Connect with us

National

മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനാകില്ലെന്ന് സുപ്രീം കോടതി

77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാര നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബഞ്ചിന്റെ നിരീക്ഷണം

Published

|

Last Updated

ന്യൂഡൽഹി | മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനാകില്ലെന്ന് സുപ്രീം കോടതിയുടെ വാക്കാൽ നിരീക്ഷണം. 77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാര നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബഞ്ചിന്റെ നിരീക്ഷണം. ഒബിസിയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ ഏറെയും മുസ്‍ലിം വിഭാഗത്തിൽപെട്ടവരാണ്.

മതത്തിന്റെ അടിസ്ഥാനത്തിലല്ല, സമുദായത്തിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്താണ് സംവരണം നൽകിയതെന്ന് സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. എല്ലാ സമുദായങ്ങളിലും പിന്നാക്കാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ഒബിസി സമുദായങ്ങൾക്കുള്ള സംവരണം റദ്ദാക്കിയ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും വിഷയം പരിഗണനയിലാണെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.

ഹൈക്കോടതി വിധിയെ തുടർന്ന് 12 ലക്ഷം ഒ ബി സി സർട്ടിഫിക്കറ്റുകൾ റദ്ദാക്കപ്പെട്ടുവെന്നും ഇത് നിരവധി വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നും കപിൽ സിബൽ ബോധിപ്പിച്ചു. ഹിന്ദു പിന്നാക്ക വിഭാഗങ്ങളിൽ പെടുന്ന 66 വിഭാഗങ്ങളെ തരംതിരിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവുകൾ, അവ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്ന കാരണത്താൽ ഹൈക്കോടതി റദ്ദാക്കിയിട്ടില്ലെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാറിന്റെ വാദങ്ങളെ മുതിർന്ന അഭിഭാഷകൻ പി എസ് പട്‍വാലിയ നിരസിച്ചു. സർവേ ഡാറ്റകളുടെ അടിസ്ഥാനത്തിലല്ല റിസർവേഷൻ നൽകിയതെന്ന് അദ്ദേഹം വാദിച്ചു.

കേസ് 2025 ജനുവരി ഏഴിന് കോടതി വീണ്ടും പരിഗണിക്കും.

Latest