Connect with us

Articles

ദിശ മാറി ദ്രാവിഡ രാഷ്ട്രീയം

തിരഞ്ഞെടുപ്പില്‍ ടി വി കെ സഖ്യം 35.2 ശതമാനം വോട്ട് നേടിയപ്പോള്‍ ഡി എം കെ സഖ്യം 31.4 ശതമാനം വോട്ടും പെട്ടിയിലാക്കിയിട്ടുണ്ട്. ജയലളിതയുടെ മരണത്തിനു ശേഷം സംഘടനാപരമായി വലിയ വെല്ലുവിളികള്‍ നേരിടുന്ന എ ഐ എ ഡി എം കെ സഖ്യം 27.21 ശതമാനം വോട്ട് നേടി മെച്ചപ്പെട്ട പ്രകടനം നടത്തി തൊട്ടു പിറകിലുണ്ട്. വോട്ടിംഗ് ശതമാനത്തിലെ ഈ കണക്കെടുത്താല്‍ തന്നെ തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയം അവസാനിക്കുകയല്ല കൂടുതല്‍ സങ്കീര്‍ണതകളോടെ ശക്തിപ്പെടുകയാണ് എന്ന് കാണാം.

Published

|

Last Updated

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ എക്കാലത്തെയും വലിയ സസ്‌പെന്‍സ് ഒളിപ്പിച്ച തിരഞ്ഞെടുപ്പ് ഫലമായിരുന്നു തമിഴ്‌നാട്ടിലേത്. ആക്‌സിസ് മൈ ഇന്ത്യ ഒഴികെയുള്ള ഒരു എക്‌സിറ്റ് പോള്‍ സര്‍വേയും തമിഴ് സിനിമയിലെ സൂപ്പര്‍ നായകനായ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടി വി കെ) അധികാരത്തിന് ഏഴയലത്ത് എത്തുമെന്ന് പോലും പ്രവചിച്ചിരുന്നില്ല. എത്ര വലിയ രാഷ്ട്രീയ സുനാമിയിലും പിടിച്ചുനില്‍ക്കാന്‍ മാത്രം ആഴത്തില്‍ പ്രത്യയശാസ്ത്രപരമായി വേരുറപ്പിക്കാന്‍ തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന് കഴിഞ്ഞിട്ടുണ്ട് എന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. കാരണം 1967ല്‍ അവസാന കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായിരുന്ന ഭക്തവത്സലം അധികാരം വിട്ട ശേഷം തന്തൈ പെരിയാറിന്റെ പ്രത്യയശാസ്ത്ര ശക്തിയില്‍ അണ്ണാദുരൈ വെട്ടിത്തെളിച്ച ദ്രാവിഡ രാഷ്ട്രീയ വഴിയിലാണ് തമിഴ്‌നാട് നാളിതുവരെയും സഞ്ചരിച്ചത്. തമിഴ് ദേശീയത ഊതിക്കത്തിച്ച അണ്ണാദുരൈയുടെ ദ്രാവിഡ മുന്നേറ്റ കഴകം (ഡി എം കെ) എന്ന പാര്‍ട്ടി കരുണാനിധി, എം ജി ആര്‍ എന്നീ നേതാക്കളുടെ അധികാര തര്‍ക്കത്തിനൊടുവില്‍ പിളര്‍ന്ന് ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ ഐ എ ഡി എം കെ) എന്ന പേരില്‍ പുതിയ പാര്‍ട്ടിയായി മാറിയെങ്കിലും പ്രത്യശാസ്ത്രപരമായി ഒരു മഹാനദിയുടെ രണ്ട് കൈവഴി പോലെ തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയം തന്നെയായിരുന്നു പരന്നൊഴുകിയിരുന്നത്.

സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ക്ക് തിരക്കഥ എഴുതിയിരുന്ന കരുണാനിധിയും അവരുടെ സൂപ്പര്‍ നായകനായിരുന്ന എം ജി ആറും രാഷ്ട്രീയത്തില്‍ വേരുറപ്പിച്ചതും പിടിച്ചു നിന്നതും എം ജി ആറിനു ശേഷം പിന്നീട് അവരുടെ സൂപ്പര്‍ നായികയായിരുന്ന ജയലളിതക്ക് അത് തുടരാനായതുമൊക്കെ ദ്രാവിഡ രാഷ്ട്രീയം ഉറക്കെ പറഞ്ഞു കൊണ്ടായിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്ന് തന്നെ രാഷ്ട്രീയത്തിലെത്തിയ വിജയ്കാന്തും തമിഴ് ജനതയോട് സംസാരിച്ചത് ഇതേ ദ്രാവിഡ രാഷ്ട്രീയം തന്നെയായിരുന്നു. ഇതേ വഴിയില്‍ പിന്നീട് രാഷ്ട്രീയത്തില്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന കടന്നു വരവായിരുന്നു ഉലകനായകന്‍ കമല്‍ഹാസന്റെത്. മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിയുമായി രാഷ്ട്രീയത്തിലേക്ക് വന്ന കമല്‍ഹാസന് തമിഴ് രാഷ്ട്രീയത്തില്‍ ഇടം കിട്ടാതെ പോയത് കമല്‍ സംസാരിക്കുന്ന രാഷ്ട്രീയവും തമിഴന്റെ ജൈവിക രാഷ്ട്രീയ സ്വഭാവവും തമ്മിലുള്ള വ്യത്യസ്തത കൊണ്ടായിരുന്നു. കമല്‍ഹാസന്‍ ഒരു സെന്‍ട്രല്‍ ലെഫ്റ്റ് പുരോഗമന രാഷ്ട്രീയമാണ് മുന്നോട്ടുവെച്ചത്.

അങ്ങനെയൊരു രാഷ്ട്രീയ ധാരയിലേക്ക് പതുക്കെയെങ്കിലും സഞ്ചരിക്കാനുള്ള രാഷ്ട്രീയ സമൂഹമായി തമിഴര്‍ പാകപ്പെട്ടിരുന്നില്ല. അത് മാത്രമല്ല ബി ജെ പി ഉത്തരേന്ത്യയില്‍ ശ്രീരാമനെ ഉയര്‍ത്തിക്കൊണ്ടുവന്ന പോലെ തമിഴ് ഹിന്ദു സമൂഹത്തിന്റെ പ്രധാന ആരാധനാമൂര്‍ത്തിയായ മുരുകനെ മുന്നോട്ടുവെച്ച് ബി ജെ പി ഉയര്‍ത്തിയ വര്‍ഗീയ രാഷ്ട്രീയത്തെയും ദയയില്ലാതെ പുറത്ത് നിര്‍ത്താനുള്ള രാഷ്ട്രീയ ബോധം തമിഴന്‍ കാണിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും ഭീകരമായ ഫലമാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പോലും ബി ജെ പി നേരിട്ടത്. 2.97 ശതമാനം വോട്ട് മാത്രമാണ് ബി ജെ പിക്ക് ഇത്തവണ പോലും കിട്ടിയിട്ടുള്ളത്. 85 ശതമാനത്തിനു മുകളില്‍ ഹിന്ദു ജനസംഖ്യയുള്ള സംസ്ഥാനമാണ് തമിഴ്‌നാട് എന്നുകൂടി ഓര്‍ക്കണം. ബി ജെ പിക്ക് 10 ശതമാനത്തില്‍ താഴെ വോട്ടുള്ള ആന്ധ്രപ്രദേശ് (2.83 ശതമാനം) അസംബ്ലി മാത്രമാണ് തമിഴ്‌നാടിനേക്കാള്‍ ഭീകരമായ അയിത്തം കല്‍പ്പിച്ച മറ്റൊരു ഭൂമി. എത്ര വലിയ കൊടി പിടിച്ച വര്‍ഗീയ രാഷ്ട്രീയത്തെയും നിലം തൊടാതെ തോല്‍പ്പിക്കാന്‍ തമിഴ് ജനത ഈ തിരഞ്ഞെടുപ്പിലും അസാമാന്യമായ ജാഗ്രത കാണിച്ചിട്ടുണ്ട് എന്നത് മറന്നുപോകരുത്. ഇത് ദ്രാവിഡ രാഷ്ട്രീയം അതിന്റെ ജനിതക സ്വഭാവത്തില്‍ നിന്ന് വഴി മാറിയിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ അടയാളമായി കണക്കാക്കാം.

