From the print
സി പി എമ്മില്‍ സ്ഥാനാര്‍ഥി പട്ടികയായി; പ്രഖ്യാപനം ഞായറാഴ്ച
മുഴുവന്‍ മന്ത്രിമാരും സിറ്റിംഗ് സീറ്റുകളില്‍. മലപ്പുറത്ത് സ്വതന്ത്ര പരീക്ഷണം തുടരും.
തിരുവനന്തപുരം ്യു നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 12 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ സി പി എം തീരുമാനം. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ശിപാര്‍ശകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. വി അബ്ദുര്‍റഹ്മാന്‍ ഉള്‍പ്പെടെ 12 മന്ത്രിമാരും സിറ്റിംഗ് മണ്ഡലങ്ങളില്‍ മത്സരിക്കും. ഒപ്പം മത്സരിക്കുന്നവരില്‍ ഭൂരിഭാഗം എം എല്‍ എമാരും സിറ്റിംഗ് മണ്ഡലങ്ങളില്‍ നിന്ന് തന്നെ വീണ്ടും ജനവിധി തേടും. വിവിധ ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ട സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് മത്സരത്തിനില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുന്‍ മന്ത്രി എം എം മണി, സ്പീക്കര്‍ എ എന്‍ ഷംസീര്‍, എം രാജഗോപാലന്‍, പി നന്ദകുമാര്‍ എന്നിവര്‍ ഒഴിവാക്കപ്പെട്ട പ്രമുഖ നേതാക്കളില്‍ ഉള്‍പ്പെടുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറിനെ കായംകുളത്തേക്ക് നിര്‍ദേശിച്ചെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി. സിറ്റിംഗ് എം എല്‍ എ. യു പ്രതിഭ തന്നെ കായംകുളത്ത് മത്സരിക്കും.
അതേസമയം ഒഴിയാന്‍ സന്നദ്ധത അറിയിച്ചെങ്കിലും, വിജയസാധ്യത കണക്കിലെടുത്ത് മുന്‍ മന്ത്രി കെ ടി ജലീലിനെ തന്നെ തവനൂരില്‍ വീണ്ടും ഇറക്കാനാണ് നീക്കം. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും, മന്ത്രി വീണാ ജോര്‍ജ് ആറന്മുളയില്‍ നിന്ന് മത്സരിക്കും. പൊന്നാനിയില്‍ സിറ്റിംഗ് എം എല്‍ എ. പി നന്ദകുമാറിന് പകരം മുന്‍ പി എസ് സി ചെയര്‍മാനും കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍പേഴ്സണുമായ എം കെ സക്കീര്‍ മത്സരിക്കും. കുന്ദമംഗലത്ത് എല്‍ ഡി എഫ് സ്വതന്ത്രന്‍ പി ടി എ റഹീം വീണ്ടും ജനവിധി തേടും. മുന്‍മന്ത്രി കെ കെ ശൈലജ മട്ടന്നൂരില്‍ നിന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ തട്ടകമായ പേരാവൂര്‍ മണ്ഡലത്തിലേക്ക് മാറും. ഇതോടെ പേരാവൂര്‍ രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമായി മാറും.
ധര്‍മടം സീറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കും. മന്ത്രിമാരായ പി രാജീവ് (കളമശ്ശേരി), കെ എന്‍ ബാലഗോപാല്‍ (കൊട്ടാരക്കര), വി എന്‍ വാസവന്‍ (ഏറ്റുമാനൂര്‍), സജി ചെറിയാന്‍ (ചെങ്ങന്നൂര്‍), എം ബി രാജേഷ് (തൃത്താല), പി എ മുഹമ്മദ് റിയാസ് (ബേപ്പൂര്‍), വീണാജോര്‍ജ് (ആറന്മുള), ആര്‍ ബിന്ദു (ഇരിഞ്ഞാലക്കുട), ഒ ആര്‍ കേളു (മാനന്തവാടി), വി ശിവന്‍കുട്ടി ( നേമം), വി അബ്ദുര്‍റഹ്മാന്‍ (താനൂര്‍) എന്നിവര്‍ മത്സരരംഗത്തുണ്ടാകും.
