Kerala
ഡി സി സി പട്ടികയിൽ ഗ്രൂപ്പ് വെട്ടി സുധാകരൻ; ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്
താരീഖ് അൻവർ ഇരു നേതാക്കളുമായും ചർച്ച നടത്തി
 
		
      																					
              
              
            തിരുവനന്തപുരം | കോൺഗ്രസ്സ് പുനഃസംഘടനയിൽ ഗ്രൂപ്പുകളെ തഴഞ്ഞ കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ നടപടിക്ക് പിന്നാലെ ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നേതൃത്വം. ഇതിന്റെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഇരു നേതാക്കളുമായും ചർച്ച നടത്തി.
പാർട്ടി പുനഃസംഘടനയുടെ ആദ്യപടിയായി തയ്യാറാക്കിയ ഡി സി സി അധ്യക്ഷന്മാരുടെ പട്ടികയിൽ ഗ്രൂപ്പ് താത്പര്യം മറികടന്ന് കെ പി സി സി അധ്യക്ഷൻ ഇടപെട്ടതിന് പിന്നാലെ കടുത്ത എതിർപ്പുമായി ഇരു നേതാക്കളും രംഗത്തെത്തിയതിനെ തുടർന്നാണ് സമവായ നീക്കവുമായി ഹൈക്കമാൻഡ് ഇടപെടൽ. ഡി സി സി അധ്യക്ഷന്മാരുടെ പട്ടികയുമായി ബന്ധപ്പെട്ട പൊട്ടിത്തെറിയിൽ കോൺഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി അതൃപ്തി അറിയിച്ചിരുന്നു. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകണമെന്ന നിർദേശം ഹൈക്കമാൻഡ് പുതിയ നേതൃത്വത്തിന് നൽകിയിരുന്നുവെങ്കിലും ഓരോ തീരുമാനത്തിലും മുതിർന്ന നേതാക്കളും പുതിയ നേതൃത്വവും ഏറ്റുമുട്ടുന്ന കേരളത്തിലെ സ്ഥിതിയിൽ കടുത്ത അതൃപ്തിയാണ് ഹൈക്കമാൻഡിനുള്ളത്. ഇതേത്തുടർന്നാണ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്താൻ ഹൈക്കമാൻഡ് താരീഖ് അൻവറിനെ ചുമതലപ്പെടുത്തിയത്.
ഇതുപ്രകാരമാണ് രമേശ് ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും താരീഖ് അൻവർ ഫോണിൽ വിളിച്ച് സംസാരിച്ചത്. സോണിയാ ഗാന്ധിയുടെ നിർദേശപ്രകാരമാണ് ചർച്ചയെന്ന് ഇരു നേതാക്കളെയും അറിയിച്ചിരുന്നു. ഇരുവരുടെയും അഭിപ്രായങ്ങൾ ഉൾപ്പെടുത്തി പരാതി ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് താരീഖ് അൻവർ സോണിയാ ഗാന്ധിക്ക് റിപ്പോർട്ട് നൽകും. ഇന്നലെ ഉച്ചക്ക് ശേഷമാണ് രമേശ് ചെന്നിത്തലയുമായും ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളുമായും താരീഖ് അൻവർ സംസാരിച്ചത്. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകണമെന്നാണ് ചെന്നിത്തല എ ഐ സി സി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. പാർട്ടിയിൽ ഭിന്നതയെന്ന തോന്നൽ ഉണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നും പ്രത്യേക പട്ടികയൊന്നും നൽകാനില്ലെന്നും ചെന്നിത്തല എ ഐ സി സി ജനറൽ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ഹൈക്കമാൻഡ് നിർദേശം നടപ്പിലാക്കുന്നത് സംബന്ധിച്ച് പരിശോധിച്ചതിന് ശേഷമായിരിക്കും കേരളത്തിലെ ഡി സി സി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുക. കഴിഞ്ഞ ആഴ്ച ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഡി സി സി അധ്യക്ഷന്മാരുടെ പേരുകൾ എ ഐ സി സി നേതൃത്വത്തിന് കെ പി സി സി അധ്യക്ഷൻ നൽകിയത്. ഇതിന് തൊട്ടുപിന്നാലെ മുതിർന്ന നേതാക്കളെല്ലാം ഒറ്റക്കെട്ടായി പ്രതിഷേധിച്ച് രംഗത്തെത്തിയതാണ് ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കിയത്. ചർച്ചകളില്ലാതെ സംസ്ഥാന നേതൃത്വം ഏകപക്ഷീയ തീരുമാനം എടുക്കുന്നുവെന്ന് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും സോണിയാ ഗാന്ധിക്ക് പരാതി നൽകിയിരുന്നു. അംഗീകാരത്തിനായി ഡി സി സി അധ്യക്ഷന്മാരുടെ പേരുകൾ നൽകിയ ശേഷവും മുതിർന്ന നേതാക്കൾ പരാതിയുമായി രംഗത്തുവന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച് വിശദാംശങ്ങൾ നൽകാൻ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയോട് സോണിയാ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

