Connect with us

From the print

സതീശനെതിരെ ആര്? തലപുകച്ച് സി പി ഐ

ഇ ടി ടൈസണ്‍ പരിഗണനയില്‍.

Published

|

Last Updated

കൊച്ചി | നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ആരെ കളത്തിലിറക്കുമെന്നതില്‍ സി പി ഐയില്‍ തീരുമാനമായില്ല. ഈ മാസം എട്ടിന് സംസ്ഥാന കൗണ്‍സിലില്‍ സ്ഥാനാര്‍ഥിപ്പട്ടിക അന്തിമമാക്കി പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും പറവൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള ആശങ്ക അകന്നില്ല.

മികച്ച സ്ഥാനാര്‍ഥിയെ കളത്തിലിറക്കി വി ഡി സതീശനെ മണ്ഡലത്തില്‍ കെട്ടിയിടാന്‍ സാധിച്ചാല്‍ സംസ്ഥാനമൊട്ടാകെയുള്ള പ്രതിപക്ഷത്തിന്റെ പ്രചാരണത്തെ അത് ബാധിക്കുമെന്ന കണക്കുകൂട്ടല്‍ കൂടിയുള്ളതിനാല്‍ അത്തരമൊരാളെ കണ്ടെത്താനാണ് സി പി ഐ നേതൃത്വം തലപുകയ്ക്കുന്നത്.

ഇത്തവണ നേര്‍ക്കുനേര്‍ പോന്ന സ്ഥാനാര്‍ഥിയെ കണ്ടെത്തിയില്ലെങ്കില്‍ പ്രതിപക്ഷത്തിനെതിരെ ഉയര്‍ത്തുന്ന രാഷ്ട്രീയ ആരോപണങ്ങളുടെ മൂര്‍ച്ച കുറവെന്ന പഴി കൂടി സി പി ഐക്ക് കേള്‍ക്കേണ്ടി വരും. അതിനാല്‍ സി പി എം സംസ്ഥാന നേതൃത്വത്തിന് കൂടി ബോധ്യപ്പെടുന്ന പൊതുസമ്മതനെയോ അല്ലെങ്കില്‍ ജില്ലക്ക് പുറത്തുനിന്നുള്ള പ്രധാന നേതാക്കളിലൊരാളെയോ കളത്തിലിറക്കാനാണ് നിലവിലെ ആലോചന.

ഇക്കാര്യത്തില്‍ സി പി എം നേതൃത്വവുമായി സി പി ഐ ആശയവിനിമയം നടത്തിയിരുന്നു. സി പി ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ അശ്റഫ്, ജില്ലാ സെക്രട്ടറി എന്‍ അരുണ്‍ എന്നിവരുടെ പേരാണ് ആദ്യഘട്ടത്തില്‍ പറഞ്ഞ് കേട്ടിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റി. മുന്‍ മന്ത്രി വി എസ് സുനില്‍കുമാറിന്റെ പേരും സ്ഥാനാര്‍ഥി പട്ടികയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പൊതുമുഖമെന്ന പേരില്‍ രാഷ്ട്രീയ നിരീക്ഷകനായ എന്‍ എം പിയേഴ്സണിന്റെ പേരും ഒരു ഘട്ടത്തില്‍ ഉയര്‍ന്നുവന്നു. എന്നാല്‍ മണ്ഡലത്തിന്റെ പൊതുസ്വഭാവം കണക്കിലെടുത്തും വോട്ടുചോര്‍ച്ച തടയാന്‍ കെല്‍പ്പുള്ളയാളെന്ന നിലയിലും മറ്റൊരാളെ വേണമെന്ന നിലയിലേക്ക് ചര്‍ച്ച വഴിമാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കൈപ്പമംഗലം എം എല്‍ എ. ഇ ടി ടൈസന്റെ പേര് ഉയര്‍ന്നുവന്നത്.

കോട്ടപ്പുറം രൂപതക്ക് ഗണ്യമായ സ്വാധീനമുള്ള മണ്ഡലത്തില്‍ ലത്തീന്‍ കത്തോലിക്കാ മുഖം എന്ന നിലയില്‍ ടൈസന്റെ സ്ഥാനാര്‍ഥിത്വം ഗുണകരമാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. മണ്ഡലത്തില്‍ വലിയ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലെന്നതും ടൈസന്റെ സ്ഥാനാര്‍ഥിത്വത്തിന് ഗുണകരമാകുമെന്ന വിലയിരുത്തലാണ് സി പി ഐക്കുള്ളത്. ഇക്കാര്യത്തില്‍ സി പി എമ്മിനും എതിര്‍പ്പില്ല. എന്നാല്‍ ഈ മാസം എട്ടിന് ചേരുന്ന നേതൃയോഗങ്ങളില്‍ വിശദമായ ചര്‍ച്ചക്ക് ശേഷമേ ഇത് അംഗീകരിക്കുകയുള്ളൂ.

സംസ്ഥാനമാകെ ഉറ്റുനോക്കുന്ന മണ്ഡലമായതിനാല്‍ പ്രമുഖരായ മറ്റ് സംസ്ഥാന നേതാക്കളിലൊരാളെ പറവൂരില്‍ പരിഗണിച്ചാലും അത്ഭുതപ്പെടാനില്ല.

അതേസമയം, സതീശനെതിരെ പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള നീക്കത്തിലാണ് ബി ജെ പി നേതൃത്വവും. ബി ഡി ജെ എസില്‍ നിന്ന് സീറ്റ് ബി ജെ പി ഏറ്റെടുക്കുന്നതും അവരുടെ പരിഗണനയിലുണ്ട്.

എന്നാല്‍ പറവൂരിലെ മത്സരം സംബന്ധിച്ച് കോണ്‍ഗ്രസ്സിന് ആശങ്കയേതുമില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഭൂരിപക്ഷം കുത്തനെ ഉയര്‍ത്തിയാണ് പറവൂരിനെ വി ഡി സതീശന്‍ ഉറപ്പിച്ച് നിര്‍ത്തുന്നത്. സംസ്ഥാനത്തെ ഏത് യു ഡി എഫ് വിരുദ്ധ തരംഗത്തിലും സ്ഥാനാര്‍ഥികളായി വമ്പന്മാരടക്കം എത്തിയിട്ടും സതീശന് മുന്നില്‍ അടിപതറുകയായിരുന്നു.

2001ലെ കന്നി ജയത്തില്‍ നേടിയ 7434 വോട്ട് ഭൂരിപക്ഷം 2021ല്‍ 21,301 വോട്ടുകളാക്കി ഉയര്‍ത്തിയപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തിലും സതീശന്റെ ഗ്രാഫ് കുത്തനെ ഉയരുകയായിരുന്നു. അതുകൊണ്ട് തന്നെ ഭൂരിപക്ഷം കുത്തനെ കൂട്ടാനുള്ള തന്ത്രങ്ങളാണ് പറവൂരില്‍ യു ഡി എഫ് പയറ്റുക.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest