Uae
ദുബൈ മാളുകളിൽ ഇനി സ്‌പോർട്‌സ് ട്രാക്കുകൾ
ദുബൈ സോഷ്യൽ അജണ്ട 33ന്റെ ഭാഗമായ പദ്ധതി ആഗസ്റ്റ് മാസം മുഴുവൻ നീണ്ടു നിൽക്കും.

ദുബൈ | “ദുബൈ മാളത്തോൺ’ എന്ന പുതിയ സംരംഭത്തിന് ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം തുടക്കം കുറിച്ചു. ഷോപ്പിംഗ് മാളുകളെ സ്‌പോർട്‌സ് ട്രാക്കുകളാക്കി മാറ്റുകയും സുഖകരവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഈ സംരംഭം. ദുബൈ സോഷ്യൽ അജണ്ട 33ന്റെ ഭാഗമായ പദ്ധതി ആഗസ്റ്റ് മാസം മുഴുവൻ നീണ്ടു നിൽക്കും.
ശൈഖ് ഹംദാൻ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ ഈ സംരംഭം പ്രഖ്യാപിച്ചു. ദുബൈയിലെ ജീവിതനിലവാരം ഉയർത്തുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഷോപ്പിംഗ് മാളുകളുടെ ഹൃദയഭാഗത്ത് നിന്നുള്ള ഈ സംരംഭം ലളിതമായ ആശയത്തിലൂടെ ആരോഗ്യത്തിനായി നടക്കുന്നവരെ ഭാവിയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.