Connect with us

Kannur

മദ്യപാനത്തിനിടെ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തിയ എസ് ഐ അറസ്റ്റില്‍

സംഭവം നടന്ന് സജീവന്റെ മൃതദേഹം രണ്ട് മണിക്കൂറോളം അടുക്കള മുറ്റത്ത് കിടക്കുകയായിരുന്നു.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂരിൽ ചുമട്ട് തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ് ഐ അറസ്റ്റില്‍. മയ്യില്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ. എ ദിനേശനെയാണ് മയ്യില്‍ സി ഐ. ടി പി സുമേഷ് അറസ്റ്റ് ചെയ്തത്. മയ്യില്‍ കൊളച്ചേരിപ്പറമ്പിലെ കൊമ്പന്‍ ഹൗസില്‍ സജീവനെ(55)യാണ് സുഹൃത്തും എസ്‌ ഐയുമായ എ ദിനേശന്റെ വീടിനകത്ത് കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പക്ഷാഘാതം കാരണം കുറച്ച് കാലമായി ദിനേശന്‍ ജോലിക്ക് പോകാറില്ലായിരുന്നു. പതിവായി മദ്യപിക്കുന്ന ഇരുവരും ബുധനാഴ്ച വൈകുന്നേരം അടുക്കളഭാഗത്തെ വര്‍ക്ക് ഏരിയയില്‍ വെച്ച് മദ്യപിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കമുണ്ടായെന്നും താന്‍ വിറകുകൊളളിയെടുത്ത് കാലിന് അടിച്ചുവെന്നുമാണ് എ സി പി. ടി കെ രത്‌നകുമാറിനോട് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. സജീവന്റെ തലക്ക് മുന്‍ഭാഗത്തും കാലിനും ആഴത്തില്‍ മുറിവേറ്റതായി കാണാനുണ്ട്. അടിയേറ്റ് വീണപ്പോഴാണോ ഈ മുറിവ് സംഭവിച്ചതെന്നും സംശയമുണ്ട്.

സംഭവം നടന്ന് സജീവന്റെ മൃതദേഹം രണ്ട് മണിക്കൂറോളം അടുക്കള മുറ്റത്ത് കിടക്കുകയായിരുന്നു. പുറത്തുപോയി വന്ന ഭാര്യയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. പരേതനായ കുഞ്ഞപ്പയുടെയും ലീലയുടെയും മകനാണ് സജീവന്‍. അങ്കൺവാടി വര്‍ക്കറായ ഗീതയാണ് ഭാര്യ. മക്കള്‍: സ്വേത (നഴ്‌സിംഗ് വിദ്യാർഥി, ബംഗളൂരു), ശ്രേയ (വിദ്യാര്‍ഥി). സഹോദരങ്ങള്‍: പുഷ്പജന്‍, മാലതി, ശോഭ, അനിത, അജിത.

 

Latest