Kerala
കണ്ണൂര്‍ കക്കാട് പുഴയില്‍ ഒഴുക്കിൽപ്പെട്ട് വിദ്യാര്‍ഥി മരിച്ചു
നാലാം ക്ലാസ്സ് വിദ്യാർഥിയാണ് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടത്

കണ്ണൂര്‍ | കനത്ത മഴയില്‍ നിറഞ്ഞൊഴുകുന്ന കക്കാട് പുഴയില്‍ വീണ വിദ്യാര്‍ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. കക്കാട് പുഴക്ക് സമീപം താമസിക്കുന്ന കുനിയില്‍ പീടിക അമൃതാനന്ദമയീ സ്‌കൂളിനടുത്ത നാശിദ് (9) ആണ് മരിച്ചത്. വി പി മഹമൂദ് ഹാജി മെമ്മോറിയല്‍ സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്.
കുളിക്കുന്നതിനിടെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാർഥിയെ നാട്ടുകാരും ഫയർഫോഴ്സും കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മൂന്ന് ദിവസമായി കണ്ണൂരില്‍ മഴ ശക്തമായതിനാല്‍ കക്കാട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇന്ന് മഴക്ക് നേരിയ ശമനമുണ്ടായിരുന്നു. വെള്ളക്കെട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദിവസങ്ങളായി കക്കാട്- പള്ളിപ്രം- മുണ്ടയാട് റോഡില്‍ ഗതാഗതം നിലച്ചിരുന്നു.
നസീറാണ് മരിച്ച നാശിദിന്റെ പിതാവ്. മാതാവ്: സാഹിദ. ഒരു സഹോദരിയുണ്ട്.