Connect with us

First Gear

ടാറ്റ ടിഗോര്‍ ഇലക്ട്രിക്ക് ഉടന്‍ വിപണിയിലെത്തും

പുതിയ ടാറ്റ ടിഗോര്‍ ഇലക്ട്രികിന് 350 കിലോമീറ്റര്‍ ദൂരപരിധി കമ്പനി വാഗ്ദാനം ചെയ്യുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഓഗസ്റ്റ് 31-ന് പുതിയ ടിഗോര്‍ ഇലക്ട്രിക്കിനെ വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ് ടാറ്റമോട്ടോര്‍സ്. ഇതിനകം ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയ സെഡാനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. മുന്‍പ് ഫ്‌ളീറ്റ്-ടാക്സി ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രം ലഭ്യമായിരുന്ന വാഹനം സ്വകാര്യ ഉപഭോക്താക്കള്‍ക്കായാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ വിജയം ആവര്‍ത്തിക്കാനാണ് പുതിയ ടാറ്റ ടിഗോര്‍ ഇവിയെ കമ്പനി അവതരിപ്പിക്കുന്നത്. കോംപാക്ട് എസ്യുവിയുടെ ഇലക്ട്രിക് പതിപ്പില്‍ ഇതിനകം സിപ്ട്രോണ്‍ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ബ്രാന്‍ഡിന്റെ രണ്ടാമത്തെ മോഡലായിരിക്കും പുതുക്കിയ സെഡാന്‍. പുതിയ ടാറ്റ ടിഗോര്‍ ഇലക്ട്രിക് 350 കിലോമീറ്റര്‍ ദൂരപരിധി വാഗ്ദാനം ചെയ്യുമെന്ന് ഏറ്റവും പുതിയ സ്‌പൈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

സിപ്‌ട്രോണ്‍ കരുത്തിലെത്തുന്ന കമ്പനിയുടെ എല്ലാ വൈദ്യുത വാഹനങ്ങളും മിനിമം 250 കിലോമീറ്റര്‍ റേഞ്ച് ഉണ്ടായിരികുമെന്ന് ടാറ്റ മോട്ടോര്‍സ് വ്യക്തമാക്കി. പുതിയ ടാറ്റ ടിഗോര്‍ ഇലക്ട്രിക്കില്‍ 55കെഡബ്ല്യു ഇലക്ട്രിക് മോട്ടോറും 26കെഡബ്ല്യുഎച്ച് ലിഥിയം അയണ്‍ ബാറ്ററി പാക്കുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ ബാറ്ററി എഞ്ചിന്‍ 74 ബിഎച്ച്പി പവര്‍, 170 എന്‍എംടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഇത് 41 ബിഎച്ച്പി കരുത്തും 105 എന്‍എംടോര്‍ക്കും നല്‍കുന്ന എക്‌സ്പ്രസ്ടി പതിപ്പിന്റെ പവര്‍ട്രെയിന്‍ നല്‍കുന്നതിനേക്കാള്‍ കൂടുതലാണ്.

ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളില്‍ 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനും ടിഗോര്‍ ഇലക്ട്രിക്കിന് സാധിക്കും. അതേസമയം സ്റ്റാന്‍ഡേര്‍ഡ് ഹോം ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 8.5 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. റിമോട്ട് കമാന്‍ഡുകളും റിമോട്ട് ഡയഗ്‌നോസ്റ്റിക്‌സും ഉള്‍പ്പെടെ മുപ്പതില്‍ അധികം കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, ടാറ്റയുടെ ഐആര്‍എ കണക്റ്റിവിറ്റി സ്യൂട്ടും ടിഗോര്‍ ഇവി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇലക്ട്രിക് സബ് കോംപാക്ട് സെഡാന്റെ വില അവതരണവേളയില്‍ പ്രഖ്യാപിക്കുമെന്നാണ് ടാറ്റ മോട്ടോര്‍സ് അറിയിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് വാഹനം മുന്‍കൂട്ടി പ്രീ-ബുക്ക് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്.

Latest