Connect with us

Kerala

ബ്രഹ്‍മപുരം തീപിടുത്തം പ്രത്യേക സംഘം അന്വേഷിക്കും: മുഖ്യമന്ത്രി

തീപിടുത്തമുണ്ടായത് മുതല്‍ സര്‍ക്കാര്‍, ജില്ലാ ഭരണസംവിധാനം, കൊച്ചി കോര്‍പറേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചട്ടം 300 അനുസരിച്ച് നിയമസഭയിൽ നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ബ്രഹ്‌മപുരത്ത് തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ, ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ സംബന്ധിച്ചും, മാലിന്യസംസ്‌കരണ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനും ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാനും കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തെല്ലാം?, ഭാവിയില്‍ തീപിടുത്തം ഉണ്ടാകാതിരിക്കാന്‍ നടപ്പിലാക്കേണ്ട നടപടികള്‍ എന്തെല്ലാം?, ഖരമാലിന്യ സംസ്‌കരണ-മാലിന്യ നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ നിലവിലെ സ്ഥലം എത്രത്തോളം അനുയോജ്യമാണ് തുടങ്ങി 15ഓളം വിഷയങ്ങൾ സംഘം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രഹ്‌മപുരത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യ സംസ്‌കരണത്തിന് അന്താരാഷ്ട്ര തലത്തിലുള്ള വൈദഗ്ധ്യം ലഭ്യമാക്കാനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ലോക ബാങ്ക് ഇതിനുള്ള സന്നദ്ധത അറിയിച്ചുകഴിഞ്ഞിട്ടുണ്ട്, മാര്‍ച്ച് 21- 23 തീയതികളിലായി ഇതിനായി ലോക ബാങ്ക് പ്രതിനിധി സംഘവുമായി ചര്‍ച്ചകള്‍ നടത്തും. മറ്റ് ഏജന്‍സികളുടെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തും.

ബ്രഹ്‌മപുരത്തിന്റെ പാഠം, കൊച്ചിയില്‍ മാത്രമല്ല, സംസ്ഥാനത്താകെ മാലിന്യ സംസ്‌കരണമെന്ന ചുമതല യുദ്ധകാലാടിസ്ഥാനത്തിലും വിട്ടുവീഴ്ചയില്ലാതെയും നടപ്പാക്കണമെന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കുള്ള ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍ണയിച്ചും സമയബന്ധിതമായി സമഗ്രമായ കര്‍മപദ്ധതി വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ നേതൃത്വം കൊടുക്കും. ഖരദ്രവമാലിന്യങ്ങള്‍, കെട്ടിടാവശിഷ്ടങ്ങള്‍, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍, ഇ-വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എന്നിവയുടെ ശാസ്ത്രീയമായ സംസ്‌കരണവും ഇതിന്റെ ഭാഗമായി ഒരുക്കും. ജനങ്ങളെയാകെ ബോധവല്‍ക്കരിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. മാലിന്യ സംസ്‌കരണം സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും സംസ്ഥാനത്താകെ കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികള്‍ സ്വീകരിക്കും. മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്കെതിരായി സങ്കുചിത താല്പര്യത്തോടെ ആസൂത്രിതമായി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങള്‍ കേരളത്തിന് ഇനിയും താങ്ങാനാവില്ല. അത്തരം പ്രതിഷേധങ്ങളെ ഇനിയും വകവെച്ചുകൊടുത്തുകൊണ്ട് മുന്നോട്ടു പോകാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാനായി രണ്ട് ഘട്ടങ്ങളായുള്ള സമഗ്ര പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. മാര്‍ച്ച് 13 മുതല്‍ മെയ് 31 വരെയും സെപ്തംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുമുള്ള രണ്ട് ഘട്ടങ്ങളായാണ് സര്‍ക്കാര്‍ ഇത് നടപ്പാക്കുക. ഉറവിട മാലിന്യസംസ്‌കരണം, അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണം, ഹരിതകര്‍മ സേനയുടെ സമ്പൂര്‍ണ വിന്യാസം, പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കല്‍, ജലസ്രോതസ്സുകളുടെ ശുചീകരണം എന്നിവ ഈ കര്‍മ്മപദ്ധതിയുടെ പ്രധാന ഉള്ളടക്കമാണ്. ഗാര്‍ഹിക ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള സാങ്കേതിക പിന്തുണ തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ലഭ്യമാക്കും. തദ്ദേശ സ്ഥാപന , ജില്ലാ, സംസ്ഥാന തലങ്ങളില്‍ വാര്‍ റൂമുകള്‍ സജ്ജീകരിക്കും, ജില്ലാതലത്തില്‍ എന്‍ഫോഴ്സ്മെന്റ് ടീമുകളും വിജിലന്‍സ് സ്‌ക്വാഡുകളും രൂപീകരിക്കും. കര്‍മ്മ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് തദ്ദേശ സ്ഥാപന തലത്തില്‍ സോഷ്യല്‍ ഓഡിറ്റും നടത്തും. ഇനിയും മെല്ലെപ്പോക്ക് ഇക്കാര്യങ്ങളില്‍ തുടരനാവില്ല. ദൃഢനിശ്ചയത്തോടെ സര്‍ക്കാര്‍ മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