സ്റ്റാലിന് പിഴച്ചതെവിടെ?

ദ്രാവിഡ രാഷ്ട്രീയം അതിന്റെ ഔന്നിത്യത്തില്‍ നില്‍ക്കുന്ന കാലത്ത് വലിയ സൗജന്യങ്ങള്‍ പ്രഖ്യാപിച്ചാണ് പ്രകടനപത്രികകള്‍ തന്നെ പുറത്തിറങ്ങിയിരുന്നത്. ടി വി, ലാപ്‌ടോപ്പ്, സൈക്കിള്‍, അമ്മ കിച്ചണ്‍ പോലുള്ള സബ്‌സിഡി ഭക്ഷണം തുടങ്ങിയവ വിതരണം ചെയ്യുന്നവര്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ടവരായി മാറി. തുടക്കത്തില്‍ ഏറെ പരിഹസിക്കപ്പെട്ട ഈ രാഷ്ട്രീയ മാതൃക പിന്നീട് വലിയ രാഷ്ട്രീയ പ്രബുദ്ധതയുണ്ടെന്ന് സ്വയം പറയുന്ന കേരളത്തിലടക്കം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. എന്നാല്‍ ഏറെക്കുറെ ഈ മാതൃകകളില്‍ നിന്നെല്ലാം വഴിമാറി നടക്കാനായിരുന്നു കരുണാനിധിക്ക് ശേഷം ഡി എം കെയുടെ നേതാവായി വന്ന സ്റ്റാലിന്റെ ശ്രമം. കുറെക്കൂടി ദ്രാവിഡ രാഷ്ട്രീയം സംഘ്പരിവാര്‍ വിരുദ്ധതയില്‍ ചുട്ടെടുക്കുകയായിരുന്നു സ്റ്റാലിന്‍. ബി ജെ പി ഉയര്‍ത്തുന്ന വര്‍ഗീയ രാഷ്ട്രീയത്തെയും ഭരണഘടനാ ധ്വംസനത്തെയും ഒക്കെ തുറന്നെതിര്‍ത്താണ് സ്റ്റാലിന്‍ ദ്രാവിഡ രാഷ്ട്രീയത്തെ മറ്റൊരു പാതയിലേക്ക് വഴിനടത്തിയത്. ഫെഡറലിസത്തെ കുറിച്ചും ബി ജെ പി നയിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ അധികാര ദുര്‍വിനിയോഗത്തെക്കുറിച്ചും ഒക്കെ ഗംഭീരമായ രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തിയാണ് സംഘ്പരിവാറിനെതിരെയുള്ള പോരാട്ടത്തില്‍ പ്രതിപക്ഷ നിരയിലെ രാഷ്ട്രീയ വ്യക്തതയുള്ള നേതാവായി സ്റ്റാലിന്‍ മാറിയത്. മാത്രവുമല്ല അസാമാന്യമായ രാഷ്ട്രീയ കൈയടക്കത്തോടെയാണ് മന്ത്രിസഭയില്‍ പോലും ഉള്‍പ്പെടുത്താതെ കോണ്‍ഗ്രസ്സിനെയും ഇടതുകക്ഷികളെയും മുസ്‌ലിം ലീഗിനെയും ഒക്കെ അച്ചടക്കമുള്ള രാഷ്ട്രീയ കൂട്ടുകെട്ടില്‍ മുന്നോട്ട് കൊണ്ടുപോയത്. എന്നിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി സ്റ്റാലിന്‍ അടക്കം തോറ്റു എന്നതിന് ഉത്തരം ഒന്നേയുള്ളൂ, ജനാധിപത്യം എല്ലാ കാലത്തും പുതുമകള്‍ അന്വേഷിച്ചു കൊണ്ടേയിരിക്കും.

