National
ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണം; സുഹൃത്ത് ശേഖര്‍ ജ്യോതി ഗോസ്വാമി അറസ്റ്റില്‍
സെപതംബര്‍ 19 ന് സിങ്കപ്പൂരില്‍ വെച്ചുണ്ടായ ഒരു സ്‌കൂബ ഡൈവിങ് അപകടത്തിലാണ് സുബീന്‍ ഗാര്‍ഗ് മരിച്ചത്.

കൊല്‍ക്കത്ത|അന്തരിച്ച പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സംഗീതജ്ഞനുമായ ശേഖര്‍ ജ്യോതി ഗോസ്വാമി അറസ്റ്റില്‍. ശേഖര്‍ ജ്യോതിയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം പ്രത്യക അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. സിങ്കപ്പൂരില്‍ സുബീന്‍ കയറിയ യാത്രാബോട്ടില്‍ ഒപ്പമുണ്ടായിരുന്നയാളാണ് ശേഖര്‍ ജ്യോതി. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണത്തിന് പോലീസ് തയ്യാറായിട്ടില്ല.
സെപ്തംബര്‍ 19 ന് സിങ്കപ്പൂരില്‍ വെച്ചുണ്ടായ ഒരു സ്‌കൂബ ഡൈവിങ് അപകടത്തിലാണ് ഗായകന്‍ സുബീന്‍ ഗാര്‍ഗ് മരിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് ഉറപ്പാക്കാന്‍ രണ്ടാമത്തെ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമായിരുന്നു സംസ്‌കാരം. എന്നാല്‍ പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക അന്വേഷണസംഘത്തെ വച്ച് അന്വേഷണം നടത്തുന്നത്.
സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സ്പെഷ്യല്‍ ഡിജിപി എംപി ഗുപ്തയുടെ നേതൃത്വത്തില്‍ 10 അംഗ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ സംഘാടകന്‍ ശ്യാംകാനു മഹന്ത, സുബീന്റെ മാനേജര്‍ സിദ്ധാര്‍ത്ഥ് ശര്‍മ്മ എന്നിവരുടെ വീടുകളിലും അന്വേഷണസംഘം പരിശോധന നടത്തി. അന്വേഷണസംഘം മഹന്തയുടെ വീട്ടിലെത്തിയപ്പോള്‍ രണ്ട് സഹായികള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. സിദ്ധാര്‍ഥ് ശര്‍മയുടെ അപ്പാര്‍ട്ടുമെന്റ് പൂട്ടിക്കിടക്കുകയായിരുന്നു. ഒടുവില്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്.