തീപിടുത്തമുണ്ടായത് മുതല്‍ സര്‍ക്കാര്‍, ജില്ലാ ഭരണസംവിധാനം, കൊച്ചി കോര്‍പറേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മാര്‍ച്ച് മൂന്നിന് തന്നെ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. മാര്‍ച്ച് നാലിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം നടത്തുകയും സ്ഥിഗതികള്‍ വിലയിരുത്തുകയും അടിയന്തിര നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്തു. മാര്‍ച്ച് അഞ്ചിന് വ്യവസായ, ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാര്‍ കൊച്ചിയില്‍ ഉന്നതതല യോഗം ചേര്‍ന്ന് തീയണക്കുന്നതിനും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികള്‍ക്ക് വേഗം കൂട്ടി. തുടര്‍പ്രവര്‍ത്തനങ്ങള്‍ മന്ത്രിതലത്തില്‍ ഏകോപിപ്പിച്ചു. മാര്‍ച്ച് ഏഴിന് ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി. വ്യോമസേനയെയും വിന്യസിച്ചു.

മാര്‍ച്ച് എട്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രശ്‌നപരിഹാര ശ്രമങ്ങള്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ നിര്‍ദേശിച്ചു. മാര്‍ച്ച് പത്തിന് വ്യവസായ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാര്‍ ബ്രഹ്‌മപുരം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി. തുടര്‍ന്ന് മന്ത്രിമാര്‍ പങ്കെടുത്ത് ജനപ്രതിനിധികള്‍, ഫ്‌ളാറ്റ്-റസിഡന്‍സ് അസോസിയേഷന്‍, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികള്‍, ആരോഗ്യവിദഗ്ധര്‍ എന്നിവരുടെ യോഗങ്ങള്‍ പ്രത്യേകം പ്രത്യേകം ചേരുകയുണ്ടായി. മാര്‍ച്ച് 13ഓടുകൂടി തീ പൂര്‍ണമായും അണയ്ക്കാനായി. ചെറിയ തീപിടുത്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തുടര്‍ന്നും ജാഗ്രതയും മുന്‍കരുതലും പുലര്‍ത്തിവരുന്നുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

തീപിടുത്തമുണ്ടാവുകയും പുക പടരുകയും ചെയ്തതു മുതല്‍ ഏതൊരു അടിയന്തിര സാഹചര്യത്തെയും നേരിടാനുള്ള മുന്‍കരുതലും തയാറെടുപ്പും ആരോഗ്യ വകുപ്പ് സ്വീകരിക്കുകയുണ്ടായി. എറണാകുളം മെഡിക്കല്‍ കോളേജിലും രണ്ട് താലൂക്ക് ആശുപത്രികളിലും പ്രത്യേക വാര്‍ഡുകള്‍, ജില്ലാ ആശുപത്രിയില്‍ 100 ഓക്‌സിജന്‍ ബെഡുകള്‍, കളമശേരി ആശുപത്രിയില്‍ സ്മോക്ക് കാഷ്വാലിറ്റി എന്നിവയും അതിനു പുറമെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും പ്രവര്‍ത്തനക്ഷമമാക്കി. സ്വകാര്യ ആശുപത്രികളും ആരോഗ്യ രക്ഷാപ്രവര്‍ത്തങ്ങളില്‍ നന്നായി സഹകരിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ട് കണ്‍ട്രോള്‍ റൂമുകളും സജ്ജീകരിച്ചു. നാലാം തീയതി മുതല്‍ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം നിരന്തരം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി. ഗര്‍ഭിണികള്‍, കുട്ടികള്‍, വയോധികര്‍ എന്നിവര്‍ക്ക് പ്രത്യേകം ആരോഗ്യ സംരക്ഷണം സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നുമുള്ള നിര്‍ദേശവും നല്‍കി. പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുകയുണ്ടായി. ലഭ്യമായ കണക്കനുസരിച്ച് 1,335 പേരാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വൈദ്യസഹായം തേടിയത്. 128 പേര്‍ 10 വയസ്സില്‍ താഴെയുള്ള കുട്ടികളും 262 പേര്‍ 60 വയസ്സിനു മുകളിലുള്ളവരുമാണ്. 21 പേര്‍ക്കാണ് കിടത്തി ചികിത്സ ആവശ്യമായിവന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ആര്‍ക്കുമുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.