Kerala
ഒന്നര വയസ്സുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്: മാതാവ് ശരണ്യ കുറ്റക്കാരി, രണ്ടാം പ്രതി നിധിനെ വെറുതെ വിട്ടു
പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും കോടതിയുടെ വിമര്‍ശനം
കണ്ണൂര്‍| കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസ്സുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസില്‍ വിധി പുറത്ത്. കുഞ്ഞിന്റെ മാതാവ് ശരണ്യ കുറ്റക്കാരിയെന്ന് കോടതി വ്യക്തമാക്കി. കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി അറിയിച്ചു. രണ്ടാം പ്രതി ശരണ്യയുടെ കാമുകന്‍ നിധിനെ കോടതി വെറുതെ വിട്ടു. ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നിധിനെ വെറുതെ വിട്ടത്.
തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശരണ്യയുടെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ ഉപ്പുവെള്ളത്തിന്റെ അംശം കേസില്‍ നിര്‍ണായക തെളിവായി. ബന്ധത്തിന്റെ പേരില്‍ നിധിന്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ നിര്‍ബന്ധിച്ചു എന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, കേസില്‍ പ്രോസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി വിമര്‍ശിച്ചു. തെളിവുകള്‍ ശേഖരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ചയുണ്ടായെന്നും കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചെന്നും കോടതി പറഞ്ഞു.
2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കാമുകനൊപ്പം ജീവിക്കാന്‍ ഒന്നരവയസുളള മകന്‍ വിയാനെ കടല്‍ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് മാതാവ് ശരണ്യ കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടിരുന്നു. വിചാരണയ്ക്കിടെ കോഴിക്കോട് വെച്ച് ശരണ്യ ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. കേസില്‍ 47 സാക്ഷികളെയാണ് വിസ്തരിച്ചു. മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷമാണ് കോടതി വിധി പറഞ്ഞത്.

