National
സ്കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തി; 150 ഓളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
സംഭവത്തെത്തുടർന്ന് രോഷാകുലരായ രക്ഷിതാക്കൾ സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു
സഹർസ | ബിഹാറിലെ സഹർസ ജില്ലയിലുള്ള ബാലുവഹ ഗ്രാമത്തിലെ മിഡിൽ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച നൂറുകണക്കിന് വിദ്യാർത്ഥികളെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. സ്കൂളിൽ തയ്യാറാക്കിയ ഉച്ചഭക്ഷണം കഴിച്ച ഉടൻ തന്നെ കുട്ടികൾക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഭക്ഷണത്തിനായി കരുതിയിരുന്ന പാത്രങ്ങളിൽ ഒന്നിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിനെയും ആരോഗ്യവകുപ്പിനെയും വിവരമറിയിച്ചു.
സ്കൂളിലുണ്ടായിരുന്ന 545 വിദ്യാർത്ഥികളിൽ 200 ഓളം പേർ പാമ്പിനെ കാണുന്നതിന് മുമ്പ് തന്നെ ഭക്ഷണം കഴിച്ചിരുന്നു. ഇതിൽ 150 ഓളം കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. അൻപതോളം കുട്ടികളെ മഹിഷി പബ്ലിക് ഹെൽത്ത് സെന്ററിലും 115 കുട്ടികളെ സദർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവത്തെത്തുടർന്ന് രോഷാകുലരായ രക്ഷിതാക്കൾ സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു. എൻ ജി ഒ തയ്യാറാക്കി നൽകുന്ന ഭക്ഷണമാണ് സ്കൂളിൽ വിതരണം ചെയ്യുന്നത്. സംഭവത്തിൽ ബിഹാർ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മജിസ്ട്രേറ്റ് ദീപേശ് കുമാർ സ്കൂൾ സന്ദർശിക്കുകയും ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു. സ്കൂൾ അധികൃതരുടെയും ഭക്ഷണം വിതരണം ചെയ്യുന്ന ഏജൻസിയുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Summary
More than 150 students of a government middle school in Bihar’s Saharsa district were hospitalized after a baby snake was allegedly found in their mid-day meal. The students complained of stomach aches and vomiting shortly after consuming the food provided by an NGO. District officials have initiated a probe into the matter and collected food samples for lab testing, while the children are reported to be out of danger.