വിജയ് തരംഗം മാത്രമാണോ?

എം ജി ആറിനോടും ജയലളിതയോടും ഒടുവില്‍ വിജയികാന്തിനോട് വരെ കാണിച്ച സിനിമാ സ്‌നേഹത്തിന്റെ ബാക്കിപത്രം മാത്രമാണിതെന്ന് പറഞ്ഞ് വിജയ് നേടിയ വിജയത്തെ ചെറുതായി കാണേണ്ട ഒന്നല്ല. തിരഞ്ഞെടുപ്പില്‍ വിജയ് ജയിച്ചത് തമിഴന്റെ സിനിമാ ഭ്രാന്ത് കൊണ്ട് മാത്രമാണെന്ന് പറയുന്നത് ഒരു അരാഷ്ട്രീയവാദമാണ്. സിനിമ കൊണ്ട് രക്ഷപ്പെടുമായിരുന്നെങ്കില്‍ തമിഴ്‌നാട്ടില്‍ ഏറെ ജനപ്രീതി ഉണ്ടായിരുന്ന കമല്‍ഹാസന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമായിരുന്നില്ല. സിനിമയിലെ പോപ്പുലാരിറ്റി വിജയ്‌യെ രാഷ്ട്രീയത്തില്‍ ആവോളം സഹായിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. വിജയ് തന്റെ പാര്‍ട്ടിയെ ദ്രാവിഡ രാഷ്ട്രീയത്തിന് പുറത്തല്ല നിര്‍ത്തിയത്, ടി വി കെയെ അതിന്റെ അവകാശിയായിട്ടാണ് അവതരിപ്പിച്ചത്. സംസ്ഥാന സ്വയംഭരണം, ഹിന്ദി വിരോധം, സാമൂഹിക നീതി, യുക്തിവാദം. ജാതിവിരുദ്ധത, മാനവികത എന്നിവയെക്കുറിച്ചെല്ലാം വിജയ് സംസാരിച്ചിട്ടുണ്ട്. പെരിയാര്‍, കാമരാജര്‍, അംബേദ്കര്‍ തുടങ്ങിയവരെയൊക്കെ തന്നെയാണ് വിജയ് തങ്ങളുടെ പൂര്‍വികരായി ഉയര്‍ത്തിക്കാണിച്ചതും. അതുകൊണ്ട് ഇത് ദ്രാവിഡ രാഷ്ട്രീയത്തിന്റെ അവസാനമല്ല. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പുനര്‍വിന്യാസമായിട്ടാണ് മനസ്സിലാക്കേണ്ടത്. തിരഞ്ഞെടുപ്പില്‍ ടി വി കെ സഖ്യം 35.2 ശതമാനം വോട്ട് നേടിയപ്പോള്‍ ഡി എം കെ സഖ്യം 31.4 ശതമാനം വോട്ടും പെട്ടിയിലാക്കിയിട്ടുണ്ട്. ജയലളിതയുടെ മരണത്തിനു ശേഷം സംഘടനാപരമായി വലിയ വെല്ലുവിളികള്‍ നേരിടുന്ന എ ഐ എ ഡി എം കെ സഖ്യം 27.21 ശതമാനം വോട്ട് നേടി മെച്ചപ്പെട്ട പ്രകടനം നടത്തി തൊട്ടു പിറകിലുണ്ട്. വോട്ടിംഗ് ശതമാനത്തിലെ ഈ കണക്കെടുത്താല്‍ തന്നെ തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയം അവസാനിക്കുകയല്ല കൂടുതല്‍ സങ്കീര്‍ണതകളോടെ ശക്തിപ്പെടുകയാണ് എന്ന് കാണാം.

