Kerala
സണ്ണി ജോസഫും പിന്തുണച്ചത് കെ സി വേണുഗോപാലിനെ; രേഖകള്‍ പുറത്ത്
രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ഐസി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാല്‍ അല്ലെങ്കില്‍ രമേശ് ചെന്നിത്തല എന്നാണ് നിര്‍ദേശിച്ചത്.
തിരുവനന്തപുരം | മുഖ്യമന്ത്രിക്കായി ചര്‍ച്ചകളും അവകാശവാദങ്ങളും കോണ്‍ഗ്രസില്‍ തുടരുന്നതിനിടെ എംഎല്‍എമാരുമായി ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നടത്തിയ ചര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്ത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നുവെന്ന് സൂചിപ്പിക്കുന്ന രേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഹൈക്കമാന്‍ഡ് നിരീക്ഷകരിലൊരാളായ മുകുള്‍ വാസ്നികിന്റെ കൈവശമുള്ള രേഖ ഇന്ത്യന്‍ എക്സ്പ്രസാണ് പുറത്തുവിട്ടത്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഹിതപരിശോധനയ്ക്ക് ശേഷം മുകുള്‍ വാസ്‌നിക്ക് പുറത്തിറങ്ങിയപ്പോള്‍ എടുത്ത ചിത്രമാണിതെന്നാണ് സൂചന.
മുകുള്‍ വാസ്നികിന്റെ കൈവമുണ്ടായിരുന്ന ലിസ്റ്റില്‍ പത്തോളം എംഎല്‍എമാരുടെ പേരുകള്‍ കാണാം. സന്ദീപ് വാര്യര്‍, സജീവ് ജോസഫ്, ടി ഒ മോഹനന്‍, സണ്ണി ജോസഫ്, ഉഷ വിജയന്‍, ഐസി ബാലകൃഷ്ണന്‍, ടി. സിദ്ധിഖ് എന്നീ എംഎല്‍എമാരുടെ പേരുകള്‍ ഇതില്‍ കൃത്യമായി കാണാന്‍ കഴിയും. ഐസി ബാലകൃഷ്ണന്റെ പേരിന് നേരെ കെ സി, ആര്‍ സി എന്നെഴുതിയിട്ടുണ്ട്. മറ്റുള്ളവരുടെ പേരിന് നേരെ എല്ലാം കെ സി എന്ന് മാത്രമാണ് ഉള്ളത്. കെ സി എന്നത്‌കെ സി വേണുഗോപാലും ആര്‍ സി എന്നത് രമേശ് ചെന്നിത്തലയും ആണെന്നാണ് സൂചന.പട്ടികയില്‍ ഒന്നാമനായുള്ള ഉദുമയില്‍ നിന്നുള്ള എംഎല്‍എ കെ നീലകണ്ഠന്റെ പേരിന് നേരെ ഒന്നും എഴുതിയിട്ടില്ല.
എംഎല്‍എമാരുമായി കേന്ദ്ര നിരീക്ഷകര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ 63 എംഎല്‍എമാരില്‍ 47 പേരാണ് കെ സി വേണുഗോപാലിനെ പിന്തുണച്ചത്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ഐസി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാല്‍ അല്ലെങ്കില്‍ രമേശ് ചെന്നിത്തല എന്നാണ് നിര്‍ദേശിച്ചത്.







