First Gear
ടിയാഗോ, ടിഗോര്‍ സിഎന്‍ജികളുടെ വില പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്
രണ്ട് മോഡലുകളുടെയും ടെയില്‍ഗേറ്റില്‍ ഒരു പുതിയ 'ഐസിഎന്‍ജി' ബാഡ്ജ് ഉണ്ട്.
ന്യൂഡല്‍ഹി| ടിയാഗോ, ടിഗോര്‍ സിഎന്‍ജി പതിപ്പുകളുടെ വില പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്. ടാറ്റ ടിയാഗോ സിഎന്‍ജിയുടെ വില 6.09 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ടിഗോര്‍ സിഎന്‍ജിയുടെ വില 7.69 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നത്. രണ്ടും എക്സ് ഷോറൂം, ഡല്‍ഹി വിലകളാണ്. ടാറ്റ മോട്ടോഴ്‌സ് അതിന്റെ പാസഞ്ചര്‍ വാഹനങ്ങളില്‍ ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന മൂന്നാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളാണ്. മാരുതി സുസുക്കിയും ഹ്യുണ്ടായിയുമാണ് മറ്റ് രണ്ട് കമ്പനികള്‍.
ടിയാഗോ സിഎന്‍ജി, ടിഗോര്‍ സിഎന്‍ജി എന്നിവയ്ക്ക് കരുത്തേകുന്നത് ടാറ്റയുടെ 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനാണ്. പെട്രോള്‍ രൂപത്തിലാണെങ്കില്‍, ഈ എഞ്ചിന്‍ 86 എച്ച്പിയും 113 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജിയില്‍, എഞ്ചിന്‍ 73 എച്ച്പിയും 95 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അതായത് ടിയാഗോയുടെയും ടിഗോറിന്റെയും പെട്രോള്‍, സിഎന്‍ജി പതിപ്പുകള്‍ തമ്മില്‍ 13എച്ച്പി, 18എന്‍എം വ്യത്യാസമുണ്ട്. രണ്ട് മോഡലുകളിലെയും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഉള്‍പ്പെടുന്നു.
ടിയാഗോയുടെയും ടിഗോറിന്റെയും സിഎന്‍ജി-പവര്‍ പതിപ്പുകള്‍ സാധാരണ പെട്രോള്‍ പതിപ്പുകളെ അപേക്ഷിച്ച് ഡിസൈനില്‍ യാതൊരു മാറ്റവും വരുത്തുന്നില്ല. രണ്ട് മോഡലുകളുടെയും ടെയില്‍ഗേറ്റില്‍ ഒരു പുതിയ ‘ഐസിഎന്‍ജി’ ബാഡ്ജ് മാത്രമാണ് പുറത്തുള്ള ഏക അപ്‌ഡേറ്റ്. ടിയാഗോ സിഎന്‍ജി നാല് ട്രിമ്മുകളില്‍ ലഭ്യമാണ്. എക്‌സ്ഇ, എക്‌സ്എം, എക്‌സ്ടി, എക്‌സ് സെഡ് പ്ലസ് എന്നിവ. ടിഗോര്‍ സിഎന്‍ജി രണ്ട് ട്രിമ്മുകളില്‍ ലഭ്യമാണ്. എക്‌സ് സെഡ്, എക്‌സ് സെഡ് പ്ലസ് എന്നിവ. ടിയാഗോ സിഎന്‍ജി ബേസ് മുതല്‍ സെക്കന്‍ഡ് ഫ്രം ടോപ്പ് ട്രിം വരെ ലഭ്യമാണ്. അതേസമയം ടിഗോര്‍ സിഎന്‍ജി ടോപ്പ്-സ്‌പെക്ക് ട്രിമ്മുകളില്‍ മാത്രമേ ലഭ്യമാകൂ.