സര്‍ക്കാര്‍ രൂപവത്കരണ സാധ്യതകള്‍

234 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 തികയ്ക്കാന്‍ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകത്തിന് ഇനിയും 10 സീറ്റുകളുടെ പിന്തുണ വേണം. ഡി എം കെ നേതൃത്വം നല്‍കുന്ന സെക്യുലര്‍ പ്രോഗ്രസ്സീവ് അലയന്‍സ് 73 സീറ്റുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ പ്രതിപക്ഷത്തിരിക്കുകയാണെന്ന് പ്രഖ്യാപിച്ച, 51 സീറ്റ് നേടിയ ഡി എം കെയെ മാറ്റിനിര്‍ത്തിയാല്‍, കോണ്‍ഗ്രസ്സ് അഞ്ച്, സി പി ഐ രണ്ട്, സി പി എം രണ്ട്, മുസ്‌ലിം ലീഗ് രണ്ട്, വി സി കെ രണ്ട്, ഡി എം ഡി കെ ഒന്ന് എന്നിങ്ങനെയുള്ള 14 സീറ്റുകളില്‍ ആരെ വേണമെങ്കിലും വിജയ്ക്ക് കൂടെ കൂട്ടാം. കൂടെ വരുന്നവര്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യവും വിജയ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഡി എം കെ സഖ്യത്തില്‍ 28 സീറ്റ് ഉണ്ടായിരുന്ന കാലത്ത് പോലും കോണ്‍ഗ്രസ്സിന് മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടായിരുന്നില്ല. മാത്രമല്ല കഴിഞ്ഞ ദിവസം സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത മുന്നണി യോഗത്തിലും കോണ്‍ഗ്രസ്സ് പങ്കെടുത്തിട്ടില്ല. ഈ സൂചനകള്‍ കോണ്‍ഗ്രസ്സ് വിജയ്‌ക്കൊപ്പം സര്‍ക്കാറില്‍ ചേരാനുള്ള സാധ്യതകള്‍ തുറന്നിടുന്നുണ്ട്. ഒരുപക്ഷേ മുസ്‌ലിം ലീഗിനും ഈ സഖ്യത്തില്‍ ചേരാന്‍ തടസ്സങ്ങള്‍ ഉണ്ടാകില്ല. പക്ഷേ കേരളത്തില്‍ പിണറായി വിജയന്റെ അധികാര തുടര്‍ച്ചക്ക് വേണ്ടി വരെ സംസാരിച്ച സ്റ്റാലിനെ വിട്ട് ഇടതു പാര്‍ട്ടികള്‍ വിജയ്‌ക്കൊപ്പം ചേരാനുള്ള സാധ്യത നന്നേ കുറവാണ്. ബാക്കി മൂന്ന് സീറ്റുകള്‍ പങ്കിട്ടെടുക്കുന്ന വി സി കെയും ഡി എം ഡി കെയും ഒരുപക്ഷേ വിജയ്ക്ക് പിന്തുണ കൊടുത്തേക്കാം അങ്ങനെ വന്നാല്‍ കഷ്ടിച്ച് കേവല ഭൂരിപക്ഷത്തിലേക്ക് എത്താം. പക്ഷേ സ്ഥിരതയുള്ള ഒരു സര്‍ക്കാറിന് ഈ കേവല ഭൂരിപക്ഷം വെല്ലുവിളിയായി മാറുമെന്നതിനാല്‍ എ ഐ എ ഡി എം കെ നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ നിന്ന് നാല് സീറ്റുള്ള പട്ടാളി മക്കള്‍ കക്ഷിയെ കൂടി കൂടെക്കൂട്ടാനാകും ടി വി കെയുടെ ശ്രമം. എന്തായാലും തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി വിജയ് മാറുമെന്നുറപ്പാണ്. അരനൂറ്റാണ്ടിലധികം കാലം രണ്ട് ധ്രുവങ്ങളില്‍ മാത്രം കറങ്ങി സഞ്ചരിച്ച ദ്രാവിഡ രാഷ്ട്രീയം മൂന്നാമതൊരു തുരുത്തിലേക്കു കൂടി നങ്കൂരമിടുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പ് പറഞ്ഞുവെക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയപാഠം.

Latest