Connect with us

Editorial

നീതിപീഠത്തിലും വേണം സാമൂഹികനീതി

ജുഡീഷ്യറിയിലെ കൊടികുത്തിവാഴുന്ന ജാതീയതയിലേക്ക് ശക്തമായി വിരല്‍ ചൂണ്ടുന്നതാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി രാഷ്ട്രപതിക്കയച്ച കത്ത്.

Published

|

Last Updated

ജുഡീഷ്യറിയിലെ കൊടികുത്തിവാഴുന്ന ജാതീയതയിലേക്ക് ശക്തമായി വിരല്‍ ചൂണ്ടുന്നതാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി രാഷ്ട്രപതിക്കയച്ച കത്ത്. ജഡ്ജിമാരുടെ നിയമനങ്ങളില്‍ മതന്യൂനപക്ഷങ്ങളും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളും പാടേ അവഗണിക്കപ്പെടുന്നതായും 2021 മുതല്‍ 2026 വരെയുള്ള വര്‍ഷങ്ങളില്‍ നിയമിക്കപ്പെട്ടവരില്‍ 80 ശതമാനത്തോളം മുന്നാക്ക സമുദായങ്ങളില്‍ നിന്നുള്ളവരാണെന്നും കത്തില്‍ ജസ്റ്റിസ് ഗവായി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ജനസംഖ്യയില്‍ അഞ്ച് ശതമാനം മാത്രം വരുന്ന വിഭാഗത്തിനാണ് സുപ്രീം കോടതി ജഡ്ജിമാരിലെ 40 ശതമാനത്തില്‍ കൂടുതല്‍ പ്രാതിനിധ്യമെന്നും കത്തില്‍ പറയുന്നു. ഇതേത് സമുദായമാണെന്ന് അദ്ദേഹം തുറന്നുപറയുന്നില്ലെങ്കിലും ബ്രാഹ്മണവിഭാഗത്തെയാണ് ഉദ്ദേശിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് 2025 മാര്‍ച്ചില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ രാജ്യസഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ ഗവായി തന്റെ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 2018 മുതല്‍ ഹൈക്കോടതികളിലേക്ക് നിയമിക്കപ്പെട്ട 715 പേരില്‍ പട്ടികജാതി വിഭാഗക്കാരുടെ പ്രാതിനിധ്യം 22ഉം പട്ടികവര്‍ഗത്തിന്റേത് 16ഉം മറ്റു പിന്നാക്കവിഭാഗക്കാരുടേത് 89ഉം മതന്യൂനപക്ഷ വിഭാഗക്കാരുടേത് 37ഉം മാത്രം. നിയമിതരില്‍ നാലില്‍ മൂന്ന് പേരും മുന്നാക്ക ജാതിക്കാരാണ്. 2021-26 കാലയളവില്‍ നിയമിതരായവരില്‍ 80 ശതമാനവും മുന്നാക്ക ജാതിയിൽപ്പെട്ടവരാണ്. ഇക്കാലയളവില്‍ ഒ ബി സി വിഭാഗങ്ങള്‍ക്ക് ലഭിച്ച പ്രാതിനിധ്യം 14 ശതമാനവും. 2023ല്‍ “പേഴ്‌സനല്‍, പബ്ലിക് ഗ്രീവന്‍സസ്, ലോ ആൻഡ് പാര്‍ലിമെന്റ്സമിതി’യും ഉന്നത കോടതികളിലെ നിയമനങ്ങളില്‍ പിന്നാക്ക- ന്യൂനപക്ഷങ്ങളുടെ എണ്ണം വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഈ അസന്തുലിതാവസ്ഥ സമീപകാലത്ത് തുടങ്ങിയതല്ല. ജുഡീഷ്യറിയുടെ തുടക്കം തൊട്ടേ നിലവിലുള്ളതാണ്. 1950 മുതല്‍ 1989 വരെയുള്ള കാലയളവില്‍ നിയമിതരായ സുപ്രീം കോടതി ജഡ്ജിമാരില്‍ 70 ശതമാനത്തോളം മുന്നാക്ക സമുദായക്കാരായിരുന്നുവെന്ന് ഈ നാല് പതിറ്റാണ്ടിലെ ജഡ്ജിമാരുടെ സാമൂഹിക പശ്ചാത്തലം സംബന്ധിച്ച പഠനം വെളിപ്പെടുത്തുന്നു. 1950ല്‍ നിലവില്‍ വന്ന സുപ്രീം കോടതിയില്‍, പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഒരു ജഡ്ജി നിയമിതനാകാന്‍ 1980 വരെ കാത്തുനില്‍ക്കേണ്ടി വന്നു. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഒരു ന്യായാധിപന്‍ ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്നത് 2007ലാണ്. ജസ്റ്റിസ് കെ ജി ബാലകൃഷ്ണനായിരുന്നു അത്. സുപ്രീം കോടതി ജഡ്ജിമാരിലെ പട്ടികജാതി വിഭാഗക്കാരുടെ പ്രാതിനിധ്യം ഇന്നും വിരലിലെണ്ണാകുന്നത് മാത്രമാണ്.

