Connect with us

health

പ്രാണനെടുക്കുന്ന പ്രണയം; ആൺകുട്ടികളിലും ശ്രദ്ധ വേണം

ജീവിതത്തിൽ എങ്ങനെ പെരുമാറണം, എന്തൊക്കെ സഹിക്കണം എന്നത് പെൺകുട്ടികളെ മാത്രം പഠിപ്പിച്ചാൽ പോരാ.

Published

|

Last Updated

ജീവിതത്തിൽ എങ്ങനെ പെരുമാറണം, എന്തൊക്കെ സഹിക്കണം എന്നത് പെൺകുട്ടികളെ മാത്രം പഠിപ്പിച്ചാൽ പോരാ. എതിർലിംഗത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും മാറേണ്ടതിനെക്കുറിച്ചും മാതാപിതാക്കൾ ആൺകുട്ടികളോട് സംസാരിക്കേണ്ടിയിരിക്കുന്നു. സമപ്രായക്കാരിൽ നിന്ന് ലഭിക്കുന്ന പാതി വെന്ത അറിവുകൾ , കണ്ടു വളരുന്ന നടപ്പ് രീതി ഇതൊക്കെയാണ് ഒരു ശരാശരി ആൺകുട്ടിയുടെ പാഠപുസ്തകം. ശരീരം മാറുന്നതിനും മനസ്സ് മോഹിതമാകുന്നതിനും ഈ പാഠപുസ്തകങ്ങളിൽ നിന്നാണ് ഇവർക്ക് ഉത്തരം കിട്ടുന്നത്. മാതാപിതാക്കൾ ഒരു മാതൃക കാണിച്ചുകൊടുത്തെങ്കിൽ മാത്രമേ ആൺകുട്ടികൾ നല്ല സ്വഭാവം പഠിക്കുകയുള്ളൂ. സ്കൂളിൽ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ക്ലാസുകൾ മാത്രമേയുള്ളൂ. ലിംഗസമത്വം, ബന്ധങ്ങളിലെ ജനാധിപത്യം ഇതൊക്കെ ചർച്ചക്ക് വിധേയമാക്കേണ്ടതാണ്. സൗഹൃദം, ത്യാഗം, സമർപ്പണം എന്നീ ജീവിതസത്യങ്ങൾ ഇവർ മനസ്സിലാക്കണം.

ഇമോഷനൽ ഇമ്യൂണിറ്റി എന്ന് പറയപ്പെടുന്ന സമ്മർദങ്ങളെ നേരിടാനുള്ള മാനസിക പ്രതിരോധ ശക്തി പുതുതലമുറകൾക്ക് കുറയുന്നതും ഇത്തരം അറുകൊലകൾക്ക് ഒരു കാരണമാണ്. പ്രണയാഭ്യർഥന നിരസിക്കപ്പെടുന്പോൾ സ്വയം തകരുകയും മറ്റൊരാളെ തകർക്കാനുള്ള പ്രചോദനമുണ്ടാക്കുകയും ചെയ്യുന്നത്, മനുഷ്യന്റെ വൈകാരിക ബുദ്ധി കുറഞ്ഞുപോകുന്നതുകൊണ്ടാണ്. അതായത് ഇമോഷനൽ ഇന്റലിജന്റ്സ്. സമ്മർദങ്ങളെ നേരിടാനും അവയെ അതിജീവിക്കാനുമുള്ള കഴിവ് ചെറുപ്പം മുതൽ കുട്ടികളിൽ വളർത്തിയെടുത്താൽ മാത്രമേ ഇതിനൊരു പരിഹാരമാകുകയുള്ളൂ. തീയിൽ കുരുത്തത് വെയിലിൽ വാടില്ലെന്ന ആപ്തവാക്യം എത്ര അർഥവത്താണ് എന്ന് നമ്മൾ മനസ്സിലാക്കണം.

വിദേശ സിനിമാ സീരിയലുകളുടെ സ്വാധീനം

പണ്ടൊക്കെ സൈക്കോ ത്രില്ലർ സിനിമകളിൽ മാത്രമാണ് ഇരകളെ പീഡിപ്പിച്ച് കൊല്ലുന്നതും മറ്റും നാം കണ്ടിരുന്നത്. ഇന്റർനെറ്റിന്റെ വരവോടെ ഇത്തരത്തിലുള്ള ഏത് സിനിമയും സീരിയലും എപ്പോൾ വേണമെങ്കിലും കാണാമെന്ന സ്ഥിതി വന്നു. മാത്രമല്ല, വിദേശവത്കരണത്തിന്റെ മറ്റൊരു കറുത്ത മുഖമായും ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. വർഷങ്ങളോളം സ്വന്തം മകളെ തന്നെ വീടിന്റെ നിലവറയിൽ ബന്ധനസ്ഥയാക്കി പീഡിപ്പിച്ച കഥകളെല്ലാം പത്രത്തിൽ കൂടി മാത്രമേ നമ്മൾ വായിക്കാറുള്ളൂ. ഏതായാലും വിദേശവത്കരണവും വിദേശ ടി വി ചാനലുകളുടെ സ്വാധീനവുമെല്ലാം കൂട്ടിച്ചേർത്താൽ ഇത്തരത്തിലുള്ള കാര്യങ്ങളിലും മലയാളി വിദേശികളുടെ നിലവാരത്തിലേക്കെത്തി എന്ന് മനസ്സിലാക്കാൽ സാധിക്കും.

നീതിന്യായ
വ്യവസ്ഥയിലെ പാളിച്ച

സമൂഹത്തിൽ അസാധാരത്തിൽ അസാധാരണമായ കുറ്റങ്ങൾ സംഭവിക്കുകയാണെങ്കിൽ എത്രയും നേരത്തെ കുറ്റക്കാരനെ കണ്ടെത്തി നിയമ വ്യവസ്ഥയിൽ പരമാവധി കൊടുക്കാവുന്ന ശിക്ഷ ഉറപ്പാക്കുകയും അത് ഉടനടി നടപ്പിലാക്കുകയും ചെയ്താൽ മാത്രമേ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുകയുള്ളൂ. നിർഭാഗ്യവശാൽ നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ പ്രതിയെ കുറ്റവിമുക്തനാക്കാനുതകുന്ന നിരവധി പഴുതുകൾ കേസ് ഡയറിയിൽ തിരുകിക്കയറ്റിയിരിക്കും. ഇനി കുറ്റാരോപിതർ തന്നെയായാലും ശിക്ഷ വിധിക്കാനും ശിക്ഷ നടപ്പിലാക്കാനും വർഷങ്ങളോളം സമയമെടുക്കും. അതുകൊണ്ടുതന്നെ അക്രമികൾക്ക് രക്ഷപ്പെടാനുള്ള എല്ലാവിധ സാഹചര്യങ്ങളും ഇന്നത്തെ നീതിന്യായ വ്യവസ്ഥയിൽ നിലനിൽക്കുന്നു. ഇതിനെയെല്ലാം അതിജീവിക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ കൂടി വരേണ്ടിയിരിക്കുന്നു.