Connect with us

sreeram venkittaraman

ശ്രീറാമിൻ്റെത് നാണംകെട്ട പടിയിറക്കം

ജില്ലയുടെ 55ാമത്തെ കലക്ടര്‍ക്കാണ് ഈ നാണംകെട്ട പടിയിറക്കമുണ്ടായത്.

Published

|

Last Updated

ആലപ്പുഴ | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍, പുറത്താക്കപ്പെട്ടത് ജില്ലാ കലക്ടറായി ചുമതലയേറ്റ് ആറാം നാള്‍.  ജനകീയ പ്രതിഷേധങ്ങള്‍ക്കും കരിങ്കൊടിക്കും നടുവില്‍ ചുമതലയേറ്റ ജില്ലയുടെ 55ാമത്തെ കലക്ടര്‍ക്കാണ് ഈ നാണംകെട്ട പടിയിറക്കമുണ്ടായത്. കേരള മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിലുള്ള കനത്ത പ്രക്ഷോഭമാണ് ഇതോടെ വിജയം കണ്ടത്. നിയമന വാർത്ത പുറത്തുവന്നത് മുതൽ മുസ്ലിം ജമാഅത്ത് പ്രക്ഷോഭവുമായി രംഗത്തെത്തി.

കഴിഞ്ഞ ബുധനാഴ്ചയാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എം ഡി ആയിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഭാര്യ ഡോ.രേണുരാജില്‍ നിന്നും ജില്ലാ കലക്ടറായി ചുമതലയേറ്റത്. യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തോടെയാണ് ചുമതലയേറ്റത്. മാധ്യമപ്രവര്‍ത്തകരുടെ യൂനിയനുകളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. കോണ്‍ഗ്രസും ലീഗും പ്രത്യേകം പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗങ്ങള്‍ ലീഗും കോണ്‍ഗ്രസും ബഹിഷ്‌കരിച്ചതും ജനങ്ങള്‍ കലക്ടറുമായി അകലം പാലിച്ചതും സര്‍ക്കാറിന് തലവേദന സൃഷ്ടിച്ചു.

കലക്ടറെ മാറ്റും വരെ പ്രത്യക്ഷ സമരം സംഘടിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന ജില്ലാ യു ഡി എഫ് നേതൃയോഗം തീരുമാനിച്ചിരുന്നു. സൂചനാ സമരത്തിന്റെ ഭാഗമായി ആറാം തീയതി കലക്ട്രേറ്റ് വളയാനും തീരുമാനിച്ചു. ബഷീര്‍ അനുസ്മരണ ദിനമായ നാളെ സിറാജ് ജീവനക്കാര്‍ കലക്ടറേറ്റിന് മുന്നില്‍ ഏകദിന സത്യഗ്രഹം ആസൂത്രണം ചെയ്തിരുന്നു. കനത്ത മഴയും കാറ്റും പ്രളയവും പടിവാതിൽക്കല്‍ എത്തിനില്‍ക്കുമ്പോള്‍, ശ്രീറാമിൻ്റെ നേതൃത്തിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവും സര്‍ക്കാറിനുണ്ടായി. പകരമെത്തുന്നത് 2018ലെ മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ആലപ്പുഴയുടെ മുന്‍ സബ്കലക്ടര്‍ കൂടിയായ കൃഷ്ണതേജയാണ്. ആലപ്പുഴയുടെ സ്പന്ദനമറിഞ്ഞ ഉദ്യോഗസ്ഥനാണ് കൃഷ്ണതേജ.