School Kalolsavam
മഹ്ഫൂസിന്റെ പാട്ടിൽ കണ്ണീരുപ്പ്
കഷ്ടപ്പാടിന്റെ കണ്ണീരിൽ നിന്ന് മഹ്ഫൂസിന് വീണ്ടും പ്രതിഭാപട്ടം. പിറകെ റസൂലുല്ലാഹ്…. എന്ന് തുടങ്ങുന്ന ഉഹ്ദ് പടപ്പാട്ടിന്റെ വരികളിൽ മാപ്പിളപ്പാട്ട് വേദിയെ കയ്യിലെടുത്ത് അമ്മാനമാടിയ ഈ ഒമ്പതാം ക്ലാസുകാരന്റെ ജീവിത കഥ കേട്ടാൽ മനം പൊട്ടും. എറണാകുളത്ത് നടന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിൽ കലാപ്രതിഭാ പട്ടം ചൂടിയ മഹ്ഫൂസ് ഇന്നലെ നടന്ന ഹൈസ്‌കൂൾ വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടി.
ഫറോക്ക് പെരുമുഖത്താണ് വീട്. മൂന്നാം വയസ്സിൽ ഉപ്പയുടെ തണൽ നഷ്ടപ്പെട്ട പ്രതിഭയെ പിന്നീട് നട്ടുവളർത്തിയത് നാട്ടുകാരാണ്. അവനിൽ ഒളിഞ്ഞിരിക്കുന്ന പാട്ടിന്റെ മധുരസ്വരം ചികഞ്ഞെടുത്ത് സമൂഹത്തിന് സമ്മാനിച്ചതും അവർ തന്നെ. ഉപ്പ ഉപേക്ഷിച്ചതിൽ പിന്നെ കുടുംബം വീടില്ലാതെ അലഞ്ഞു. നാട്ടുകാർ അതിന് പരിഹാരമുണ്ടാക്കി. മഹ്ഫൂസിന്റെ കഴിവുകൾ മെല്ലെ മെല്ലെ പുറത്തെത്തുന്നത് അവർ മണത്തറിഞ്ഞു. ഫറോക്ക് ആസ്ഥാനമായുള്ള ജൽവായേ മദീന എന്ന പേരിലുള്ള പാട്ട് സംഘം അവനെ ആവോളം പ്രോത്സാഹിപ്പിച്ചു. പിന്നെ വേദികളിൽ നിന്ന് വേദികളിലേക്ക്. അവസാനം എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിൽ കലാ പ്രതിഭ. പിറകെ വടകരയിൽ വെച്ച് നടന്ന ജില്ലാ കലോത്സവത്തിൽ മാപ്പിളപ്പാട്ട് വേദിയുടെ മുഖ്യ ആകർഷണം. ഇന്നലെ ടൗൺഹാളിൽ സംസ്ഥാന കലോത്സവത്തിൽ മികച്ച പാട്ടുകളിലൊന്നായിരുന്നു മഹ്ഫൂസിന്റേത്.





