UAE
പ്രതിസന്ധികളിലെ കരുത്തിന് പിന്തുണ; 'ശുക്രന്‍ യു എ ഇ' പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്
136 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കാളികളായി.
ദുബൈ | സമീപകാല ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്കിടയിലും യു എ ഇ പുലര്‍ത്തുന്ന സമാധാനത്തിനും സുരക്ഷിതത്വത്തിനും സുസ്ഥിരതക്കും നന്ദി അറിയിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ച് ലക്ഷത്തോളം ആളുകള്‍ വൈകാരിക സന്ദേശങ്ങള്‍ പങ്കുവെച്ചു. ദുബൈ സെക്യൂരിറ്റി ഇന്‍ഡസ്ട്രി റെഗുലേറ്ററി അതോറിറ്റി (സിറ) തുടക്കം കുറിച്ച ‘ശുക്രന്‍ യു എ ഇ’ (നന്ദി യു എ ഇ) എന്ന ഡിജിറ്റല്‍ കാമ്പയിനിലൂടെ ഇതിനകം 136 രാജ്യങ്ങളില്‍ നിന്നുള്ള 4,54,643 പേരാണ് യു എ ഇ യോടുള്ള തങ്ങളുടെ കൃതജ്ഞത രേഖപ്പെടുത്തിയത്.
മേഖലയിലെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ക്കിടയില്‍ യു എ ഇ സുരക്ഷിതമല്ലെന്ന തരത്തില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകളെയും പ്രചാരണങ്ങളെയും പ്രതിരോധിക്കുന്നതിനാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ‘സിറ’ മീഡിയ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ ഹസന്‍ പറഞ്ഞു. ഏത് പ്രതിസന്ധി ഘട്ടത്തിലും ഏവര്‍ക്കും സുരക്ഷിതത്വവും പരിചരണവും നല്‍കുന്ന രാജ്യമാണ് യു എ ഇ എന്ന് സന്ദേശങ്ങളിലൂടെയും സാമൂഹിക മാധ്യമത്തിലൂടെയും ജനങ്ങള്‍ വീണ്ടും അടിവരയിടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ദുബൈ കസ്റ്റംസുമായി സഹകരിച്ചാണ് ക്യാമ്പയിന്‍ ഇപ്പോള്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ലോകത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും യു എ ഇയെക്കുറിച്ചുള്ള തങ്ങളുടെ അനുഭവങ്ങളും നന്ദിയും എഴുതി സമര്‍പ്പിക്കാം. ഇവ പരിശോധിച്ച ശേഷമാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്.
യു എ ഇയില്‍ മൂന്ന് ദിവസം മാത്രം സന്ദര്‍ശനം നടത്തി മടങ്ങിയ ഒരാള്‍, രാജ്യം നല്‍കിയ സുരക്ഷിതത്വവും പരിചരണവും ഇപ്പോഴും ഓര്‍ക്കുന്നുവെന്ന് കുറിച്ച സന്ദേശം ഏറെ ശ്രദ്ധേയമായ ഒന്നായി അധികൃതര്‍ ചൂണ്ടിക്കാണിച്ചു. പൊതുജനങ്ങള്‍ക്ക് www.shukranuae.emaratalaman.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഈ കാമ്പയിനിന്റെ ഭാഗമാകാനും തങ്ങളുടെ സന്ദേശങ്ങള്‍ രേഖപ്പെടുത്താനും സാധിക്കും.



