Connect with us

Kerala

മോഷണ ശ്രമത്തിനിടെ ക്ഷേത്രത്തില്‍ കിടന്ന് ഉറങ്ങി; പ്രതി പിടിയില്‍

വെള്ളറട, കോവില്ലൂര്‍ ഭഗവതി ക്ഷേത്രത്തിലാണ് സംഭവം

Published

|

Last Updated

വെള്ളറ| മോഷണ ശ്രമത്തിനായി ക്ഷേത്രത്തില്‍ എത്തിയ യുവാവ് പിടിയില്‍. തമിഴ്‌നാട് ദിണ്ടിക്കല്‍ സ്വദേശി സെന്തില്‍ (49) ആണ് മോഷണത്തിനിടെ ക്ഷേത്രത്തില്‍ കയറി ഉറങ്ങിപോയത്. വെള്ളറട, കോവില്ലൂര്‍ ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. വൈകുന്നേരം മാത്രം പൂജ നടത്തുന്ന ക്ഷേത്രമാണ് കോവില്ലുര്‍ ഭഗവതിക്ഷേത്രം. എന്നാല്‍ ഇന്നലെ രാവിലെയുള്ള അയ്യപ്പന്‍ കെട്ടിന്റെ ഭാഗമായി ക്ഷേത്ര പൂജാരി നടതുറക്കാന്‍ എത്തിയപ്പോള്‍ ശ്രീ കോവില്‍ തുറക്കാന്‍ സാധിച്ചില്ല.

ശേഷം പൂജാരിയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നടത്തിയ പരിശോധനയില്‍ പൂട്ട് പൊളിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായി ശ്രീകോവിലിന്റെ വാതില്‍ തകരാറിലായതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്ര തിടപ്പള്ളിയുടെ വാതില്‍ പൊളിച്ച് അകത്തിരുന്ന് ഉറങ്ങുന്ന മോഷ്ടാവിനെ കാണുന്നത്.

ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചു. ക്ഷേത്ര പൂജാരി വിളിച്ചിട്ടും മയക്കത്തില്‍ ആയിരുന്ന മോഷ്ടാവിനെ കമ്മറ്റി ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് വെള്ളറട പോലീസിന് കൈമാറുകയായിരുന്നു. പ്രതി സെന്തിലിന് സംസാരശേഷിയില്ല.

കേരളം, തമിഴ്‌നാട് അതിര്‍ത്തി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സെന്റിലിന്റെ പേരില്‍ തമിഴ്നാട്ടിലെയും കേരളത്തിലെയും വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Latest