Connect with us

National

19 കാരിയെ ബലാത്സംഗം ചെയ്ത രണ്ടു പോലീസുകാരെ തമിഴ്‌നാട് സര്‍ക്കാര്‍ പിരിച്ചുവിട്ടു

തിരുവണ്ണാമലൈ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ സുരേഷ് രാജ്, സുന്ദര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്.

Published

|

Last Updated

ചെന്നൈ | വാഹന പരിശോധനക്കിടെ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്ത രണ്ടു പോലീസുകാരെ തമിഴ്‌നാട് സര്‍ക്കാര്‍ പിരിച്ചുവിട്ടു. തിരുവണ്ണാമലൈ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ സുരേഷ് രാജ്, സുന്ദര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്.

തമിഴ്‌നാട് തിരുവണ്ണാമലയില്‍ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ ആന്ധ്ര സ്വദേശികളായ പെണ്‍കുട്ടികള്‍ യാത്ര ചെയ്ത വാഹനം തടഞ്ഞ് ചേച്ചിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം 19 കാരിയായ അനുജത്തിയെ അടുത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയത്. ഏന്തള്‍ ചെക് പോസ്റ്റിനോട് ചേര്‍ന്നാണ് സംഭവം. തുടര്‍ന്ന് പുലര്‍ച്ചയോടെ അവശയായ യുവതിയെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് യുവതിയെ കണ്ടെത്തിയത്.

തിരുവണ്ണാമലൈ ക്ഷേത്രപരിസരത്തെ വഴിയോരക്കടയിലേക്ക്, ആന്ധ്രയിലെ ചിറ്റൂരില്‍ നിന്ന് പഴങ്ങളുമായി സഹോദരിമാര്‍ മിനി ട്രക്കില്‍ വരുമ്പോഴാണ് സംഭവം. പുലര്‍ച്ചെ ഒരു മണിക്ക് ഏന്താളിലെത്തിയപ്പോള്‍ രേഖകള്‍ പരിശോധിക്കാനെന്ന പേരില്‍ വാഹനം തടഞ്ഞുനിര്‍ത്തിയ പോലീസുകാരായ സുന്ദറും സുരേഷ് രാജും പെണ്‍കുട്ടികളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. മൂത്ത സഹോദരിയെ മര്‍ദ്ദിച്ച് അവശയാക്കിയതിനുശേഷം 19 കാരിയെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഏറെ സമയത്തിന് ശേഷം പെണ്‍കുട്ടിയെ റോഡരികില്‍ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. നാട്ടുകാര്‍ക്കൊപ്പം തിരച്ചിലിന് ഇറങ്ങിയ മൂത്ത സഹോദരി, പെണ്‍കുട്ടിയെ ബൈപാസിന് സമീപം കണ്ടെത്തുകയായിരുന്നു.

നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ തിരുവണ്ണാമലൈ വനിതാ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുന്ദറിനെയും സുരേഷിനെയും പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. തിരുവണ്ണാമലൈ വിഴുപ്പുറം ബൈപാസിന് സമീപം ഏന്താള്‍ ഗ്രാമത്തില്‍ നടന്ന പോലീസുകാരുടെ കൊടും ക്രൂരത തമിഴ്‌നാട്ടില്‍ വിവാദമായിരുന്നു. സര്‍ക്കാറിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ച സാഹചര്യത്തിലാണ് അടിയന്തിരമായി രണ്ടു പോലീസുകാര്‍ക്കെതിരെയും നടപടി സ്വീകരിച്ചത്.

 

 

Latest