Connect with us

quran premio

തര്‍തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ നാളെ

ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി പ്ലാനിങ് ഡീനും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറബ് സ്റ്റഡീസ് ഹെഡുമായ പ്രഫ. സയ്യിദ് ജഹാംഗീര്‍ തര്‍തീല്‍ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

കാസര്‍ക്കോട് | ഖുര്‍ആന്‍ പഠനങ്ങളുടെ വ്യത്യസ്ത തലങ്ങളെ സ്പര്‍ശിച്ച് തര്‍തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ സംസ്ഥാന സംഗമത്തിന് നാളെ കാസര്‍ഗോഡ് മുഹിമ്മാത്ത് വേദിയാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിവിധ വിഭാഗങ്ങളില്‍ ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്, ഖുര്‍ആന്‍ ക്വിസ്, ഖുര്‍ആന്‍ പ്രഭാഷണം, ബയാനെ ഖുര്‍ആന്‍ ഖുര്‍ആന്‍ ടെസ്റ്റ്, ഖുര്‍ആന്‍ ടോക്ക് മത്സരങ്ങളും ഖുര്‍ആന്‍ ഉയര്‍ത്തിയ വിവിധ പ്രമേയങ്ങളെ അധികരിച്ചുള്ള അവതരണങ്ങളും തര്‍തീല്‍ ’24 ല്‍ നടക്കും. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ പതാക ഉയര്‍ത്തും.

ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി പ്ലാനിങ് ഡീനും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറബ് സ്റ്റഡീസ് ഹെഡുമായ പ്രഫ. സയ്യിദ് ജഹാംഗീര്‍ തര്‍തീല്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സുറൈജി സഖാഫി അധ്യക്ഷനാകും. സയ്യിദ് ഹസനുല്‍ അഹ്ദല്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മുഹമ്മദ് അനസ് അമാനി സംസാരിക്കും.

ഖുര്‍ആന്‍ വിശകലനങ്ങളുടെ രീതി സങ്കേതങ്ങള്‍ – പണ്ഡിത വഴികള്‍ എന്ന വിഷയത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പ്രബന്ധം അവതരിപ്പിക്കും. സാമൂഹിക നിര്‍മിതി: മനുഷ്യനെ സ്പര്‍ശിച്ച ആലോചനകളും നിലപാടുകളിലെ സൗന്ദര്യവും അടിസ്ഥാനമാക്കിയുള്ള പഠന സെഷന് എന്‍ എം സ്വാദിഖ് സഖാഫി നേതൃത്വം നല്‍കും. ഖുര്‍ആന്‍ പഠിതാക്കളുടെ ജീവിതം, ജ്ഞാനം, വ്യവഹാരം എന്ന വിഷയത്തില്‍ ഡോ. അബ്ദുല്‍ ഗഫൂര്‍ അസ്ഹരി പ്രഭാഷണം നടത്തും.

യൂണിറ്റ് മുതല്‍ ദേശീയ തലം വരെ ഏഴു ഘട്ടങ്ങളിലാണ് തര്‍തീല്‍ മത്സര പരിപാടികള്‍ നടക്കുന്നത്. ജില്ലാ മത്സര വിജയികളാണ് നാളെ കാസറഗോഡ് മാറ്റുരയ്ക്കുന്നത്. തര്‍തീല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോ ദേശീയ മത്സരങ്ങള്‍ക്കും പഠനങ്ങള്‍ക്കും ജൂലൈ 27, 28 തീയതികളില്‍ ഡല്‍ഹി വേദിയാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിജയികള്‍ ദേശീയ മത്സരത്തില്‍ പങ്കെടുക്കും.

സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സയ്യിദ് അഹ്മദ് മുനീര്‍ അഹ്ദല്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സി എന്‍ ജാഫര്‍, സി ആര്‍ കെ മുഹമ്മദ്, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സയ്യിദ് അഹ്മദ് മുനീര്‍ അഹ്ദല്‍ അഹ്‌സനി, മുഹമ്മദ് നംഷാദ്, മുഹമ്മദ് റഈസ് മുഈനി, ബാദുഷ ഹാദി, മുഹമ്മദ് കുഞ്ഞി ഉളുവാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Latest