Connect with us

Alappuzha

കേരള സാഹിത്യോത്സവിന് ഇന്ന് കായംകുളത്ത് തുടക്കം

ഇരുന്നൂറോളം മത്സരയിനങ്ങളിലായി 18 സംഘടനാ ജില്ലകളില്‍ നിന്ന് 2,500ല്‍ അധികം പ്രതിഭകള്‍ മാറ്റുരയ്ക്കും

Published

|

Last Updated

ആലപ്പുഴ | എസ് എസ് എഫ് 33-ാം എഡിഷന്‍ കേരള സാഹിത്യോത്സവ് ഇന്ന് ആരംഭിക്കും. ഇരുന്നൂറോളം മത്സരയിനങ്ങളിലായി 18 സംഘടനാ ജില്ലകളില്‍ നിന്ന് 2,500ല്‍ അധികം പ്രതിഭകള്‍ മാറ്റുരയ്ക്കും. കായംകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ 17 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

സാംസ്‌കാരിക ചര്‍ച്ചകള്‍, സംവാദങ്ങള്‍, എജ്യൂസൈന്‍ കരിയര്‍ എക്‌സ്‌പോ, പുസ്തകലോകം തുടങ്ങി വിവിധ പരിപാടികള്‍ സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും. ‘Upon The BeCAUSE ‘ എന്ന പ്രമേയത്തിലാണ് ഇത്തവണ സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്.

‘കുട്ടനാടന്‍ ഗദ്ദി’ ശീര്‍ഷകത്തില്‍ ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സംവാദ സെഷനോടെയാണ് സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കുക. വ്യാഴാഴ്ച അഞ്ചിന് ‘മനുഷ്യര്‍ ചുരുങ്ങുന്ന ലോകഭൂപടം’, വെള്ളിയഴ്ച ‘വാക്കുകളുടെ ജനാധിപത്യം’ എന്നീ സെഷനുകളും നടക്കും. സനീഷ് ഇളയടത്ത്, പി ജെ ജെ ആന്റണി, സയ്യിദ് ആശിഖ് മുസ്തഫ, ഫവാസ്, എസ് ശമീര്‍, ഇര്‍ഷാദ് കാസര്‍ഗോഡ് എന്നിവര്‍ ഈ സെഷനുകളില്‍ സംസാരിക്കും.

കേരള സാഹിത്യോത്സവിന്റെ ഔദ്യോഗിക ഉദ്ഘാടനം 25ന് രാവിലെ 10 ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പരന്‍ജോയ് ഗുഹ താക്കുര്‍ത നിര്‍വഹിക്കും. പ്രമുഖ കന്നഡ കവി കമലാകര്‍ ഭട്ട് മുഖ്യാതിഥിയാകും.

സമസ്ത കേന്ദ്ര മുശാവറാ അംഗം കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, കെ പി രാമനുണ്ണി, ടി ടി ശ്രീകുമാര്‍, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍, ജനറല്‍ സെക്രട്ടറി ഡോ. അബൂബക്കര്‍ സംബന്ധിക്കും.

26ന് നടക്കുന്ന സമാപന സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല, എക്‌സൈസ് മന്ത്രി എം ലിജു, എസ് എസ് എഫ് ഇന്ത്യ പ്രസിഡന്റ് സി പി ഉബൈദുള്ള സഖാഫി സംബന്ധിക്കും. സാഹിത്യോത്സവ് 2026 അവാര്‍ഡ് ജേതാവിനെ 23 വ്യാഴം രാവിലെ 11 ന് കോഴിക്കോട് പ്രസ് ക്ലബ്ബില്‍ പ്രഖ്യാപിക്കും. 25 ശനി രാവിലെ 10.30ന് കായംകുളത്തു വെച്ച് സാഹിത്യോത്സവ് അവാര്‍ഡ് സമ്മാനിക്കും. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സാഹിത്യോത്സവ് അവാര്‍ഡ്.

വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനായി സംഘടിപ്പിക്കുന്ന എജ്യൂസൈന്‍ കരിയര്‍ എക്‌സ്‌പോ ശ്രീനാരായണ ഗുരു ഓപണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ജഗതി രാജ് ഉദ്ഘാടനം ചെയ്യും. ഇരുപതിലധികം പ്രസാധകര്‍ ഒന്നിക്കുന്ന ‘പുസ്തകലോക’ത്തിന്റെ ഉദ്ഘാടനം കായംകുളം മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ശരത് ലാല്‍ നിര്‍വഹിക്കും. മത്സരങ്ങള്‍ക്കു പുറമേ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എഴുത്ത്, ചിന്ത, വര തുടങ്ങിയവയെ പരിപോഷിപ്പിക്കുന്നതിനായി ആര്‍ട്ട് സ്‌കൂള്‍, പൊളിറ്റിക്കല്‍ സ്‌കൂള്‍, ക്യാന്‍വാസ് ക്യാമ്പുകള്‍ നടക്കും.

സാഹിത്യം, മനുഷ്യന്‍, സൂഫിസം, രാഷ്ട്രീയം, പ്രകൃതി, മാധ്യമം, ജനാധിപത്യം, സെക്കുലറിസം തുടങ്ങി വിവിധ വിഷയങ്ങളിലൂന്നി നടക്കുന്ന ചര്‍ച്ചകളില്‍ പ്രമുഖര്‍ പങ്കെടുക്കുമെന്നു കെ പി മുഹമ്മദ് അനസ് (സെക്രട്ടറി, എസ് എസ് എഫ്, കേരള), പി വി ഷുഹൈബ് (സെക്രട്ടറി, എസ് എസ് എഫ്, കേരള), സയ്യിദ് ഹാമിദ് കോയ ബാഫഖി (ചെയര്‍മാന്‍, സ്വാഗതസംഘം), എം എസ് ജുനൈദ് (കണ്‍വീനര്‍, സ്വാഗതസംഘം), എച്ച് അബ്ദുല്‍ നാസര്‍ തങ്ങള്‍ (ട്രഷറര്‍, സ്വാഗതസംഘം) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അമീന്‍: 9847298313, ഹാഷിര്‍: 9946383036.

 

Content Highlights:
The 33rd edition of SSF Kerala Sahityotsav begins today in Kayamkulam, Alappuzha. Over 2,500 participants will compete in 200 events across 17 venues under the theme Upon The BeCAUSE. Prominent leaders and dignitaries will attend various cultural sessions, expos, and the grand closing ceremony.

 

Latest