ജഡ്ജിമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടും ജസ്റ്റിസ് ഗവായി ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ശിക്ഷാനടപടിയുടെ ഭാഗമായി ഒരു ഹൈക്കോടതിയില്‍ നിന്ന് മറ്റൊരു ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ ജഡ്ജിക്ക് പിന്നീട് പ്രമുഖ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് സ്ഥാനം നല്‍കിയതും മറ്റൊരാള്‍ക്ക് വഴിയൊരുക്കാനായി മികവുറ്റ ഒരു ചീഫ് ജസ്റ്റിസിനെ ചെറിയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതും കത്തില്‍ അദ്ദേഹം എടുത്തുപറയുന്നുണ്ട്. സ്ഥലംമാറ്റം ഭരണപരമായ ആവശ്യങ്ങള്‍ക്കുപരി വ്യക്തികളെ പ്രീതിപ്പെടുത്തുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള ഉപാധിയാക്കുകയാണന്ന സന്ദേഹം ഉയരുന്നത് നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കും. വ്യക്തമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കണം ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവുമെല്ലാം. അതില്‍ പക്ഷപാതിത്വവും വ്യക്തിതാത്പര്യവും കടന്നുവരരുത്.
ജാതീയതയോ സാമുദായിക പ്രാതിനിധ്യമോ അല്ല, നിയമപാണ്ഡിത്യം, പ്രവൃത്തിപരിചയം, ഹൈക്കോടതികളിലെ സീനിയോറിറ്റി എന്നിവയാണ് ജഡ്ജിമാരുടെ നിയമനത്തില്‍ പരിഗണിക്കേണ്ടതെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ പാണ്ഡിത്യത്തിനും വിധിന്യായങ്ങളിലെ മികവിനുമൊപ്പം ജാതി- സാമുദായിക പരിഗണനയും ഈ രംഗത്ത് അനിവാര്യമാണ്. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള അനുഭവങ്ങളും ജീവിതപരിസരത്തെക്കുറിച്ചുള്ള ധാരണകളും നീതിന്യായ കാഴ്ചപ്പാടിനെ സമ്പന്നമാക്കുന്ന ഘടകങ്ങളാണ്. ദാരിദ്ര്യം, ജാതിവിവേചനം, ലിംഗപരമായ അസമത്വം, മതന്യൂനപക്ഷങ്ങളുടെ അവകാശനിഷേധം, ആദിവാസി സമൂഹങ്ങളുടെ ഭൂമിയും ജീവിതവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം കോടതികളുടെ പരിഗണനക്കെത്തുന്നുണ്ട്. ഇത്തരം വിഷയങ്ങളുടെ യാഥാര്‍ഥ്യങ്ങള്‍ നേരിട്ടറിയുന്ന സാമൂഹിക പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍ക്ക് നീതിന്യായ സംവിധാനത്തില്‍ കൂടുതല്‍ പങ്കാളിത്തം ലഭിക്കുന്നത് നീതിയുടെ വിശാല കാഴ്ചപ്പാടിന് സഹായകമാകും. ജൂഡീഷ്യറിയിലെ സാമുദായിക പ്രാതിനിധ്യം കേവലം കണക്കുകളായി ചുരുക്കിക്കാണരുത്. ഭരണകൂടവും നിയമനിര്‍മാണ സഭകളും ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ ജനം അവസാനമായി ആശ്രയിക്കുന്നത് നീതിന്യായ സംവിധാനത്തെയാണ്. അധികാര ദുര്‍വിനിയോഗം, ജാതി വിവേചനം, ഭരണഘടനാ അവകാശങ്ങളുടെ ലംഘനം തുടങ്ങിയ വിഷയങ്ങളില്‍ പൗരന്മാർ ആശ്രയിക്കുന്നത് കോടതിയെയാണ്. അതിനകത്ത് തന്നെ സാമൂഹിക അസമത്വവും ജാതിവിവേചനവും നിലനില്‍ക്കുകയാണെങ്കില്‍ പിന്നെ എവിടെയാണ് അഭയം? സുപ്രീം കോടതിയും സര്‍ക്കാറും ജസ്റ്റിസ് ഗവായി ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ കൃത്യമായി പഠിച്ചും വിലയിരുത്തിയും പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ജഡ്ജി നിയമനത്തിന് സുതാര്യമായ മാനദണ്ഡങ്ങള്‍ രൂപവത്കരിക്കുകയും പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് യോഗ്യരായവരെ കണ്ടെത്തുന്നതിനുളള സജീവ നടപടികള്‍ സ്വീകരിക്കുകയും വേണം. നീതി എല്ലാവര്‍ക്കും ലഭ്യമാകണമെങ്കില്‍ നീതി നടപ്പാക്കുന്ന സംവിധാനത്തില്‍ എല്ലാവര്‍ക്കും ഇടമുണ്ടാകണം.

---- facebook comment plugin here -----

Latest