Connect with us

International

279 പേര്‍ കൊല്ലപ്പെട്ട ഈസ്റ്റര്‍ ഞായറാഴ്ചയിലെ ഭീകരാക്രമണം; പിന്നില്‍ മുന്‍ ഇന്റലിജന്‍സ് മേധാവിയെന്ന് ശ്രീലങ്കന്‍ പൊതു സുരക്ഷാ മന്ത്രി

ബോംബാക്രമണവുമായി മുന്‍ ഇന്റലിജന്‍സ് മേധാവിയെ കുറ്റാരോപിതനായി നിര്‍ത്തുന്ന ആദ്യത്തെ ഔദ്യോഗിക പ്രസ്താവനയാണിത്.

Published

|

Last Updated

കൊളംബോ |  279 പേരുടെ മരണത്തിനിടയാക്കിയ 2019-ലെ ഈസ്റ്റര്‍ ഞായറാഴ്ചയിലെ ഭീകരാക്രമണത്തിന് പിന്നില്‍ രാജ്യത്തെ മുന്‍ ഇന്റലിജന്‍സ് മേധാവിയാണെന്ന് ശ്രീലങ്കയുടെ പബ്ലിക് സെക്യൂരിറ്റി (പൊതു സുരക്ഷാ) മന്ത്രി ആനന്ദ വിജേപാല ബുധനാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞു. ബോംബാക്രമണവുമായി മുന്‍ ഇന്റലിജന്‍സ് മേധാവിയെ കുറ്റാരോപിതനായി നിര്‍ത്തുന്ന ആദ്യത്തെ ഔദ്യോഗിക പ്രസ്താവനയാണിത്.

ആക്രമണത്തിന് ഒത്താശയും സഹായവും നല്‍കിയെന്ന കുറ്റത്തിന് ഫെബ്രുവരിയില്‍ അറസ്റ്റിലായ മേജര്‍ ജനറല്‍ സുരേഷ് സല്ലെയാണ് ബോംബെറിയാന്‍ കത്തോലിക്കാ പള്ളി കണ്ടെത്തി നല്‍കിയതെന്ന് മന്ത്രി ആനന്ദ വിജേപാല പറഞ്ഞു.

ശ്രീലങ്കയില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. തലസ്ഥാനത്തെ മൂന്ന് ആഡംബര ഹോട്ടലുകള്‍, രണ്ട് റോമന്‍ കത്തോലിക്കാ പള്ളികള്‍, കൊളംബോയ്ക്ക് പുറത്തുള്ള ഒരു ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് പള്ളി എന്നിവയ്ക്ക് നേരെയാണ് ബോംബാക്രമണം ഉണ്ടായത്.

വിരമിച്ച മേജര്‍ ജനറല്‍ തുവന്‍ സുരേഷ് സല്ലെ ഇസ്ലാമിക തീവ്രവാദികളുമായി ഗൂഢാലോചന നടത്തുകയും ആക്രമണം നടത്തുന്നതുവരെ അവര്‍ക്ക് തന്ത്രപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് വിജേപാല പറഞ്ഞു. ആക്രമണത്തിന് കൃത്യം മൂന്നാഴ്ച മുമ്പ്, പള്ളിയുടെ സ്ഥാനത്തെക്കുറിച്ചും അവിടെയെത്തുന്ന വിശ്വാസികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സല്ലെ ഭീകരരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു- മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേ സമയം തന്റെ സല്ലെ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്.

ഭീകരവാദ നിരോധന നിയമപ്രകാരം തടങ്കലില്‍ കഴിയവെ നിരാഹാര സമരം ആരംഭിച്ചതിനെ തുടര്‍ന്ന് സല്ലെയെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിജേപാല പറഞ്ഞു.

അദ്ദേഹത്തെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് പ്രകടനം നടത്തിയിരുന്നു.

സല്ലെയെ ചോദ്യം ചെയ്തതിന് പിന്നാലെ, മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജ്യം വിട്ടുപോകുന്നത് തടഞ്ഞുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതി ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്.

രാജപക്സെ പ്രസിഡന്റായതിന് തൊട്ടുപിന്നാലെ, 2019 ലാണ് രാജ്യത്തെ പ്രധാന ചാരസംഘടനയായ സ്റ്റേറ്റ് ഇന്റലിജന്‍സ് സര്‍വീസിന്റെ മേധാവിയായി സല്ലെ നിയമിതനാകുന്നത്.എസ്‌ഐഎസ് മേധാവിയാകുന്നതിന് മുമ്പ് അദ്ദേഹം മിലിട്ടറി ഇന്റലിജന്‍സ് വിഭാഗത്തിന്റെ തലവനായിരുന്നു.

ചാവേര്‍ ബോംബാക്രമണം നടത്തിയ ഭീകരരുമായി സല്ലെയ്ക്ക് ബന്ധമുണ്ടെന്നും ആക്രമണത്തിന് മുമ്പ് അദ്ദേഹം അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും ബ്രിട്ടീഷ് ചാനലായ ‘ചാനല്‍ 4’ 2023-ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ആ വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാജപക്സെയ്ക്ക് അനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്താന്‍ സല്ലെ അനുവാദം നല്‍കിയതെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.
ബോംബാക്രമണം നടന്ന് രണ്ട് ദിവസത്തിന് ശേഷം രാജപക്സെ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയും, ഇസ്ലാമിക തീവ്രവാദം തുടച്ചുനീക്കുമെന്ന വാഗ്ദാനത്തോടെ നവംബറിലെ വോട്ടെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.രാജപക്സെയെ ഇതുവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, അദ്ദേഹത്തെ ഉടന്‍ തന്നെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

 

Latest