Connect with us

KERALA PWD

ടാർ വില കുതിക്കുന്നു; റോഡ് പ്രവൃത്തികൾ സ്തംഭനത്തിൽ

ഒരു ബാരൽ ടാറിന് കൂടിയത് 5,000 രൂപ. എസ് എസ് വൺ ടാർ ഡ്രമ്മിന് 10,300ൽ നിന്ന് 17,000 രൂപയായി

Published

|

Last Updated

പാലക്കാട് | ടാറിന് വില കുതിച്ചുയർന്നതോടെ സംസ്ഥാനത്ത് റോഡ് പണികളെല്ലാം പ്രതിസന്ധിയിൽ. കേന്ദ്ര സർക്കാർ റിഫൈനറികൾ മുഖേന നൽകുന്ന ബിറ്റുമിൻ ഉൾപ്പെടെയുള്ള ടാറിനാണ് വൻതോതിൽ വില കൂടിയത്.

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ റോഡ് പണികളെല്ലാം സ്തംഭനാവസ്ഥയിലാണെന്ന് കരാറുകാർ പറയുന്നു. ബിറ്റുമിൻ ടാറിന് ഒരു ബാരൽ (156 കിലോ) 5,000 രൂപ കൂടി. 5,600 രൂപയിൽ നിന്ന് 10,600 രൂപയായാണ് വർധിച്ചത്. മെറ്റൽ ചെയ്ത ശേഷം റോഡിന്റെ ഉപരിതലത്തിൽ പാകുന്ന ആർ എസ് വൺ എമെൽഷൻ ടാറിന് (200 കിലോ ഡ്രമ്മിന്) 9,000ത്തിൽ നിന്ന് 12,000 ആയും മെറ്റലിനോടൊപ്പം പാകുന്ന എസ് എസ് വൺ ടാർ ഡ്രമ്മിന് 10,300ൽ നിന്ന് 17,000 രൂപയായും ഉയർന്നു.

ഇതോടെ റോഡ്പണി കരാറെടുത്തവർ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയാതെ ഉഴലുകയാണ്. ഒരു സ്‌ക്വയർ മീറ്ററിന് 0.27 കിലോ ടാർ ഉപയോഗിക്കും. ഓരോ റോഡിനും ഇതിൽ വ്യത്യാസം വരും. ടാർ ലഭിക്കണമെങ്കിൽ ബന്ധപ്പെട്ട എൻജിനീയർമാരുടെ സാക്ഷ്യപത്രവും വേണം. എന്നാലും കാലതാമസം നേരിടുന്നു. ഈ കാലതാമസം മൂലം എസ്റ്റിമേറ്റ് തുകയിൽ നിന്ന് കൂടുതൽ ചെലവഴിക്കേണ്ടി വരുന്നതായും കരാറുകാർ പറയുന്നു.

പൊതുമരാമത്ത് വകുപ്പിലെ റോഡ് നിർമാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ ടാറിന്റെ മാർക്കറ്റ് വിലക്ക് അനുസരിച്ച് തുക കാണിക്കാറുണ്ട്. എന്നാൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ടെൻഡറിൽ 2018ലെ വില കണക്കാക്കുന്നതാണ് കരാറുകാരെ പ്രതിസന്ധിയിലാക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളിലെ മരാമത്ത് പണികളിൽ 2021ലെ ഷെഡ്യൂൾ നിരക്ക് പുതുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും 2018ലെ നിരക്കാണ് ചീഫ് എൻജിനീയർ അനുവദിക്കുന്നതെന്നും കേരള ഗവ. കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ കുറ്റപ്പെടുത്തി.

പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്തെ തകർന്ന റോഡുകളെല്ലാം നന്നാക്കാൻ നടപടിയെടുക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും ടാർ വില വർധനവ് മൂലം പല റോഡ് പണികളും നിർത്തിവെക്കേണ്ട അവസ്ഥയിലാണെന്നാണ് കരാറുകാർ പറയുന്നത്.

Latest