ഉടുമ്പന്‍ചോലയില്‍ എം എം മണിക്ക് പകരം സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ ജയചന്ദ്രന്‍ മത്സരിക്കും. കണ്ണൂര്‍ ജില്ലയില്‍ ടി ഐ മധുസൂദനന്‍ (പയ്യന്നൂര്‍), എം വിജിന്‍ (കല്യാശ്ശേരി), പി കെ ശ്യാമള (തളിപ്പറമ്പ്), കെ വി സുമേഷ് (അഴീക്കോട്), കാരായി രാജന്‍ (തലശ്ശേരി), ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് (മട്ടന്നൂര്‍) എന്നിവരാണ് സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. കോഴിക്കോട്ട് മുഴുവന്‍ സിറ്റിംഗ് എം എല്‍ എമാരും വീണ്ടും മത്സരിക്കും. പേരാമ്പ്രയില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, ബേപ്പൂരില്‍ മുഹമ്മദ് റിയാസ്, ലിന്റോ ജോസഫ് (തിരുവമ്പാടി), തോട്ടത്തില്‍ രവീന്ദ്രന്‍ (കോഴിക്കോട് നോര്‍ത്ത്), കെ എം സച്ചിന്‍ ദേവ് (ബാലുശ്ശേരി) എന്നിവരാണ് സ്ഥാനാര്‍ഥികള്‍. കാനത്തില്‍ ജമീലയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന കൊയിലാണ്ടിയില്‍ പാര്‍ട്ടി വനിതാ നേതാക്കളിലൊരാള്‍ക്ക് അവസരം നല്‍കും. ആലപ്പുഴയിലെ ആറ് സിറ്റിംഗ് എം എല്‍ എമാരെ വീണ്ടും നാമനിര്‍ദേശം ചെയ്തു. ദലീമ ജോജോ അരൂരിലും പി ചിത്തരഞ്ജന്‍ ആലപ്പുഴയിലും മത്സരിക്കും.
തൃപ്പൂണിത്തുറയില്‍ നിലവിലെ വൈപ്പിന്‍ എം എല്‍ എ. കെ എന്‍ ഉണ്ണികൃഷ്ണന്‍ സ്ഥാനാര്‍ഥിയാകും. പകരം വൈപ്പിനില്‍ എം ബി ഷൈനിയാണ് സ്ഥാനാര്‍ഥി. കുന്നംകുളം മണ്ഡലത്തില്‍ എ സി മൊയ്തീന്‍ തന്നെ മൂന്നാം തവണയും ജനവിധി തേടും. അതേസമയം മണലൂരില്‍ മുന്‍ മന്ത്രി സി രവീന്ദ്രനാഥ് സ്ഥാനാര്‍ഥിയാകും. രണ്ടാംഘട്ടത്തിലായിരിക്കും പ്രഖ്യാപനമുണ്ടാകുക.
തിരുവനന്തപുരം ജില്ലയില്‍ പാര്‍ട്ടിയുടെ പത്ത് സിറ്റിംഗ് എം എല്‍ എമാര്‍ക്കും സ്ഥാനാര്‍ഥിത്വം നല്‍കിയിട്ടുണ്ട്. കൂടുതല്‍ സ്വതന്ത്രരെ പരീക്ഷിക്കുന്ന മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ, നിലമ്പൂര്‍, മങ്കട എന്നിവിടങ്ങളില്‍ ഇത്തവണയും സ്വതന്ത്ര സ്ഥാനാര്‍ഥികളായിരിക്കും. പാലക്കാട്ട് പി സരിന്‍ സാധ്യതാ പട്ടികയിലുണ്ടെങ്കിലും യു ഡി എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. നെന്മാറയില്‍ കെ പ്രേമനും ആലത്തൂരില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം ടി എം ശശിയും മത്സരിക്കും.


