kerala police
പോലീസ് അതിരുവിട്ടാൽ കർശന നടപടി
പോലീസിന് മാർഗരേഖ. പോക്സോ കേസുകളിൽ 31നകം കുറ്റപത്രം
തിരുവനന്തപുരം | പോലീസിനെതിരെ വ്യാപക പരാതി ഉയരുന്നതിനിടെ അന്വേഷണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി മാർഗരേഖ. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് മാർഗരേഖയായത്. കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ നടപടി ഈ മാസം തന്നെ തീർക്കാൻ നിർദേശം നൽകി.
നിലവിലെ കേസുകളിൽ ഈ മാസം 31നകം കുറ്റപത്രം നൽകണമെന്നും ഗാർഹിക വിഷയങ്ങളിലെ പരാതിയിൽ ഉടൻ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഡി ജി പി നിർദേശം നൽകി. പോലീസുകാരുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ ജില്ലാ പോലീസ് മേധാവിമാർ നേരിട്ട് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കണം.
ചില പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുവിടുന്നതായി യോഗത്തിൽ ചില ഉന്നത ഉദ്യോഗസ്ഥർ വിമർശം ഉന്നയിച്ചിരുന്നു. പോലീസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ ക്രമസമാധാന ചുമതലയുള്ള ജില്ലാ പോലീസ് മേധാവിമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. നിലവിൽ കുട്ടികൾക്കെതിരായ ആയിരത്തിലധികം കേസുകളിൽ കുറ്റപത്രം നൽകാനുണ്ടെന്നിരിക്കെ പോക്‌സോ കേസുകളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ ആവശ്യമായ ഇടപെടൽ നടത്തണം. ഗാർഹിക പീഡന പരാതികളിൽ കാലതാമസം കൂടാതെ അന്വേഷണം നടത്തണം. ഓരോ ജില്ലയിലെയും ക്രമസമാധാന ചുമതല സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും പുതിയ നിദേശങ്ങൾ സമർപ്പിക്കാനും ജില്ലാ പോലീസ് മേധാവിമാരോട് നിർദേശിച്ചു. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവർത്തനം നിരീക്ഷിക്കണമെന്നും രഹസ്യ വിവര ശേഖരണം ഊർജിതമാക്കണമെന്നും ഡി ജി പി എടുത്തുപറഞ്ഞു. ഇന്റലിജൻസ് എ ഡി ജി പി യോഗത്തിൽ സംസ്ഥാന സുരക്ഷാ വെല്ലുവിളികൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തു.
മോൻസൺ മാവുങ്കൽ കേസിലും പിങ്ക് പോലീസ് ഉദ്യോഗസ്ഥ വിദ്യാർഥിനിയോട് മോശമായി പെരുമാറിയ സംഭവത്തിലും പോലീസിനെ ഹൈക്കോടതി നിശിതമായി വിമർശിച്ചിരുന്നു. ആലുവയിൽ നവവധു മൊഫിയുടെയും കൊച്ചിയിലെ വീട്ടമ്മ സിന്ധുവിന്റെയും ആത്മഹത്യാ കേസിൽ പരാതി അവഗണിച്ചതും വിവാദമായിരുന്നു. പോലീസിനെതിരെ നിരന്തരമായി ആക്ഷേപങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. വീഴ്ചകൾ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി നേരിട്ട് നിർദേശിച്ചിട്ടും പോലീസിനെതിരെ വ്യാപക പരാതികളാണ് ഉയരുന്നത്.
സ്ത്രീധന പീഡനമുൾപ്പെടെയുള്ള കേസുകളിൽ പോലീസിന്റെ നടപടികൾ ഇരകളുടെ ആത്മഹത്യക്കിടയാക്കിയെന്നതുൾപ്പെടെ സമീപകാലത്തുണ്ടായ വിവാദങ്ങളുടെ പിന്നാലെയാണ് യോഗം വിളിച്ചത്. കോടതി നിർദേശ പ്രകാരം പോലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഡി ജി പി സർക്കുലറുകൾ ഇറക്കിയിരുന്നുവെങ്കിലും പോലീസിനെതിരായ ആരോപണങ്ങൾ ശരിവെക്കുന്നതായിരുന്നു സമീപ കാലത്ത് ഉയർന്ന വിവാദങ്ങൾ.



