Connect with us

International

ചരിത്ര നേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ ഭാഗം വിജയകരമായി തിരിച്ചിറക്കി

വിക്ഷേപണം നടന്ന് 7 മിനിറ്റിനുശേഷമാണു സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ വിക്ഷേപണത്തറയിലേക്കു തിരിച്ചെത്തിയത്

Published

|

Last Updated

ടെക്സാസ് |  ബഹിരാകാശ വിക്ഷേപണത്തില്‍ ചരിത്രത്തിലെ തന്നെ മിന്നും നേട്ടവുമായി ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ്. ലോകത്തിലെ തന്നെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ഭാഗം വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ അതേ ലോഞ്ച്പാഡില്‍ വിജയകരമായി തിരിച്ചിറക്കിയാണ് സ്‌പേസ് എക്‌സ് ചരിത്രത്തിന്റെ ഭാഗമാകുന്നത്.തന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിൽ ഇതിന്റെ വിഡിയോ ഇലോൺ മസ്‌ക് പങ്കുവച്ചു

ഇത്രയും വലിയ റോക്കറ്റിന്റെ ഭാഗം തിരിച്ചിറക്കുന്നത് ലോകത്തിലെ തന്നെ ആദ്യ സംഭവമാണ്. സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ അഞ്ചാമത്തെ പരീക്ഷണത്തിലാണു സ്പേസ്എക്സ് നേട്ടം കൈവരിച്ചത്.
ടെക്‌സാസിലെ ബ്രൗണ്‍സ്വില്ലില്‍ വിക്ഷേപണം നടന്ന് 7 മിനിറ്റിനുശേഷമാണു സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ വിക്ഷേപണത്തറയിലേക്കു തിരിച്ചെത്തിയത്.121 മീറ്റര്‍ ഉയരമുള്ള സ്റ്റാര്‍ഷിപ്പിന് 100 മുതല്‍ 150 ടണ്‍ വരെ ഭാരമുള്ള വസ്തുക്കള്‍ ബഹിരാകാശത്തേക്ക് അയയ്ക്കാനാകും. ബഹിരാകാശത്തുവച്ച് രണ്ടാം ഘട്ടവുമായി വേര്‍പെട്ട ശേഷം, ഒന്നാം ഭാഗത്തെ ലോഞ്ച്പാഡില്‍ സ്‌പേസ് എക്‌സ് തിരിച്ചെത്തിക്കുകയായിരുന്നു. ബഹിരാകാശ വിനോദസഞ്ചാരത്തിനും ബഹിരാകാശത്തുനിന്ന് മടങ്ങുമ്പോള്‍ ഭൂമിയില്‍ സുരക്ഷിതമായി ഇറങ്ങുന്നതിനും ഈ പരീക്ഷണവിജയം ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍

അമേരിക്കയിലെ കാലിഫോര്‍ണിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ബഹിരാകാശ-സംരംഭമാണ് സ്‌പേസ് എക്‌സ് (സ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ടെക്‌നോളജീസ് കോര്‍പ്പറേഷന്‍). പെയ്പാലിന്റെയും ടെസ്ല മോട്ടോഴ്‌സിന്റെയും സ്ഥാപകനായ ഈലോണ്‍ മസ്‌ക് ആണ് ഇതിന്റെ സി ഇ ഒ.പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങൾ ഉപയോഗിച്ച് മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കൊണ്ടുപോകാൻ മസ്‌കിനു പദ്ധതിയുണ്ട്.

 


---- facebook comment plugin here -----