National
പിന്തുണച്ച് കോൺഗ്രസും ഇടതുപക്ഷവും വി സി കെയും; വിജയിക്ക് ഭൂരിപക്ഷമായി; അൽപസമയത്തിനകം ഗവർണറുമായി കൂടിക്കാഴ്ച
മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വിജയ് ഗവർണറെ കാണുന്നത്.
ചെന്നൈ | തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തിയ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി വി കെ) ഒടുവിൽ സഖ്യകക്ഷികളുടെ പിന്തുണയോടെ കേവല ഭൂരിപക്ഷം ഉറപ്പിച്ചു. ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാനുള്ള പിന്തുണ ടി വി കെക്ക് ലഭിച്ചതായാണ് ഒടുവിലത്തെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. കോൺഗ്രസിന്റെ അഞ്ച് അംഗങ്ങളും, വിടുതലൈ ചിരുതൈഗൾ കച്ചി (വി സി കെ), സി പി ഐ എം, സി പി ഐ എന്നീ പാർട്ടികളിലെ രണ്ട് വീതം അംഗങ്ങളുമാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നത്. ഇതോടെ ഭൂരിപക്ഷ കടമ്പ കടന്ന വിജയ് ഇന്ന് വൈകുന്നേരം 4.30 ന് തമിഴ്‌നാട് ഗവർണർ ആർ വി ആർലേക്കറുമായി കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വിജയ് ഗവർണറെ കാണുന്നത്.
കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലും വിജയും ഗവർണറും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ സഭയിൽ ആവശ്യത്തിന് പിന്തുണയില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരിക്കാനുള്ള വിജയ്‌യുടെ അവകാശവാദം ഗവർണർ നിരസിക്കുകയായിരുന്നു. വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയിൽ കേവലം 113 എം എൽ എമാരെ മാത്രം വെച്ച് എങ്ങനെ സർക്കാർ രൂപീകരിക്കുമെന്നും മറ്റ് ഏതൊക്കെ പാർട്ടികളാണ് പിന്തുണയ്ക്കുന്നതെന്നും ഗവർണർ വിജയോട് ചോദിച്ചിരുന്നു. എന്നാൽ ഇതിന് കൃത്യമായ മറുപടി നൽകാൻ വിജയ്ക്ക് സാധിച്ചിരുന്നില്ല.

കഴിഞ്ഞ മാസം നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ 108 എണ്ണത്തിലും വിജയിച്ചാണ് ആദ്യ തിരഞ്ഞെടുപ്പ് ഗോദയിൽ ടി വി കെ തരംഗം സൃഷ്ടിച്ചത്. കഴിഞ്ഞ 62 വർഷമായി തമിഴ്‌നാട് രാഷ്ട്രീയം അടക്കിഭരിച്ചിരുന്ന ഡി എം കെ, എ ഐ എ ഡി എം കെ എന്നീ ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിനാണ് വിജയ് ഇതോടെ അന്ത്യം കുറിച്ചത്. എന്നാൽ കേവല ഭൂരിപക്ഷത്തിന് പത്ത് സീറ്റുകൾ കുറവായിരുന്നതിനാൽ സർക്കാർ രൂപീകരണം പ്രതിസന്ധിയിലായി.
തുടർന്ന് ബി ജെ പി ഉൾപ്പെടെയുള്ള വർഗീയ ശക്തികളുമായി സഖ്യമുണ്ടാക്കില്ലെന്ന വ്യവസ്ഥയിലാണ് കോൺഗ്രസ് തങ്ങളുടെ അഞ്ച് സീറ്റുകൾ വിജയ്ക്ക് വാഗ്ദാനം ചെയ്തത്. ഇതിനു പിന്നാലെ ഡി എം കെ മുന്നണിയിലുണ്ടായിരുന്ന വി സി കെയും ഇരു ഇടതുപക്ഷ പാർട്ടികളും വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ തമിഴ്‌നാട്ടിൽ ടി വി കെ സർക്കാർ രൂപീകരിക്കാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്.
Summary
Actor Vijay’s Tamilaga Vettri Kazhagam (TVK) has reportedly secured the required majority of 118 seats to form the next government in Tamil Nadu. The party, which won 108 seats in the assembly elections, has gained the support of five Congress MLAs, along with two each from the VCK, CPI M, and CPI. Following these developments, Vijay is scheduled to meet Tamil Nadu Governor RV Arlekar today to stake his claim to form the government.







