Connect with us

Kerala

കള്ളക്കടത്ത് സ്വർണം 'പൊട്ടിക്കാനെ'ത്തിയ ആറ് പേർ കരിപ്പൂരിൽ പിടിയിൽ

പിടികൂടിയ ആളുകളുമായി കസ്റ്റംസ് വാഹനത്തിൽ വരുന്ന സമയത്താണ് പൊട്ടിക്കൽ സംഘത്തിലെ ആറ് പേരും വാഹനത്തിന് അടുത്തെത്തിയത്.

Published

|

Last Updated

കോഴിക്കോട് | വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തട്ടാന്‍ (പൊട്ടിക്കൽ സംഘം) എത്തിയ ആറ് പേരെ കരിപ്പൂർ പോലീസ് പിടികൂടി. പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ മുഹമ്മദ് സുഹൈല്‍, അന്‍വര്‍ അലി, മുഹമ്മദ് ജാബിര്‍, അമല്‍ കുമാര്‍, ഒറ്റപ്പാലം സ്വദേശി മുഹമ്മദലി, മണ്ണാര്‍ക്കാട് സ്വദേശി ബാബുരാജ് എന്നിവരാണ് പിടിയിലായത്. 1.75 കോടി രൂപ വിലവരുന്ന 3.18 കിലോയോളം സ്വർണമാണ് മൂന്ന് പേർ കടത്തിയത്.

ഇവരെ മഫ്തി പോലീസുകാരെന്ന വ്യാജേന വാഹനത്തിൽ കയറ്റി കൊണ്ടുപോകാനായിരുന്നു ശ്രമം. എന്നാൽ വിമാനത്താവളത്തിൽവെച്ച് സ്വർണം കടത്തിയ മൂന്ന് പേരും കസ്റ്റംസിന്റെ പിടിയിലായി. പിടികൂടിയ ആളുകളുമായി കസ്റ്റംസ് വാഹനത്തിൽ വരുന്ന സമയത്താണ് പൊട്ടിക്കൽ സംഘത്തിലെ ആറ് പേരും വാഹനത്തിന് അടുത്തെത്തിയത്. തുടർന്നാണ് കരിപ്പൂർ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

കടത്തിയവരിൽ ഒരാളാണ് പൊട്ടിക്കൽ സംഘത്തിന് വിവരം ചോർത്തിയത്. കാരിയർമാർ കടത്തിക്കൊണ്ട് വരുന്ന സ്വർണം വിമാനത്താവളത്തിന് പുറത്തുവെച്ച് കവർച്ച ചെയ്യുന്ന സംഘത്തെയാണ് പൊട്ടിക്കൽ സംഘം എന്ന് വിശേഷിപ്പിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

തന്റെ കൂടെ രണ്ട് പേർ വരുന്നുണ്ടെന്നും അവരുടെ കൈയിൽ സ്വർണമുണ്ടെന്നും ഇത് തട്ടിയെടുക്കാമെന്നുമാണ് ഒരാൾ വിവരം നൽകിയത്. പൊട്ടിക്കൽ സംഘത്തിലെ ആറ് പേർക്കും ഒരാൾക്കുമുൾപ്പെടെ ഏഴ് പേർക്ക് ഈ സ്വർണം വീതിച്ചെടുക്കാമെന്നായിരുന്നു പദ്ധതി.