന് വിക്ഷേപിക്കും

റോക്കറ്റിന്റെ നാല് എഞ്ചിനുകളിൽ ഒന്നിലെ തകരാർ കാരണം അതിന്റെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ  നിർത്തിവച്ചിരുന്നു

Published

|

Last Updated

ഫ്ളോറിഡ | അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്ന ആർട്ടെമിസ്-1 ചന്ദ്ര ദൗത്യം മാറ്റിവച്ചു. റോക്കറ്റിന്റെ നാല് എഞ്ചിനുകളിൽ ഒന്നിലെ തകരാർ കാരണം അതിന്റെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ  നിർത്തിവച്ചിരുന്നു. തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.03 നായിരുന്നു റോക്കറ്റിന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ഇതിന് 40 മിനുട്ടുകൾക്ക് മുമ്പാണ് കൗണ്ട് ഡൗൺ നിർത്തിയത്. വിക്ഷേപണം ഇനി സെപ്റ്റംബർ രണ്ടിന് രാത്രി 10.18ന് നടക്കും. ബഹിരാകാശ പേടകത്തില്‍ ഇന്ധനം നിറയ്ക്കുന്നതുമായി ബന്ധപ്പപ്പെട്ടുണ്ടായ പ്രശ്‌നമാണ് കൗണ്ട് ഡൗണ്‍ നിര്‍ത്താന്‍ കാരണമായത്.

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ചരിത്ര നിമിഷത്തിന് അര നൂറ്റാണ്ട് പൂർത്തിയാകുന്ന ഘട്ടത്തിലാണ് മറ്റൊരു ചാന്ദ്ര ദൗത്യത്തിന് നാസം തുടക്കം കുറിച്ചത്. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കുന്ന നാസയുടെ ആൾട്ടെമിസ് ദൗത്യത്തിന്റെ ആദ്യ പറക്കലാണ് ഇന്ന് നിശ്ചയിച്ചിരുന്നത്.

ആളില്ലാ ദൗത്യമാണ് ആർട്ടെമിസ്-1. ബഹിരാകാശയാത്രികർക്ക് ചന്ദ്രനിലെ സാഹചര്യങ്ങൾ അനുയോജ്യമാണോ എന്ന് കണ്ടെത്താനാണ് ആദ്യ പറക്കലിലൂടെ ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നത്. കൂടാതെ, ചന്ദ്രനിലേക്ക് പോയ ശേഷം ബഹിരാകാശ സഞ്ചാരികൾക്ക് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങാൻ കഴിയുമോ എന്നതും പരിശോധിക്കും.

ചന്ദ്ര ദൗത്യത്തിനായി സജ്ജീകരിച്ചിട്ടുള്ള പുതുതലമുറ റോക്കറ്റ് സംവിധാനമായ സ്പേസ് ലോഞ്ച് സിസ്റ്റവും (എസ്.എൽ.എസ്.) ഓറിയോൺ പേടകവും ചന്ദ്രനിലെത്തുമെന്ന് നാസ അറിയിച്ചു. ബഹിരാകാശയാത്രികർ സാധാരണയായി ക്രൂ ക്യാപ്‌സ്യൂളിലാണ് താമസിക്കുന്നത്. എന്നാൽ ആദ്യ പറക്കലിൽ അത് ശൂന്യമായിരിക്കും.

2024 ഓടെ ആർട്ടെമിസ്-2 വിക്ഷേപിക്കാനാണ് നാസ പദ്ധതിയിടുന്നത്. ചില ബഹിരാകാശ സഞ്ചാരികളും അതിൽ ചന്ദ്രനിലേക്ക് തിരിക്കും. എന്നാൽ അവർ ചന്ദ്രനിൽ കാലുകുത്തുകയില്ല. ചന്ദ്രന്റെ ഭ്രമണപഥത്തിൽ കറങ്ങി അവർ തിരിച്ചുപോരും. ്

ഇതിനുശേഷം അന്തിമ ദൗത്യമായ ആർട്ടെമിസ്-3 അയക്കും. അതിൽ പോകുന്ന ബഹിരാകാശ സഞ്ചാരികൾ ചന്ദ്രോപരിതലത്തിൽ ഇറങ്ങും. 2030 ഓടെ ഈ ദൗത്യം വിക്ഷേപിക്കാനാകുമെന്നാണ് നാസയുടെ കണക്കുകൂട്ടൽ.

നാസയുടെ അപ്പോളോ ദൗത്യമാണ് അര നൂറ്റാണ്ടുകൾക്ക് മുമ്പ് മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ എത്തിച്ചത്. സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്താൻ മുൻ യുഎസ് പ്രസിഡന്റ് ജെഎഫ് കെന്നഡിയായിരന്നു അപ്പോളോ ദൗത്യം വിഭാവനം ചെയ്തത്. ബഹിരാകാശ യാത്ര മാത്രമല്ല, ശാസ്ത്ര സാങ്കേതിക മേഖലയിൽ അമേരിക്കയെ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

---- facebook comment plugin here -----

Latest