Connect with us

Kerala

ഷിപ്പിംഗ് ചാര്‍ജ് കുത്തനെ കൂട്ടി ; ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിദേശത്ത് വില കയറും

സര്‍ചാര്‍ജ് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കയറ്റുമതി സംഘടനകള്‍.

Published

|

Last Updated

കോഴിക്കോട് | രാജ്യത്ത് ഷിപ്പിംഗ് ചാര്‍ജ് കുത്തനെകൂട്ടി. വാര്‍ സര്‍ചാര്‍ജ് എന്ന പേരില്‍ 1,800 മുതല്‍ 4,000 യു എസ് ഡോളര്‍ വരെയാണ് വര്‍ധന. കണ്ടെയ്‌നറുകളില്‍ അയക്കുന്ന ഇനങ്ങളുടെ തരമനുസരിച്ച് വര്‍ധിപ്പിച്ച ചാര്‍ജ് നല്‍കേണ്ടി വരും. പച്ചക്കറി, പഴം, മത്സ്യം ഉള്‍പ്പെടെ ശീതീകരിച്ച കണ്ടെയ്‌നറുകളില്‍ അയക്കേണ്ട ഇനങ്ങള്‍ക്ക് സര്‍ചാര്‍ജ് കൂടുതല്‍ നല്‍കണം. പുതിയ ബുക്കിംഗുകള്‍ക്ക് മാത്രമല്ല, യു എ ഇ, ഖത്വര്‍, സഊദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത്, ഇറാഖ് , ഒമാന്‍ എന്നിവിടങ്ങളിലെ തുറമുഖങ്ങളില്‍ നിന്ന് ഇതുവരെ ഡിസ്ചാര്‍ജ് ചെയ്യാത്ത വെള്ളത്തിലുള്ള കാര്‍ഗോകള്‍ക്കും കണ്ടെയ്നറുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാണെന്ന് വിവിധ ഷിപ്പിംഗ് കമ്പനികളുടെ നോട്ടീസിലുണ്ട്. മാര്‍ച്ച് മൂന്ന് മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വര്‍ധിപ്പിച്ച ചാര്‍ജ് ഈടാക്കുമെന്നാണ് അറിയിപ്പ്.

ഹോര്‍മുസ് കടലിടുക്കില്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ സുരക്ഷയും ഇന്‍ഷ്വറന്‍സ് കവറേജ് കൂട്ടേണ്ടതടക്കമുള്ള കാര്യങ്ങളാണ് നിരക്ക് വര്‍ധനക്ക് ന്യായീകരണമായി പറയുന്നത്.

കയറ്റുമതിക്കാരെ സംബന്ധിച്ചിടത്തോളം നിലവില്‍ കാര്‍ഗോ നിലച്ച ഘട്ടമാണിത്. കഴിഞ്ഞ ഒന്നാം തീയതി കൊച്ചിയില്‍ അയ്യായിരം ടണ്‍ സാധനങ്ങളുമായി ദുബൈയിലെ ജബല്‍ അലിയിലേക്ക് പുറപ്പെട്ട കപ്പല്‍ വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതില്‍ നാലിലൊന്ന് ഭാഗം പഴം-പച്ചക്കറി-മത്സ്യ ഇനങ്ങളാണ്. ഇത്തരത്തില്‍ വമ്പിച്ച നഷ്ടം സഹിക്കുന്ന അവസരത്തിലാണ് ഷിപ്പിംഗ് ചാര്‍ജ് കൂടി വര്‍ധിച്ചിരിക്കുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളിലേയും മറ്റും വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളുമായി എഗ്രിമെന്റ് ഒപ്പിട്ട കയറ്റുമതി സ്ഥാപനങ്ങളാണ് കേരളത്തിലധികവും. അവിചാരിതമായ ചാര്‍ജ് വര്‍ധന ഇത്തരം സ്ഥാപനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കും.

നിലവില്‍ ചരക്കു നീക്കം നടക്കുന്നില്ലെങ്കിലും യുദ്ധം അവസാനിച്ചാലും കൂട്ടിയ സര്‍ചാര്‍ജ് കുറയ്ക്കാനിടയില്ലെന്നതാണ് ആശങ്ക. ഇതോടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിദേശ മാര്‍ക്കറ്റുകളില്‍ വില കൂടാന്‍ സാധ്യതയുണ്ട്. ദുബൈയിലും മറ്റും ഉള്ളി, തക്കാളി ഇനങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. വിലയും കൂടിയിട്ടുണ്ട്. സഊദിയില്‍ കുറഞ്ഞ തോതിലാണെങ്കിലും പ്രാദേശിക ഉത്പാദനം നടക്കുന്ന സീസണായത് ആശ്വാസമാണ്. സംസ്ഥാനത്ത് വിദേശ കയറ്റുമതിയില്‍ 80 ശതമാനവും കപ്പല്‍ മാര്‍ഗമാണ്.

സര്‍ചാര്‍ജ് വര്‍ധിപ്പിച്ച വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി കേന്ദ്ര സര്‍ക്കാറിന് കത്തയച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest