Connect with us

Education

വിദേശപഠനം വെറുമൊരു ബിരുദത്തില്‍ മാത്രം ഒതുങ്ങരുത്: സര്‍വകലാശാല തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി | വിദേശത്ത് ഉപരിപഠനം തിരഞ്ഞെടുക്കുന്നത് വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബങ്ങളെയും സംബന്ധിച്ച് നിര്‍ണായകമായ തീരുമാനമാണെന്നും വെറുമൊരു ബിരുദം നേടുന്നതിലുപരി പുതിയ അറിവുകളും അനുഭവങ്ങളും ബന്ധങ്ങളും സ്വന്തമാക്കാനുള്ള അവസരമാണെന്നും വിദഗ്ദ്ധര്‍. സര്‍വകലാശാലയുടെ യഥാര്‍ത്ഥ മൂല്യം നല്‍കുന്ന ബിരുദത്തില്‍ മാത്രമല്ലന്നും അത് സമ്മാനിക്കുന്ന കഴിവുകളിലും അവസരങ്ങളിലുമാണെന്നും യു കെയിലെ ഗ്ലാസ്‌ഗോ സര്‍വ്വകലാശാല ഡെപ്യൂട്ടി വൈസ് ചാന്‍സലറായ പ്രൊഫസര്‍ റേച്ചല്‍ സാന്‍ഡിസണ്‍ വ്യക്തമാക്കി.

അക്കാദമിക് ഗുണനിലവാരത്തോടൊപ്പം പഠനം പ്രായോഗികമാക്കാനുള്ള അവസരങ്ങള്‍, ലഭ്യമായ പിന്തുണ, സര്‍വകലാശാല നല്‍കുന്ന സൗഹൃദപരമായ അന്തരീക്ഷം എന്നിവയും ആലോചിക്കേണ്ടതുണ്ട്. വിദേശപഠനത്തിനായി ഒരു സര്‍വകലാശാല തിരഞ്ഞെടുക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

സ്വന്തം മേഖലകളില്‍ പുരോഗതി കൊണ്ടുവരുന്ന മികച്ച ഗവേഷകരില്‍നിന്നും അധ്യാപകരില്‍നിന്നും പഠിക്കുന്നത് പുതിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സഹായിക്കും. നിര്‍മ്മിത ബുദ്ധി (എ ഐ), ബയോടെക്‌നോളജി, എന്‍ജിനീയറിങ്, ക്രിയേറ്റീവ് ആര്‍ട്‌സ്, ബിസിനസ്, പബ്ലിക് ഹെല്‍ത്ത് തുടങ്ങിയ മേഖലകളിലെ ഗവേഷണ മികവും സ്വതന്ത്ര പ്രോജക്ടുകള്‍ ചെയ്യാനുള്ള അവസരങ്ങളും പരിശോധിക്കണം.

പഠിച്ച അറിവ് പ്രായോഗികമായി പ്രയോഗിക്കാനുള്ള അവസരങ്ങള്‍ കോഴ്‌സിന്റെ ഭാഗമായിരിക്കണം. വ്യവസായ സ്ഥാപനങ്ങളുമായുള്ള ബന്ധങ്ങള്‍, പ്രാക്ടിക്കല്‍ പ്രോജക്ടുകള്‍, ഇന്റേണ്‍ഷിപ്പുകള്‍, വ്യവസായ സന്ദര്‍ശനങ്ങള്‍ എന്നിവ വഴി പഠനം കൂടുതല്‍ മികവുറ്റതാക്കാം.

പഠനശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങാനോ വിദേശത്ത് ജോലി ചെയ്യാനോ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍വകലാശാലയില്‍നിന്നുള്ള കരിയര്‍ പിന്തുണ തുടക്കം മുതല്‍ തന്നെ ലഭ്യമാകണം. വ്യക്തിഗത കരിയര്‍ കൗണ്‍സിലിങ്, മാസ്റ്റര്‍ക്ലാസുകള്‍, എംപ്ലോയര്‍ ഇവന്റുകള്‍, റെസ്യൂമെ തയാറാക്കാനുള്ള സഹായം, ആഗോളതലത്തിലുള്ള പൂര്‍വ്വവിദ്യാര്‍ത്ഥി ശൃംഖല എന്നിവയുണ്ടോ എന്ന് ഉറപ്പുവരുത്തണം.

പല കുടുംബങ്ങള്‍ക്കും വിദേശപഠനത്തില്‍ ഏറ്റവും പ്രധാനം സാമ്പത്തികച്ചെലവാണ്. അക്കാദമിക് നേട്ടങ്ങള്‍ക്കോ പ്രത്യേക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കോ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണോ എന്നും അവ എത്ര കാലത്തേക്ക് ലഭിക്കുമെന്നും പരിശോധിക്കണം.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള ആളുകളുമായി ഇടപഴകുന്നത് കാഴ്ചപ്പാടുകള്‍ വിപുലമാക്കാന്‍ സഹായിക്കും. ക്ലബ്ബുകള്‍, കായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, കൂടാതെ സ്വന്തം രാജ്യക്കാരുടെ കൂട്ടായ്മകള്‍ എന്നിവ പുതിയൊരു രാജ്യവുമായി പൊരുത്തപ്പെടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേഗത്തില്‍ സഹായകമാകും. സര്‍വകലാശാല സ്ഥിതി ചെയ്യുന്ന നഗരത്തിലെ ജീവിതസാഹചര്യങ്ങള്‍, സുരക്ഷ, പൊതുഗതാഗത സൗകര്യങ്ങള്‍ എന്നിവ നിലവിലെ വിദ്യാര്‍ത്ഥികളുമായി സംസാരിച്ച് മനസ്സിലാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധത്തിലും വളരാന്‍ സാധിക്കുന്ന മികച്ച അന്തരീക്ഷം കണ്ടെത്തുമ്പോള്‍ മാത്രമേ വിദേശപഠനം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ലക്ഷ്യം കാണുകയുള്ളൂ.

 

Content Highlights: Choosing a foreign university requires looking beyond just a degree to gain practical skills and global exposure. Students should evaluate research quality, industry internships, career counseling, and scholarship options. Understanding local living conditions and campus support ensures holistic growth abroad.

Latest